ന്യൂദല്‍ഹി: ഡൗ കെമിക്കല്‍സ് പ്രശ്‌നത്തില്‍ ഇന്ത്യ ഒളിമ്പിക്‌സ് ബഹിഷ്‌കരിക്കുകയാണെങ്കില്‍ അത് ദു:ഖകരമായിരിക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍. ഡൗ കെമിക്കല്‍സ് ഒരു അറിയപ്പെടുന്ന കമ്പനിയാണെന്നും ഒളിമ്പിക്‌സിനെ വ്യാവസായിക രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി ഉപയോഗിക്കരുതെന്നും അദ്ദേഹം പറഞ്ഞു. ഒരു ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഡേവിഡ് കാമറൂണ്‍.

ലണ്ടന്‍ ഒളിമ്പിക്‌സ് ഇന്ത്യ ബഹിഷ്‌കരിക്കുകയാണെങ്കില്‍ അത് ഏറെ ദു:ഖകരമായ നിമിഷമായിരിക്കും. ഭോപ്പാല്‍ ദുരന്തത്തില്‍ പരുക്കേറ്റവരോടും മരണപ്പെട്ടവരോടും തനിക്ക് സിമ്പതിയുണ്ട്. എന്നാല്‍ ഇതിനെതിരെ പ്രതിഷേധിക്കേണ്ടത് ഒളിമ്പിക്‌സ് ബഹിഷ്‌കരിച്ചുകൊണ്ടാവരുതെന്നും കാമറൂണ്‍ വ്യക്തമാക്കി.

‘ ഈ പ്രശ്‌നം ഇന്റര്‍നാഷണല്‍ ഒളിമ്പിക്‌സ് കമ്മിറ്റിയുടെ ശ്രദ്ധയില്‍പ്പെടുത്തും. പക്ഷെ ഒരു ബഹിഷ്‌കരണം ഒരിക്കലും നല്ല രീതിയല്ല. ഇന്ത്യന്‍ അതല്റ്റുകളുടെ കാര്യത്തില്‍ എനിക്ക് ദു:ഖമുണ്ട്. ഇന്ത്യയുടെ കാര്യത്തിലും. എനിക്ക് വലിയ നിരാശയുണ്ട്. പക്ഷെ ആളുകളോട് ഇവിടെ വന്നേ തീരൂ എന്ന് എനിക്ക് പറയാനാവില്ല. എന്റെ എല്ലാ ഉത്തരവാദിത്തവും ഞാന്‍ നിറവേറ്റിയിട്ടുണ്ട്. ഇന്ത്യന്‍ അത്‌ലറ്റുള്‍ ഒളിമ്പിക്‌സില്‍ പങ്കെടുക്കുമെന്നുതന്നെയാണ് പ്രതീക്ഷ.’ അദ്ദേഹം പറഞ്ഞു.

Malayalam news
Kerala news in English