ന്യൂദല്‍ഹി: ഭോപ്പാല്‍ ദുരന്തത്തിന്റെ പേരില്‍ ഇന്ത്യയില്‍ വിചാരണ നേരിടുന്ന ഡൗ കെമിക്കല്‍സിനെ 2012 ലണ്ടന്‍ ഒളിംപിക്‌സിന്റെ മുഖ്യ സ്‌പോണ്‍സര്‍ ആക്കുന്നതിനെതിരെയുള്ള ഇന്ത്യയുടെ എതിര്‍പ്പ് അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി (ഐ.ഒ.സി) അവഗണിച്ചു. ഡൗ കെമിക്കല്‍സ് ഒളിംപിക്‌സ് സ്‌പോണ്‍സറായിരിക്കുമെന്ന് ഐ.ഒ.സി ഇന്ത്യന്‍ ഒളിംപിക് അസോസിയേഷനെ അറിയിച്ചു.

1984ല്‍ നടന്ന ഭോപ്പാല്‍ ദുരന്തത്തില്‍ അഗാധമായ ദുഃഖമുണ്ട്. എന്നാല്‍, ദുരന്തം നടന്ന് 16 വര്‍ഷത്തിനു ശേഷം 2000 വരെ ഡൗ കെമിക്കല്‍സിന് ഭോപ്പാല്‍ ദുരന്തത്തിന് കാരണക്കാരായ യൂണിയന്‍ കാര്‍ബൈഡില്‍ ഓഹരികഖള്‍ ഇല്ലായിരുന്നു. സ്‌പോണ്‍സര്‍ഷിപ്പ് കരാര്‍ സംസാരിക്കുമ്പോള്‍ ഐ.ഒ.സി കമ്മിറ്റിക്ക് ഭോപ്പാല്‍ ദുരന്തത്തെകുറിച്ച് അറിവുണ്ടായിരുന്നുവെന്നും ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ ആക്ടിംഗ് പ്രസിഡന്റ് വിജയക് കുമാര്‍ മല്‍ഹോത്രക്ക് ഐ.ഒ.സി നല്‍കിയ കത്തില്‍ പറയുന്നു.

ദുരന്തത്തിന്റെ അനന്തരഫലങ്ങള്‍ അനുഭവിക്കുന്ന ഇന്ത്യയിലെ ജനതയോട് തങ്ങള്‍ക്ക് സഹതാപമുണ്ട്. ഇന്ത്യയിലെ സുപ്രീംകോടതിയുടെ നിര്‍ദ്ദേശപ്രകാരം അമേരിക്ക 470 മില്യണ്‍ ഡാളര്‍ നഷ്ടപരിഹാരമായി നല്‍കിയതാണെന്നും ഐ.ഒ.സി കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

കഴിഞ്ഞ ഡിസംബറിലാണ് ഡൗ കെമിക്കല്‍സിനെ ഒളിമ്പിക്‌സിന്റെ സ്‌പോണ്‍സറാക്കുന്നതിനെതിരെ ഇന്ത്യ ഐ.ഒ.സിക്ക് കത്ത് നല്‍കിയത്. ഐ.ഒ.സിയും ഡൗ കെമിക്കല്‍സുമായി 70 ലക്ഷം പൗണ്ടിന്റെ സ്‌പോണ്‍സര്‍ഷിപ്പ് കരാറാണുളളത്. ഡൗ കെമിക്കല്‍സിന്റെ സ്‌പോണ്‍സര്‍ഷിപ്പിനെതിരായ പ്രതിഷേധത്തെ തുടര്‍ന്ന് 2012 ലണ്ടന്‍ ഒളിമ്പിക്‌സിന്റെ സസ്‌റ്റെയിനബിലിറ്റി കമ്മീഷണര്‍ മെറിഡിത് അലക്‌സാണ്ടര്‍ രാജിവെച്ചിരുന്നു.

Malayalam News

Kerala News In English