എഡിറ്റര്‍
എഡിറ്റര്‍
കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഡൗ കെമിക്കല്‍സ് പങ്കാളിയായിരുന്നെന്ന് വെളിപ്പെടുത്തല്‍
എഡിറ്റര്‍
Monday 12th March 2012 11:30am

ന്യൂദല്‍ഹി: കോമണ്‍വെല്‍ത്ത് ഗെയിംസിനെച്ചൊല്ലി പുതിയ വിവാദം. 2010ല്‍ ഇന്ത്യയില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഡൗ കെമിക്കല്‍സിന് പങ്കാളിത്തമുണ്ടായിരുന്നുവെന്ന വെളിപ്പെടുത്തലാണ് വിവാദമായിരിക്കുന്നത്. ഭോപ്പാല്‍ ദുരന്തത്തിന് കാരണക്കാരായ ഡൗ കെമിക്കല്‍സ് ലണ്ടന്‍ ഒളിമ്പിക്‌സിന്റെ സ്‌പോണ്‍സര്‍ഷിപ്പ് ഏറ്റെടുത്തതിനെതിരെ ഇന്ത്യ വലിയ പ്രതിഷേധമുയര്‍ത്തുമ്പോള്‍, നേരത്തെ ഇന്ത്യതന്നെ ഈ കമ്പനിയുടെ സ്‌പോണ്‍സര്‍ഷിപ്പ് സ്വീകരിച്ചുവെന്നത് ഞെട്ടലുണ്ടാക്കുന്നതാണ്.

ഡൗ കെമിക്കല്‍സിന്റെ സ്‌പോണ്‍സര്‍ഷിപ്പ് ഒഴിവാക്കിയില്ലെങ്കില്‍ ലണ്ടന്‍ ഒളിമ്പിക്‌സിന്റെ ഉദ്ഘാടന ചടങ്ങ് ബഹിഷ്‌കരിക്കുമെന്ന് ഇന്ത്യ പ്രഖ്യാപിച്ചിട്ടുണ്ട്.  എന്നാല്‍ ഇത്തരം പ്രഖ്യാപനങ്ങളെല്ലാം പ്രഹസനമാണെന്നും ഭോപ്പാല്‍ മനുഷ്യാവകാശ ഗ്രൂപ്പുകളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി ഇന്ത്യന്‍ ഒളിമ്പിക്‌സ് അസോസിയേഷന്‍ നടത്തുന്ന നാടകമാണിതെന്നും തെളിയിക്കുന്നതാണ് പുതിയ വെളിപ്പെടുത്തല്‍.

ഭോപ്പാല്‍ ദുരന്തത്തിന് ശേഷം നടന്ന മിക്കവാറും ഒളിമ്പിക്‌സുകളില്‍ ഡൗ കെമിക്കല്‍സ് സ്‌പോണ്‍സര്‍മാരായിരുന്നു. അന്നൊന്നും ചെറുവിരലനക്കാന്‍ ഇന്ത്യന്‍ ഒളിമ്പിക്‌സ് അസോസിയേഷന്‍ തയ്യാറായിരുന്നില്ല. മാത്രമല്ല, ന്യൂദല്‍ഹിയില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഡൗ കെമിക്കല്‍സുമായി കോടിക്കണക്കിന് രൂപയുടെ കരാറിലേര്‍പ്പെട്ടിരുന്നവെന്നാണ് വിവിധ മാധ്യമങ്ങള്‍ നടത്തിയ അന്വേഷണത്തില്‍ വ്യക്തമായത്. ഗെയിംസ് വില്ലേജ് നിര്‍മിച്ചപ്പോള്‍ ഇന്‍സുലേഷന്‍ മെറ്റീരിയല്‍ വാങ്ങിയത് ഡൗ കെമിക്കല്‍സില്‍ നിന്നായിരുന്നുവെന്നാണ് വെളിപ്പെടുത്തല്‍.

സ്റ്റിറോഫോം എന്ന ബ്രാന്‍ഡ് പേരിലാണ് ഇത്തരം വസ്തുതകള്‍ ഇറക്കുമതി ചെയ്തത് വില്ലേജില്‍ വൈദ്യുതി കുറക്കാനും അതുവഴി കെട്ടിടങ്ങള്‍ക്ക് ഗ്രീന്‍ സര്‍ട്ടിഫിക്കറ്റ് നേടിയെടുക്കാനുമാണ് ഇത്തരം ഇന്‍സുലേഷന്‍ വസ്തുക്കള്‍ ഉപയോഗിച്ചിരുന്നത്. കോമണ്‍വെല്‍ത്ത് ഗെയിംസ് അധികാരികള്‍ എത്രകോടിയുടെ കരാറിലാണ് ഏര്‍പ്പെട്ടിരിക്കുന്നത് എന്ന് വ്യക്തമായിട്ടില്ല.

ഡൗ കെമിക്കല്‍സിന്റെ സാന്നിധ്യത്തിനെതിരെ ശബ്ദമുയര്‍ത്തുന്ന ഇന്ത്യന്‍ ഒളിമ്പിക്‌സ് അസോസിയേഷന്‍ വായടപ്പിക്കാന്‍ ലണ്ടന്‍ ഒളിമ്പിക്‌സ് ഓര്‍ഗനൈസിംഗ് കമ്മിറ്റി തന്നെയാണ് 2010ലെ കഥകള്‍ ആദ്യം പുറത്തുവലിച്ചിട്ടത്. ഇക്കാര്യം ലണ്ടന്‍ അധികാരികള്‍ അവിടുത്തെ ഇ്ത്യന്‍ ഹൈക്കമ്മീഷനെ ധരിപ്പിച്ചിരുന്നു. ഥഅതിന്റെ ചുവട് പിടിച്ച് നടത്തിയ അന്വേഷണത്തിലാണ്, അഴിമതിയുടെ കൂത്തരങ്ങായി മാറിയ കോമണ്‍വെല്‍ത്ത് ഗെയിംസിനെച്ചൊല്ലി പുതിയ സത്യങ്ങള്‍ വെളിപ്പെട്ടത്.

ലണ്ടന്‍ ഒളിമ്പിക്‌സ് ഓര്‍ഗനൈസേഷന്‍ അവരുടെ ഭാഗം ന്യായീകരിക്കാന്‍ നിരത്തിയ കാര്യങ്ങള്‍ ഇന്ത്യന്‍ അധികാരികള്‍ ഡൗ കെമിക്കല്‍സ് പോലുള്ള കമ്പനികളോട് പുലര്‍ത്തുന്ന സമീപനമാണ് വെളിവാക്ുകന്നത്. ഒപ്പം. ഐ.ഒ.എ ഇപ്പോള്‍ പൊഴിക്കുന്നത് മുതലക്കണ്ണീരാണെന്ന സത്യവും. ഇന്ത്യന്‍ ഹൈക്കമ്മീഷന് ലഭിച്ച വിവരങ്ങളുടെ സത്യാവസ്ഥ തേടി കായിക മന്ത്രാലയം ഐ.ഒ.എക്ക് കത്തെഴുതിയിട്ടുണ്ട്. ഇക്കാര്യത്തില്‍ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് മന്ത്രാലയം ആവശ്യപ്പെട്ടിട്ടുള്ളത്. വിവരാവകാശ നിയമപ്രകാരം മാധ്യമപ്രവര്‍ത്തകര്‍ നല്‍കിയ അപേക്ഷയിലാണ് കത്തിന്റെ പകര്‍പ്പ് ലഭ്യമായത്.

2010ല്‍ കോമണ്‍വെല്‍ത്ത് ഗെയിംസിന് വേണ്ടി ഡൗ കെമിക്കല്‍സുമായി കരാര്‍ ഒപ്പിടുകയും അത് വിദഗ്ധമായി മറച്ചുവെക്കുകയും ചെയ്ത ഇന്ത്യന്‍ ഒളിമ്പിക്‌സ് അസോസിയേഷന്‍ ഇപ്പോല്‍ മുതലക്കണ്ണീര്‍ പൊഴിക്കുകയാണെന്ന് ഭോപ്പാല്‍ ആക്ടിവിസ്റ്റ് രചനാ ഡിംഗ്ര പറഞ്ഞു. ഡൗ കെമിക്കല്‍സിന്റെ കാര്യത്തില്‍ ഇന്ത്യന്‍ അധികാരികള്‍ തുടരുന്ന ഇരട്ടത്താപ്പിന്റെ ഭാഗമാണ് ഇതെന്നും അവര്‍ പറഞ്ഞു.

1984 ഡിസംബറില്‍ ഭോപ്പാലിലെ യൂനിയന്‍ കാര്‍ബൈഡ് ഫാക്ടറിയില്‍ നിന്ന് വിഷവായു വമിച്ചുണ്ടായ ദുരന്തവുമായി ബന്ധപ്പെട്ട് ഡൗ കെമിക്കല്‍സിന് നിയമപരമായ ബാധ്യതകളൊന്നുമില്ലെന്നാണ് ലണ്ടന്‍ അധികൃതര്‍ ഇന്ത്യന്‍ നയതന്ത്ര പ്രതിനിധികളെ അറിയിച്ചിരിക്കുന്നത്. ഇത് അവര്‍ക്ക് ബോധ്യപ്പെട്ടിട്ടുണ്ടെന്നും ലണ്ടന്‍ ഒളിമ്പിക്‌സ് ഓര്‍ഗനൈസേഷന്‍ പറയുന്നു.

1989ല്‍ 47 കോടി ഡോളര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് കാണിച്ച് കേന്ദ്ര സര്‍ക്കാറുമായി കരാറിലേര്‍പ്പെടുകയും അത് കമ്പനി പാലിക്കുകയും ചെയ്തതിനാല്‍ ഇക്കാര്യത്തില്‍ കമ്പനിക്ക് യാതൊരു ബാധ്യതയുമില്ലെന്നാണ് ഡൗ കെമിക്കല്‍സിന്റെ നിലപാട്. എന്നാല്‍ ഈ കരാര്‍ അന്തിമമല്ലെന്നും ഈ കേസ് പുനരാരംഭിക്കണമെന്നും ഭോപ്പാല്‍ മനുഷ്യാകാശ ഗ്രൂപ്പുകള്‍ വാദിക്കുന്നു. പരിസ്ഥിതി ആഘാതം സംബന്ധിച്ച് തെറ്റായ കണക്കുകളാണ് കമ്പനി മുന്നോട്ട് വെച്ചിട്ടുള്ളതെന്ന് യു.എസ് കോടതികള്‍ നേരത്തെ കണ്ടെത്തിയിരുന്നു.

Advertisement