സോഹന്‍ സീനുലാല്‍ സംവിധാനം ചെയ്യുന്ന ‘ഡബിള്‍സ്’ നവംബര്‍ 15നു ചിത്രീകരണം ആരംഭിക്കും. മമ്മൂട്ടിയും നദിയാ മൊയ്തുവും കേന്ദ്ര കഥാപാത്രങ്ങളാകുന്ന സിനമയില്‍ ഇരുവരും ഇരട്ട സഹോദരങ്ങളെയാണ് അവതരിപ്പിക്കുന്നത്. ഗോവയാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. പോണ്ടിച്ചേരിയിലും ചിത്രീകരണമുണ്ട്.

1986ല്‍ മമ്മൂട്ടിയും നാദിയയും ശ്യാമയെന്ന മലയാള ചിത്രത്തില്‍ ഒരുമിച്ചഭിനയിച്ചിട്ടുണ്ട്. രണ്ട് ദശാബ്ദങ്ങള്‍ക്ക് ശേഷമാണ് ഇരുവരും ഒന്നിച്ചഭിനയിക്കുന്നത്.

ഇരട്ട സഹോദരങ്ങളുടെ ജീവിതവും സംഘര്‍ഷങ്ങളും രസകരമായ മുഹൂര്‍ത്തങ്ങളുമാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. സച്ചി സേതു ടീമാണ് തിരക്കഥ രചിക്കുന്നത്. മുംബൈ മോഡല്‍ തപസിയാണ് മമ്മൂട്ടിയുടെ നായിക. സുരാജ് വെഞ്ഞാറമൂട്, ബിജു മേനോന്‍ എന്നിവരും ചിത്രത്തിലെത്തും.

അതുല്‍ കുല്‍ക്കര്‍ണിയും കന്നഡയിലെ വില്ലന്‍ നടന്‍ അവിനാഷും ഈ ചിത്രത്തില്‍ പ്രതിനായകന്‍മാരായി അഭിനയിക്കുന്നു. തുടര്‍ച്ചയായി 45 ദിവസത്തെ ഡേറ്റാണ് ചിത്രത്തിന് മമ്മൂട്ടി നല്‍കിയിരിക്കുന്നത്. സന്തോഷ് സുബ്രഹ്മണ്യം എന്ന തമിഴ് ചിത്രത്തിലെ സൂപ്പര്‍ഹിറ്റ് ഗാനങ്ങള്‍ ഒരുക്കിയ ജയിംസ് വസന്തനാണ് ഡബിള്‍സിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ക്യാമറ പി സുകുമാര്‍.

ഒറ്റ ഷെഡ്യൂളില്‍ പൂര്‍ത്തിയാകുന്ന ഈ സിനിമയുടെ നിര്‍മ്മാണം ഡ്രീംസ് ഓണ്‍ വീല്‍സിന്റെ ബാനറില്‍ കെ കെ നാരായണദാസാണ്. അടുത്ത വര്‍ഷം ജനുവരി 26ന് ‘ഡബിള്‍സ്’ പ്രദര്‍ശനത്തിനെത്തും.