ന്യൂയോര്‍ക്ക്:ഭാര്യയെ വെടിവെച്ചുകൊന്ന കേസില്‍ മലയാളി യുവാവിന് അമേരിക്കന്‍ കോടതി ഇരട്ടജീവപര്യന്തം ശിക്ഷ വിധിച്ചു. നിലമ്പൂര്‍ സ്വദേശി സനീഷ് ജോസഫിനാണ് ശിക്ഷ വിധിച്ചത്.

അമേരിക്കയിലെ ന്യൂജഴ്‌സിയിലുള്ള ക്ലിഫ്ടന്‍ സിറ്റിയിലെ സെന്റ് തോമസ് ക്‌നാനായ യാക്കോബായ പള്ളിയില്‍വെച്ചാണ് ഭാര്യയെയും മറ്റൊരു യുവാവിനെയും ഇയാള്‍ വെടിവെച്ചത്.

കോട്ടയം കടുത്തുരുത്തി കെ.എസ് പുരം തുമ്പനായില്‍ രേഷ്മ ജെയിംസ്(25), കോട്ടയം വലിയങ്ങാടി മള്ളുശ്ശേരില്‍ ഡെന്നിസ് ജോസഫ് (26) എന്നിവരാണ് കൊല്ലപ്പെട്ടത്.

2008 നവംബര്‍ 22 ന് രാവിലെ പതിനൊന്നരയോടെയായിരുന്നു സംഭവം. സനീഷും രേഷ്മയും തമ്മിലുള്ള പിടിവലിയും തര്‍ക്കവും കണ്ട് പിടിച്ചുമാറ്റാന്‍ ശ്രമിക്കുന്നതിനിടെയാണ് ഡെന്നീസിന് വെടിയേറ്റത്.

വെടിവെയ്പില്‍ ഗുരുതരമായി പരിക്കേറ്റ സില്‍വി (47)യെ വധിക്കാന്‍ ശ്രമിച്ചതിന് 20 വര്‍ഷം തടവും സനീഷിന് കോടതി വിധിച്ചിട്ടുണ്ട്.