എഡിറ്റര്‍
എഡിറ്റര്‍
കല്‍പ്പാക്കം ആണവനിലയം അഗ്നിപര്‍വത ഭീഷണിയില്‍
എഡിറ്റര്‍
Thursday 20th September 2012 8:24am

ബാംഗ്ലൂര്‍: കൂടംകുളം ആണവനിലയത്തിനെതിരായ ജനകീയ പ്രക്ഷോഭം ശക്തിയാര്‍ജ്ജിക്കുന്നതിനിടയില്‍ ചെന്നൈയിലെ കല്‍പ്പാക്കത്തെ മദ്രാസ് ആറ്റോമിക് പവര്‍ സ്റ്റേഷന്‍ അഗ്നിപര്‍വത ഭീഷണിയിലാണെന്ന് റിപ്പോര്‍ട്ട്. കടലിനടിയിലെ അഗ്നിപര്‍വതം ആണവനിലയങ്ങള്‍ക്ക് ഉയര്‍ത്താനിടയുള്ള ആപത്‌സാധ്യത സംബന്ധിച്ച് ആണവോര്‍ജ്ജ വകുപ്പ് വിശദമായ അന്വേഷണം നടത്തണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്.

Ads By Google

കല്‍പ്പാക്കം ന്യൂക്ലിയര്‍ റിയാക്ടേഴ്‌സ് ആന്‍ഡ് സബ്മറൈന്‍ വോള്‍ക്കാനോ എന്ന ഗ്രന്ഥത്തിലാണ് ആണവനിലയത്തിന് അഗ്നിപര്‍വതം ഭീഷണി ഉയര്‍ത്തുന്നതായി സൂചന നല്‍കുന്നത്. കഴിഞ്ഞ മാര്‍ച്ചില്‍ തമിഴില്‍ പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ ഇംഗ്ലീഷ് പരിഭാഷ ഈയിടെയാണ് ഇറങ്ങിയത്. ആണവഅണുപ്രസരണ സുരക്ഷയ്ക്കായുള്ള ജനകീയ പ്രസ്ഥാനത്തിന്റെ നേതാക്കളായ വി.പുകഴേന്തി, ആര്‍.രമേഷ് എന്നിവരാണ് അഗ്നിപര്‍വത ഭീഷണിയ്ക്ക് തെളിവുകളുമായി രംഗത്തെത്തിയത്. ചെന്നൈയില്‍ നിന്നും 156 കിലോ മീറ്റര്‍ തെക്കുകിഴക്കായും പോണ്ടിച്ചേരിയില്‍ നിന്ന് 100 കിലോമീറ്റര്‍ കിഴക്കായുമാണ് കടലിന്നടിയില്‍ അഗ്നിപര്‍വതം നിലകൊള്ളുന്നതെന്ന് ഇവര്‍ സമര്‍ത്ഥിക്കുന്നു.

കല്‍പ്പാക്കത്ത് രണ്ട് ഊര്‍ജ്ജ നിലയങ്ങള്‍ക്ക് പുറമേ ഒരു ഫാസ്റ്റ് ബ്രീഡര്‍ ടെസ്റ്റ് റിയാക്ടറും ഒരു ഇന്ധന പുന:സംസ്‌ക്കരണ പ്ലാന്റുമുണ്ട്. ഇവിടെ താമസിയാതെ തന്നെ 500 മെഗാവാട്ടിന്റെ ഒരു പ്രോട്ടോടൈപ്പ് ഫാസ്റ്റ് ബ്രീഡറും വരാനിരിക്കുകയാണ്. അഗ്നിപര്‍വതം പൊട്ടുകയും തുടര്‍ന്ന് ലാവ പ്രവാഹത്തിനിടയാക്കുകയും ചെയ്താല്‍ അത് ആപത്ക്കരമായ സുനാമി തിരമാലകള്‍ക്ക് കാരണമാകുമെന്ന് ഗ്രന്ഥകര്‍ത്താക്കള്‍ പറയുന്നു. 2004 ല്‍ സുനാമി ഉണ്ടായപ്പോള്‍ അന്ന് കടലോരത്ത് നിര്‍മ്മാണത്തിലിരുന്ന ഫാസ്റ്റ് ബ്രീഡര്‍ റിയാക്ടറിന്റെ സ്ഥലത്ത് തിരമാലകള്‍ ആഞ്ഞടിച്ചിരുന്നു.

വിയന്ന ആസ്ഥാനമായുള്ള അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സിയും അഗ്നിപര്‍വതം ആണവനിലയത്തിന് ഭീഷണിയാണെന്ന വസ്തുത അംഗീകരിക്കുന്നുണ്ട്. 2011 മെയ് മാസം പുറത്തിറക്കിയ മാര്‍ഗരേഖ അനുസരിച്ച് അഗ്നിപര്‍വതങ്ങളുടെ സാമീപ്യമുള്ള സ്ഥലങ്ങളില്‍ ആണവനിലയങ്ങള്‍ സ്ഥാപിക്കുമ്പോള്‍ അതുളവാക്കുന്ന പ്രത്യാഘാതങ്ങള്‍ പരിഗണിക്കണമെന്ന് അംഗരാജ്യങ്ങളോട് നിഷ്‌ക്കര്‍ഷിക്കുന്നുണ്ട്.

അഗ്നിപര്‍വതങ്ങളുടെ ലോക ഭൂപടവും ഐ.എ.ഇ തയ്യാറാക്കിയിട്ടുണ്ട്. അതില്‍ ഇന്ത്യയുടെ കിഴക്കേ തീരത്ത് പോണ്ടിച്ചേരിക്ക് സമീപം കടലില്‍ ഒരു അഗ്നിപര്‍വതം ഉണ്ടെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഐ.എ.ഇയുടെ ഈ മാര്‍ഗരേഖ പുറത്തിറക്കിയിട്ട് ഒന്നിലേറെ വര്‍ഷം കഴിഞ്ഞിട്ടും ചെന്നൈക്ക് സമീപം ഒരു അഗ്നിപര്‍വതത്തിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പിന്‍മേല്‍ ഇന്ത്യന്‍ ആറ്റോമിക് എനര്‍ജി റഗുലേറ്ററി ബോര്‍ഡ് ഒരു നടപടിയും എടുത്തില്ലെന്ന് പുകഴേന്തിയും രമേഷും പറയുന്നു.

Advertisement