dorjee khandu diedഇറ്റാനഗര്‍: കാണാതായ അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രി ദോര്‍ജി ഖണ്ഡുവിന്റെ മരണം വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചു.

ഖണ്ഡുവിന്റെ മൃതദേഹങ്ങള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിച്ചിരുന്നില്ല. കെയ്‌ലയ്ക്കും ലോബ്താങ്ങിനും ഇടയിലുള്ള പ്രദേശത്താണ് മൃതദേഹം കണ്ടെത്തിയത്. അദ്ദേഹത്തിനൊപ്പമുണ്ടായിരുന്ന മറ്റ് നാല് പേരുടേയും മൃതദേഹം കണ്ടെത്തിയിട്ടുണ്ട്. മൃതദേഹങ്ങള്‍ അഴുകിയ നിലയിലായിരുന്നു.

ലോബ്താങ്ങില്‍ ദോര്‍ജി ഖണ്ഡു സഞ്ചരിച്ച ഹലികോപ്റ്ററിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. ഇതിനടുത്ത് തന്നെയാണ് മൃതദേഹങ്ങളും കണ്ടെത്തിയത്. മൃതദേഹങ്ങള്‍ സൈന്യത്തിന് കൈമാറി.

ഐ.എസ്.ആര്‍.ഒയുടെ സാറ്റലൈറ്റ് ദൃശ്യങ്ങളില്‍ ലോഹങ്ങളുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയിരുന്നു. ഇത് ഹെലികോപ്റ്ററിന്റേതാണെന്ന സംശയവുമുണ്ടായിരുന്നു. തുടര്‍ന്ന് ഈ സ്ഥലം പരിശോധിക്കാനായി 3,000 സുരക്ഷാ സൈനികരെ അയക്കുകയും ചെയ്തു. എന്നാല്‍ മഴയും മോശം കാലാവസ്ഥയും കാരണം തിരച്ചില്‍ തുടരാന്‍ കഴിഞ്ഞില്ല. ഹെലികോപ്റ്റിന്റെ അവശിഷ്ടമുണ്ടെന്ന് പറയുന്ന സ്ഥലത്തിന് സമീപത്താണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

ശനിയാഴ്ച രാവിലെ പുറപ്പെട്ട് 20 മിനിറ്റുകള്‍ക്ക് ശേഷമാണ് ദോര്‍ജി ഖണ്ഡു സഞ്ചരിച്ചിരുന്ന പവാന്‍ ഹാന്‍സ് ഹെലികോപ്റ്റര്‍ കാണാതായത്. ഖണ്ഡുവിനൊപ്പം വിമാനത്തിന്റെ പൈലറ്റ് ക്യാപ്റ്റന്‍ ജെ.എസ് ബാബര്‍, ക്യാപ്റ്റന്‍ ടി.എസ് മാമിക്, ഖണ്ഡുവിന്റെ സുരക്ഷാ ഉദ്യോഗസ്ഥനായ യേശി ചൊഡാക്, യേശി ലമ്പു എന്നിവരും ഹെലികോപ്റ്ററിലുണ്ടായിരുന്നു.