dorjee khandu diedഇറ്റാനഗര്‍: കോപ്റ്റര്‍ അപകടത്തില്‍ അന്തിച്ച അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രി ദോര്‍ജി കണ്ഡുവിന്റെ(56) മൃതദേഹം ജന്‍മനാടായ തവാങിലേക്ക് കൊണ്ടുപോയി. അദ്ദേഹത്തിന്റെ ബന്ധുക്കളെത്തി തിരിച്ചറിഞ്ഞ ശേഷമാണ് മൃതദേഹം വ്യോമ മാര്‍ഗം തവാങിലെത്തിയച്ചത്.

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ ചൈനീസ് അതിര്‍ത്തിക്കടുത്ത ലുഗുതാങ് ജില്ലയിലെ ലോകത്തിലെ ഏറ്റവും ഉയരംകൂടിയ മൂന്നാമത്തെ പര്‍വതമേഖലയായ ലോബോതങ്ങിലാണ് മൃതദേഹം കണ്ടെത്തിയത്. ദോര്‍ജി സഞ്ചരിച്ചിരുന്ന പവന്‍ഹന്‍സ് ഹെലികോപ്ടര്‍ തകര്‍ന്നുവീണാണ് മരണം.

അഞ്ചു ദിവസം മുമ്പാണ് ദോര്‍ജി കണ്ഡുവും സംഘവും തവാങ്ങില്‍നിന്ന് ഇറ്റാനഗറിലേക്ക് പുറപ്പെട്ടത്. കഴിഞ്ഞ ശനിയാഴ്ച രാവിലെ ഒമ്പതുമണിയോടെ പുറപ്പെട്ട കോപ്ടര്‍ 11 മണിക്കായിരുന്നു ഇറ്റനഗറില്‍ ഇറങ്ങേണ്ടിയിരുന്നത്. പറന്നുയര്‍ന്ന് 20 മിനിറ്റിനുശേഷം 13,000 അടി ഉയരത്തില്‍വെച്ചാണ് കോപ്ടറുമായുള്ള അവസാനത്തെ റേഡിയോ ബന്ധം.

അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥന്‍ യേഷി ഛേദക്, പൈലറ്റുമാരായ ക്യാപ്റ്റന്‍ ജെ.എസ്. ബബ്ബര്‍, ക്യാപ്റ്റന്‍ ടി.എസ്. മമിക് എന്നിവരുടെ മൃതദേഹങ്ങളും കണ്ടെത്തിയിട്ടുണ്ട്.

കോപ്റ്റര്‍ അപകടത്തില്‍ മരിക്കുന്ന രണ്ടാമത്തെ മുഖ്യമന്ത്രിയാണ് ദോര്‍ജി കണ്ഡു. മുന്‍ ആന്ധ്രപദേശ് മുഖ്യമന്ത്രി വൈ.എസ്. രാജശേഖര റെഡ്ഡിയാണ് ആദ്യമായി കോപ്റ്റര്‍ അപകടത്തില്‍ മരിച്ച മുഖ്യമന്ത്രി.