മോസ്‌കോ: കായിക ലോകത്ത് വീണ്ടും ഉത്തേജകമരുന്ന് ഉപയോഗത്തിന്റെ കരിനിഴല്‍. ഇത്തവണ ഡിസ്‌ക്കസ് ത്രോയില്‍ ലോകചാമ്പ്യനായ കായിക താരമാണ് ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടത്.

രാജ്യാന്തര ഉത്തേജകമരുന്നുവിരുദ്ധ ഏജന്‍സി (വാഡ) നടത്തിയ പരിശോധനയില്‍ ലോക ഡിസ്‌കസ് ത്രോ ചാമ്പ്യന്‍ റഷ്യയുടെ ഡാരിയ പിഷ്ചാല്‍നിക്കോവ ഉത്തേജക മരുന്ന് ഉപയോഗിച്ചെന്ന് കണ്ടെത്തിയിട്ടുണ്ട്.

Ads By Google

ഈ സാഹചര്യത്തില്‍ ഡാരിയയ്ക്ക് വാഡ ആജീവാനന്ത വിലക്ക് ഏര്‍പ്പെടുത്താന്‍ സാധ്യതയുണ്ടെന്നാണ് അറിയുന്നത്. ഉത്തേജക മരുന്ന് ഉപയോഗിച്ചെന്ന സംശയത്തെ തുടര്‍ന്ന് നാഡ താരത്തെ പരിശോധനയ്ക്ക് വിധേയയാക്കിയിരുന്നു. പരിശോധനയില്‍ അനബോളിക് സ്‌റ്റെറോയ്ഡ് കണ്ടെത്തിയിരുന്നു.

ഇനി റഷ്യന്‍ ഉത്തേജക മരുന്ന് വിരുദ്ധ ഏജന്‍സി നടത്തുന്ന പരിശോധനയിലും ഫലം പോസിറ്റീവാണെന്ന് കണ്ടെത്തിയാല്‍ വിലക്ക് നിലവില്‍ വരുമെന്ന് ഉറപ്പാണ്.

ദേഗുവില്‍ നടന്ന ലോക ചാമ്പ്യന്‍ഷിപ്പിലാണ് ഡാരിയ സ്വര്‍ണം നേടിയത്. ലണ്ടന്‍ ഒളിമ്പിക്‌സില്‍ വെള്ളിയായിരുന്നു. താരം ഉത്തേജകം ഉപയോഗിച്ചതിന് മുന്‍പ് രണ്ടുവര്‍ഷം വിലക്ക് നേരിട്ടിരുന്നു. രണ്ടാം തവണ പിടിക്കപ്പെട്ടാല്‍ ആജീവാനന്ത വിലക്ക് എന്നതാണ് നിയമം.