ന്യൂദല്‍ഹി:  ഉത്തേജകമരുന്ന് ഉപയോഗിച്ചെന്ന് കണ്ടെത്തിയ എട്ട് ഇന്ത്യന്‍ താരങ്ങളെയും കുറ്റവിമുക്തരാക്കി. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ കായികമന്ത്രാലയം ജൂലൈയില്‍ ചുമതലപ്പെടുത്തിയ ജസ്റ്റിസ് മുകുള്‍ മുഡ്ഗല്‍ കമ്മിറ്റിയാണ് താരങ്ങളെ കുറ്റവിമുക്തരാക്കിയത്. താരങ്ങള്‍ മനപൂര്‍വ്വം ഉത്തേജകമരുന്ന് ഉപയോഗിച്ചിട്ടില്ലെന്ന് കമ്മിറ്റി കണ്ടെത്തി.

മന്‍ദീപ് കൗര്‍, അശ്വനി അക്കുഞ്ചി, സിനി ജോസ്, പ്രിയങ്ക പന്‍വാര്‍, ജുവാന മുര്‍മു, ടിയാന മേരി, ഹരി കൃഷ്ണന്‍, സോണിയ എന്നിവരെയാണ് കുറ്റവിമുക്തരാക്കിയത്. നേരത്തെ പരിശോധനയില്‍ ഇവര്‍ ഉത്തേജകമരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയിരുന്നു. ഇതേതുര്‍ന്ന് ഇവരെ സസ്‌പെന്റ് ചെയ്യുകയും ഇവരുടെ ഉക്രൈന്‍ സ്വദേശിയായ കോച്ച് യുറി ഒഗോറോഡ്‌നിക്കിനെ പുറത്താക്കുകയും ചെയ്തിരുന്നു.

ഏഷ്യന്‍ ഗെയിംസിലും കോമല്‍ വെല്‍ത്ത് ഗെയിംസിലും 4×400 മീറ്റര്‍ റിലേയില്‍ സ്വര്‍ണമെഡല്‍ നേടിയ ടീമിലെ അംഗങ്ങളായ മന്‍ദീപ് കൗര്‍, അശ്വനി അക്കുഞ്ചി, സിനി ജോസ് എന്നിവര്‍. ഇവര്‍ ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടത് ഇന്ത്യന്‍ കായിക രംഗത്തിനേറ്റ വലിയ കളങ്കമായിരുന്നു.

താരങ്ങളെ കുറ്റവിമുക്തരാക്കിയെങ്കിലും അടുത്തവര്‍ഷം നടക്കുന്ന ലണ്ടന്‍ ഒളിമ്പിക്‌സില്‍ ഇവര്‍ക്ക് പങ്കെടുക്കാന്‍ കഴിയുമെന്നുറപ്പില്ല. ഒളിമ്പിക്‌സില്‍ ഇവര്‍ പങ്കെടുക്കണമോ എന്ന കാര്യം നാഷണല്‍ ആന്റി ഡോപ്പിംഗ് ഏജന്‍സിയുടെ പാനല്‍ പരിശോധിക്കേണ്ടതുണ്ട്. അതിനുശേഷം മാത്രമേ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകൂ.

Malayalam news