Categories

ഓസ്ലോ കൂട്ടക്കൊല ക്രിസ്ത്യന്‍ തീവ്രവാദമോ?

lunch-break

നോര്‍വേ തലസ്ഥാനമായ ഓസ്‌ലോയില്‍ നടന്ന സ്‌ഫോടനവും വെടിവെപ്പും ലോകത്തെ ഞെട്ടിച്ചിരിക്കയാണ്. ആക്രമണങ്ങള്‍ക്കു പിന്നില്‍ പ്രവര്‍ത്തിച്ച ആന്‍ഡേഴ്‌സ് ബെഹ്‌റിങ് ബ്രീവിച്ച് എന്ന 32കാരന്‍ സാംസ്‌കാരിക ബഹുസ്വരത അംഗീകരിക്കാനാവാത്ത തീവ്ര വലതുപക്ഷ വാദിയാണെന്ന് വ്യക്തമായിരിക്കയാണ്.

നോര്‍വ്വെയിലെ മുസ്‌ലിം കുടിയേറ്റത്തിനെതിരെ രാജ്യത്തെ ഒരു വിഭാഗം കുറച്ചു കാലമായി ശക്തമായ എതിര്‍പ്പുമായി രംഗത്തുണ്ട്. ലോകരാജ്യങ്ങളിലെവിടെയും ഓന്നോ രണ്ടോ തലമുറകള്‍ പിറകോട്ട് പോയാല്‍ അവരെല്ലാം പുറത്ത് നിന്ന് കുടിയേറി വന്നവരാണെന്ന് വ്യക്തമാവും. സംസ്‌കാരങ്ങളുടെ കൈമാറ്റത്തെ തടഞ്ഞുവെച്ച് ശുദ്ധ വംശീയ വാദം നിരത്തുന്ന ആക്രമോത്സുക നിയോനാസിസത്തിന്റെ മുഖമാണ് ഓസ്ലോയില്‍ കണ്ടത്.

ഓസ്ലോ സംഭവം ക്രിസ്ത്യന്‍ തീവ്രവാദമാണെന്നാണ് പലരും നിരീക്ഷിച്ചത്. ലോകത്ത് അധികമൊന്നും പ്രയോഗിക്കാത്ത ഒരു പദമാണ് ക്രിസ്ത്യന്‍ തീവ്രവാദമെന്നത്. ഡൂള്‍ന്യൂസ് ലഞ്ച് ബ്രേക്ക് ചര്‍ച്ച ചെയ്യുന്നു, ഓസ്ലോ കൂട്ടക്കൊല ക്രിസ്ത്യന്‍ തീവ്രവാദമോ?.

sachithanandanസച്ചിദാനന്ദന്‍-കവി,നിരൂപകന്‍

തീവ്രവാദത്തെ മതവുമായി ബന്ധിപ്പിക്കുന്ന സമ്പ്രദായം ശരിയാണെന്ന് തോന്നുന്നില്ല. എങ്കിലും ഇന്ന് എല്ലാ മതവിഭാഗങ്ങളിലും ഇത്തരം ചിന്താഗതികള്‍ വേരൂന്നിക്കഴിഞ്ഞിരിക്കുകയാണ്. ഹിന്ദുമതമായാലും, ക്രിസ്തുമതമായാലും, ഇസ്‌ലാം മതമായാലും അതിലെ ഒരു വിഭാഗം ആളുകള്‍ അവയുടെ അടിസ്ഥാന സന്ദേശങ്ങള്‍ക്ക് വിരുദ്ധമായാണ് പ്രവര്‍ത്തിക്കുന്നത്. ന്യൂനപക്ഷമാണെങ്കില്‍ പോലും ഇവരുടെ ഈ അതിക്രമങ്ങള്‍ ബഹുഭൂരിപക്ഷം വരുന്ന യഥാര്‍ത്ഥ മതവിശ്വാസികളെയാണ് നാണം കെടുത്തുന്നത്. നോര്‍വെ പോലെ സമാധാനം കാത്തുസൂക്ഷിക്കുന്ന ഒരു രാജ്യത്ത് ഇത്തരമൊരു ക്രൂരകൃത്യം അരങ്ങേറിയെന്നത് ഞെട്ടിപ്പിക്കുന്നതാണ്.

ഇത്തരമൊരു കൃത്യം നടത്താന്‍ അയാളെ പ്രേരിപ്പിച്ച ഒരുപാട് കാരണങ്ങളുണ്ടാവാം. മനശാസ്ത്രപരവും, വ്യക്തിജീവിതവുമായി ബന്ധപ്പെട്ടതും, അന്ധമായ മതവിശ്വാസവും എന്നിങ്ങനെ കാരണങ്ങള്‍ പലതാം. ഇതൊന്നും അയാള്‍ ചെയ്ത കുറ്റകൃത്യത്തിന് ന്യായീകരണമാകില്ല.

ശക്തമായ ഇസ്‌ലാം വിരുദ്ധമനോഭാവമുള്ള വ്യക്തിയാണ് ഇതിനു പിന്നിലെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകളില്‍ നിന്നും മനസിലാവുന്നത്. നോര്‍വെയിലേക്കുള്ള ഇസ്‌ലാം കുടിയേറ്റത്തെ തങ്ങളുടെ രാജ്യത്തേക്ക് കടന്നുവന്ന അപരന്‍മാര്‍ എന്ന രീതിയിലാണിവര്‍ കാണുന്നത്. പിന്നെ ഫലസ്തീന്‍ അനുകൂലമായി നിലപാടെടുക്കുന്ന രാജ്യമാണ് നോര്‍വെ. ഭരണകൂടത്തിന്റെ നിലപാടുകളോട് എതിര്‍പ്പുള്ളവര്‍ ഒരു മുന്നറിയിപ്പ് എന്ന നിലയില്‍ ചെയ്തതാവാം ഇത്. ഇതുതന്നെയാണെന്ന് ഉറപ്പുപറയാന്‍ കഴിയില്ല. കൂടുതല്‍ അന്വേഷണ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നാലേ കാര്യങ്ങള്‍ വ്യക്തമാവൂ.


josephജോസഫ് പുലിക്കുന്നേല്‍- ദൈവശാസ്ത്ര പണ്ഡിതന്‍

പണ്ടൊക്കെ മനുഷ്യന്‍ അക്രമം പ്രവര്‍ത്തിക്കണമെന്ന് തോന്നുമ്പോള്‍ യുദ്ധങ്ങള്‍ നടത്തി ആസ്വദിക്കുകയാണ് ചെയ്തിരുന്നത്. ഇന്ന് അതിനുള്ള സാധ്യതയില്ല. ഇത്തരക്കാര്‍ ഇപ്പോള്‍ അധികവും പോലീസിലും പട്ടാളത്തിലും ചേരുകയാണ് ചെയ്യുന്നത്. മനുഷ്യനില്‍ അടിസ്ഥാനപരമായി ക്രിമിനല്‍ മനോഭാവം ഉണ്ട്. അത് പല രീതിയില്‍ പുറത്ത് വരുന്നുവെന്നേയുള്ളൂ. അതാണ് ഓസ്ലോയില്‍ കണ്ടത്.

നോര്‍വ്വെയിലെ ആംസ്റ്റര്‍ ഡാം, ഓസ്ലോ എന്നിവിടങ്ങള്‍ ധാര്‍മ്മികപരമായി ഏറെ അധപ്പതിച്ച സ്ഥലങ്ങളാണ്. മയക്കുമരുന്നിന് അടിമകളായവര്‍ ഇവിടെ ധാരാളമുണ്ട്. നോര്‍വ്വെയില്‍ ക്രിസ്ത്യാനിയില്ല എന്ന് പറയേണ്ടി വരും. ഏത് യൂറോപ്യന്‍ രാജ്യത്താണ് ക്രിസ്ത്യാനികള്‍ക്ക് ശക്തിയുള്ളത്. അവരില്‍ 10 ശതമാനം പോലും പള്ളിയില്‍ പോകുന്നവരല്ല. പോകുന്നവര്‍ തന്നെ വയസ്സന്‍മാരുമാണ്.

നോര്‍വ്വെയില്‍ ധാരാളം മുസ്‌ലിംകളും ശ്രീലങ്കക്കാരും കുടിയേറ്റം നടത്തിക്കൊണ്ടിരിക്കുന്നുണ്ട്. അവരോട് ന്യായമായി രാജ്യത്തുള്ളവര്‍ക്ക് എതിര്‍പ്പുണ്ട്. വടക്കെ ഇന്ത്യയില്‍ പണ്ടൊക്കെ നമ്മള്‍ പോവുമ്പോള്‍ മദ്രാസി എന്ന് പറഞ്ഞ് പുച്ഛിക്കുമായിരുന്നു. ഇപ്പോഴും ഇത്തരം പ്രശ്‌നങ്ങളുണ്ട്. എറണാകുളത്ത് ജോലിക്കെത്തുന്ന ബീഹാറുകാരോട് പ്രദേശ വാസികള്‍ക്ക് എതിര്‍പ്പുണ്ട്. തങ്ങളുടെ ജോലി ഇവര്‍ തട്ടിയെടുക്കുന്നുവെന്നാണ് ആക്ഷേപം.

അതുകൊണ്ട് തന്നെ ഓസ്ലോ സംഭവത്തെ ക്രിസ്ത്യന്‍ തീവ്രവാദമെന്ന നിലയില്‍ കാണേണ്ടതില്ല. ക്രിസ്ത്യന്‍ പേരുള്ളയാള്‍ ആക്രമണം നടത്തിയെന്നതുകൊണ്ട് അതിനെ ക്രിസ്ത്യന്‍ തീവ്രവാദമായി പറയാന്‍ കഴിയില്ല. മുസ്‌ലിംകളിലും ചെറിയൊരു വിഭാഗമാണ് തീവ്രവാദ പ്രവര്‍ത്തനം നടത്തുന്നത്. അതുകൊണ്ട് അതിനെ മുസ്‌ലിം തീവ്രവാദം എന്ന് പറയാന്‍ പാടില്ല. മുസ്‌ലിംകള്‍ തന്നെ മുസ്‌ലിംകളെ കൊല്ലുന്ന സംഭവമുണ്ടായിട്ടുണ്ട്. മതങ്ങളുടെ അടിസ്ഥാന തത്വങ്ങളില്‍ നിന്ന് വ്യതിചലിച്ചവരാണിവര്‍. വര്‍ഗ്ഗീയപരമായല്ല ഇതിനെ കാണേണ്ടതെന്നാണ് ഇതൊക്കെ വ്യക്തമാക്കുന്നത്. ക്രിസ്ത്യന്‍, മുസ്‌ലിം, ഹിന്ദു തീവ്രവാദം എന്ന് വിശേഷിപ്പിക്കുന്നത് എളുപ്പത്തില്‍ ഒരു കാരണം കണ്ടുപിടിക്കലാണ്.

ഉമേഷ് ബാബു കെ.സി-ഇടത് രാഷ്ട്രീയ നിരീക്ഷകന്‍

സോവിയറ്റ് യൂണിയന്റെയും കിഴക്കന്‍ യൂറോപ്പിലെയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഭരണകൂടങ്ങള്‍ തകര്‍ന്നതിനുശേഷം യൂറോപ്പിലെങ്ങും നടത്തിയിട്ടുള്ള നവ ഫാഷിസ്റ്റ് ആശയങ്ങളുടെയും സംഘടനാരൂപങ്ങളുടെയും ഗണനീയമായ സ്വാധീനങ്ങള്‍ ലോകത്തുണ്ടാക്കിത്തീര്‍ക്കാന്‍പോകുന്ന വമ്പിച്ച രാഷ്ട്രീയവും മാനവികവുമായ ഉന്മൂലനാന്തരീക്ഷത്തിന്റെ ഒരു തിരനോട്ടമായി ഓസ്ലോ സംഭവത്തെ കൃത്യമായും കാണാവുന്നതാണ്.

ഓസ്ലോ കൂട്ടക്കൊല നടത്തിയ ഒരു വ്യക്തിയോ ഒന്നിലധികം വ്യക്തികളോ തങ്ങളുടെ നടപടിക്കാധാരമായ വിശദമായ ഒരു പ്രത്യയശാസ്ത്ര രേഖ, ഇപ്പോള്‍ ലോകത്തുള്ള ഏറ്റവും പ്രധാനപ്പെട്ട കമ്മ്യൂണിക്കേഷന്‍ സംവിധാനമായ ഇന്റര്‍നെറ്റില്‍ പ്രസിദ്ധീകരിച്ചതിനുശേഷമാണ് ഈ ബോംബാക്രമണവും നേരിട്ടുള്ള കൂട്ടക്കൊലയും നടത്തിയത് എന്നതിന്റെ അര്‍ത്ഥം വളരെ നടുക്കമുളവാക്കുന്ന ഒന്നാണ്.

ആധുനിക യൂറോപ്പിന്റെയും ലോകത്തിന്റെയും ചരിത്രമറിയുന്ന, ഒപ്പം, ക്ലാസിക്കല്‍ ഫാഷിസത്തിന്റെയും ചരിത്രമറിയുന്ന ആരെ സംബന്ധിച്ചും ഓസ്ലോ സംഭവം ഉണര്‍ത്തുന്ന ഓര്‍മകള്‍ അത്രമേല്‍ ഭീതിദവും രാഷ്ട്രീയപരവും അത്രമേല്‍ കൃത്യവുമാണ്.

യൂറോപ്പിലെ നവഫാഷിസങ്ങള്‍ പല പേരുകളില്‍ പല രാജ്യങ്ങളിലായി ഉണ്ടാക്കിത്തീര്‍ത്തിട്ടുള്ള ജനസ്വാധീനം ഇസ്ലാമിക ഭീകരവാദത്തിന്റെ ശക്തികള്‍ ലോകത്ത് ഇടവിട്ടുണ്ടാക്കിക്കൊണ്ടിരിക്കുന്ന ആഘാതങ്ങള്‍, ഇസ്രായേലിന്റെ നേതൃത്വത്തിലുള്ള സയണിസ്റ്റ് സംവിധാനങ്ങളുടെ സാര്‍വദേശീയ സ്വാധീനങ്ങള്‍, ഇവയെല്ലാം തഴുകിയും തലോടിയും എതിര്‍ത്തും നിലകൊള്ളുന്ന അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ ഇടപെടലുകള്‍, തൊഴിലാളിവര്‍ഗ രാഷ്ട്രീയത്തിന്റെ സാര്‍വദേശീയമായ തകര്‍ച്ച ഇവയെല്ലാംചേര്‍ന്ന് പുതിയ നൂറ്റാണ്ടിലെ മനുഷ്യവംശത്തെ രാഷ്ട്രീയമായി ഏതെല്ലാം നരകങ്ങളിലേക്കാണ് നയിച്ചുകൊണ്ടിരിക്കുന്നത് എന്നതിന്റെ സ്തംഭിപ്പിക്കുന്ന ഒരു ലക്ഷണം ഇപ്പോള്‍ നാമെല്ലാം അനുഭവിക്കുന്ന രോഗാവസ്ഥയെ വ്യക്തമാക്കിത്തരുന്നുണ്ട്. ഓസ്ലോ കൂട്ടക്കൊലയെക്കുറിച്ചാലോചിക്കുമ്പോള്‍ പെട്ടെന്നുണ്ടായിത്തീരാവുന്ന തോന്നലുകള്‍ ഒരു പക്ഷേ അതില്‍ പൊലിഞ്ഞുപോയ മനുഷ്യജീവനുകളുടെ എണ്ണത്തേക്കാളൊക്കെ എത്രയെങ്കിലും മടങ്ങ് വലുതാണ്.

kcbc

stephen-alatharaസ്റ്റീഫന്‍ ആലത്തറ-കെ.സി.ബി.സി വക്താവ്

സാധാരണക്കാര്‍ക്ക് നേരെയുള്ള ഇത്തരം ആക്രമണങ്ങള്‍ ആര് നടത്തിയാലും അംഗീകരിക്കാന്‍ കഴില്ല. സഭ എന്നും മുറുകെപ്പിടിച്ചത് വിശ്വസാഹോദര്യത്തിന്റെ ദര്‍ശനമാണ്.

രാജ്യത്തിന്റെ സമ്പത്ത് എല്ലാവര്‍ക്കും അവകാശപ്പെട്ടതാണ്. അത് ഒരു ഗ്രൂപ്പിന് മാത്രമായി മതിയെന്ന് പറയുന്നത് ശക്തമായി എതിര്‍ക്കപ്പെടേണ്ടതാണ്. ഭൂമിയിലെ സ്വത്തുക്കള്‍ അനുഭവിക്കുന്നതിന് സ്വദേശി, വിദേശി വ്യത്യാസം കാണുന്നത് അംഗീകരിക്കാന്‍ കഴിയില്ല.

യൂറോപ്പില്‍ നേരത്തെ തന്നെ നിയോ നാസിസ്റ്റ് ഗ്രൂപ്പ് പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. ഇവരുടെ പ്രവര്‍ത്തനം വീണ്ടും ശക്തമായി വരികയാണ്. യൂറോപ്പില്‍ 100 ശതമാനം ക്രിസ്ത്യന്‍ രാഷ്ട്രങ്ങളാണുള്ളത്. എന്നാല്‍ നിയോനാസിസം പറയുന്നത് ഞങ്ങളല്ലാതെ ആരും ഇവിടെ ജീവിക്കേണ്ടെന്നാണ്. ഭാരതം ഹൈന്ദവരുടെത് മാത്രമാണെന്ന് പറയുന്ന പോലെയാണിത്.

ഇതിനെ ക്രിസ്ത്യന്‍ തീവ്രവാദമായി കാണാന്‍ കഴിയില്ല. തീവ്ര ദേശസ്‌നേഹികളായ ഒരു വിഭാഗത്തിന്റെ പ്രവൃത്തിയാണിത്. ഇതിനെ ക്രിസ്ത്യാനിറ്റിയുമായി ബന്ധപ്പെടുത്തുന്നത് ശരിയല്ല.

o-abdulla
ഒ.അബ്ദുല്ല-മാധ്യമ നിരൂപകന്‍

നോര്‍വെ സംഭവത്തെക്കുറിച്ച് പറയുമ്പോള്‍ ആദ്യം പരാമര്‍ശിക്കേണ്ട കാര്യമുണ്ട്. ഭീകരവാദം എന്നത് ഒരു പ്രത്യേക മതത്തിന്റെയും അടയാളമല്ല എന്നതാണത്. മുസ്ലിം, ഹിന്ദു,ക്രൈസ്തവര്‍ , ബുദ്ധര്‍, ജൂതര്‍ അങ്ങനെ എല്ലാ വിഭാഗങ്ങളിലുമായി ഭീകരര്‍ നമുക്കു ചുറ്റുമുണ്ട്. പലസ്തീനില്‍ അറബികള്‍ക്കെതിരെ നടത്തിയ സയണിസ്റ്റ് ഗുണ്ടായിസവും ഇന്ത്യയിലെ മാലേഗാവ്, സംഝോത, മെക്ക മുതലായ സ്‌ഫോടനങ്ങളും ‘സവര്‍ണ ഭീകരര്‍’ നടത്തിയ അക്രമങ്ങളാണ്. പാക്കിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും മറ്റും ലഷ്‌കര്‍ഇ ത്വയ്ബ പോലുള്ള പ്രസ്ഥാനങ്ങള്‍ നടത്തിയ അതിക്രമങ്ങള്‍ ഭീകരര്‍ക്ക് മതമില്ല എന്നതിന്റെ സൂചനയാണ് നല്‍കുന്നത്. അഹിംസയുടെ ആള്‍രൂപമെന്ന് വിശേഷിപ്പിക്കുന്ന ബുദ്ധമതത്തിലും തീവ്രവാദികളുണ്ട്.

ഓസ്ലോ കൂട്ടക്കൊലയെ സംബന്ധിച്ച് സവിശേഷമായി പറഞ്ഞാല്‍ ആന്‍ഡേഴ്‌സ് ബെഹ്‌റിങ് ബ്രെവിക് എന്ന അക്രമിയെ കൊലക്ക് പ്രേരിപ്പിച്ചത് ആ രാജ്യത്തിന്റെ ബഹുസ്വരതയാണ്. യൂറോപ്പിലേക്ക് മറ്റൊരു മതത്തിന്റെ അനുയായികള്‍ കടന്നുവരുന്നത് ഇയാള്‍ വെറുപ്പോടെയാണ് വീക്ഷിക്കുന്നത്. ബഹുസ്വരതയെ എതിര്‍ക്കുകയാണെങ്കില്‍ ആദ്യം വേണ്ടത് ക്രൈസ്തവരെ എതിര്‍ക്കുകയാണ്. കാരണം ക്രിസ്തുമതം ഒരു പാശ്ചാത്യമതമല്ല, ഇസ്ലാംമതത്തെപ്പോലെ കുടിയേറിയതാണ്. ഇറാഖുകാരനായ അബ്രഹാം എന്ന പ്രവാചകന്റെ രണ്ട് വംശീയപരമ്പരയില്‍പെട്ടയവയാണ് ഈ രണ്ടു മതങ്ങളും. യേശുക്രിസ്തുവിനെ ചുളുവില്‍ വെള്ള പൂശി വെളുത്തവനാക്കുകയും ക്രിസ്ത്യാനിറ്റിയെ വെളുത്തവരുടെ മതമായി അവതരിപ്പിക്കുകയും ചെയ്യുകയാണ് സാമ്രാജ്യത്വം ചെയ്യുന്നത്.

ബഹുസ്വരതയെ എതിര്‍ക്കുന്ന പാശ്ചാത്യര്‍ കഴിഞ്ഞ നൂറ്റാണ്ടുവരെയും അധിനിവേശ ശക്തികളായി ലോകത്തെ കീഴടക്കിയവരാണ്. അവരുടെ മതത്തെ മറ്റുള്ളവരെക്കൊണ്ട് അംഗീകരിപ്പിക്കാന്‍ ബലപ്രയോഗംവരെ നടത്തിയവരാണ്. മറ്റുപല രാജ്യങ്ങളിലും കുടിയേറി അവിടുത്തെ തദ്ദേശീയരെ ഉന്മൂലനം ചെയ്ത് സ്വന്തം മേധാവിത്വം സ്ഥാപിച്ചവരാണ് ഇക്കൂട്ടര്‍. അതുകൊണ്ടുതന്നെ ബഹുസ്വരതയെ എതിര്‍ക്കാന്‍ ഇവര്‍ക്ക് അധികാരമില്ല.

നോര്‍വെയെ സംബന്ധിച്ചും ചിലതു പറയേണ്ടതുണ്ട്. നാസികള്‍ ജര്‍മനിയില്‍നിന്ന് നിഷ്‌കാസിതരായപ്പോള്‍ അവരെ രണ്ടുകൈയുംനീട്ടി സ്വീകരിച്ചവരാണ് നോര്‍വീജിയന്‍ ജനത. പ്രവാചകനെതിരായി ഡാനിഷ് പത്രം കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചപ്പോള്‍ അത് പുനപ്രസിദ്ധീകരിക്കാന്‍ മുന്നിട്ടിറങ്ങിയവരിലും നോര്‍വെക്കാരാണ്.
ലിബിയയിലും അഫ്ഗാനിസ്ഥാനിലുമായി തുടര്‍ച്ചയായി നൂറുകണക്കിന് നിരപരാധികളെ കൊന്നൊടുക്കുന്ന നാറ്റോ എന്ന സൈനികസഖ്യത്തില്‍ നോര്‍വേയ്ക്ക് സുപ്രധാന പങ്കുണ്ട്.

ഓസ്ലോ ദുരന്തം ലോകത്തെ ഞെട്ടിപ്പിക്കുന്നത് അതില്‍ മരിച്ചവര്‍ വെള്ളക്കാരായതുകൊണ്ടു മാത്രമാണ്. അഫ്ഗാനിസ്ഥാനിലോ പാക്കിസ്ഥാനിലോ ഇന്ത്യയിലോ ഇറാഖിലോ ഇത്രയും അല്ലെങ്കില്‍ ഇതിലുംകൂടുതല്‍ പേര്‍ ദുരന്തത്തിനിരയായിരുന്നെങ്കില്‍ അതൊരീച്ച പാറിയ ചലനംപോലും ലോകമാധ്യമങ്ങളിലുണ്ടാക്കുമായിരുന്നില്ല.
u-kalanathan
kalanathanയു. കലാനാഥന്‍-യുക്തിവാദി സംഘം സംസ്ഥാന പ്രസിഡന്റ്

ലോകമെമ്പാടും ഇസ്‌ലാമിക തീവ്രവാദം വേരൂന്നിനില്‍ക്കുന്നു എന്നതൊരു സത്യമാണ്. ഇത് ശാന്തരായി ജീവിക്കുന്ന മറ്റ് മതവിഭാഗങ്ങളിലും തീവ്രവാദ ചിന്ത വളര്‍ത്തുമെന്നതില്‍ സംശയമില്ല. ഇസ്‌ലാമിന് അവരുടെ മതം പ്രചരിപ്പിക്കാനുള്ള അവകാശം മറ്റെല്ലാവര്‍ക്കുമുള്ളതുപോലെയുണ്ട്. എന്നാല്‍ ആയുധങ്ങളിലൂടെയും അക്രമങ്ങളിലൂടെയും ഒരു ആഗോള ഇസ്‌ലാം രാഷ്ട്രം നിര്‍മ്മിക്കുക എന്ന ലക്ഷ്യമാണ് ഈ തീവ്രവാദികളുടെ മതപ്രചരണത്തിനുള്ളത്. അതിനുവേണ്ടി അവര്‍ സഞ്ചരിക്കുന്ന മാര്‍ഗങ്ങള്‍ ശാന്തരായി ജീവിക്കുന്ന മറ്റ് മതസ്ഥരെ ദ്രോഹിക്കുന്നതാണ്. ഈ സാഹചര്യത്തില്‍ സഹികെടുമ്പോള്‍ മറ്റ് വിഭാഗക്കാരും ആയുധമെടുക്കുന്നതിനെ കുറ്റംപറയാനാവില്ല.

ഓസ്ലോയിലെ കൂട്ടക്കൊലയെ ഞാന്‍ ന്യായീകരിക്കുകയല്ല, എങ്കിലും ആ കൊലയ്ക്കുപിന്നിലെ ന്യായത്തെ തള്ളിക്കളയാനാവില്ല. കോല്ലുന്നവനെ കൊല്ലുക എന്ന പ്രാകൃത നയം നടപ്പാക്കുന്നതിനെ അംഗീകരിക്കുകയല്ല, മറിച്ച് കൊല്ലുന്നവനെതിരെ നടപടികളുണ്ടാവാതിരിക്കുമ്പോള്‍ കൊലചെയ്യപ്പെട്ടയാളുടെ ബന്ധുക്കള്‍ക്കുണ്ടാക പക സ്വാഭാവികമാണ്. അതിനാല്‍ ഇത്തരം തീവ്രവാദികളെ ഇല്ലായ്മ ചെയ്യുകയാണ് ആദ്യം വേണ്ടത്.

ഭീകരവാദം എന്നത് ലോകമെമ്പാടുമുള്ള എല്ലാ മതങ്ങളിലേക്കും വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. അതിന്റെ അടിസ്ഥാന കാരണങ്ങള്‍ പരിശോധിച്ച് ശാശ്വത പരിഹാരം കാണുകയാണ് വേണ്ടത്. ആയുധമെടുത്ത് തീവ്രവാദികള്‍ക്കു പിറകേ ഓടുകയല്ല ഭരണകൂടം ചെയ്യേണ്ടത്. തീവ്രവാദത്തിന്റെ സ്‌ത്രോതസ്സ് കണ്ടെത്തി അതിനെ നശിപ്പിക്കുകയാണ് ചെയ്യേണ്ടത്. മതപരമായ അന്ധവിശ്വാസങ്ങളാണ് ഈ തീവ്രവാദ ചിന്തകളുണ്ടാക്കുന്നത്. ബൗദ്ധികവും മതനിരപേക്ഷവുമായ ഇടപെടല്‍ നടത്തി ഈ അന്ധവിശ്വാസങ്ങളെ വേരോടെ പിഴുതെറിയുകയാണ് വേണ്ടത്.

6 Responses to “ഓസ്ലോ കൂട്ടക്കൊല ക്രിസ്ത്യന്‍ തീവ്രവാദമോ?”

 1. ICE

  കാലാനതന്റെ അഭിപ്രായത്തോട് യോജിക്കുന്നു അതാണ്‌ സത്യം

 2. pramod

  ക്രിസ്ത്യന്‍ ഭീകരവാദം മുഖംമൂടി ഇട്ടുകൊണ്ട്‌ ലോകത്തിന്റെ പല ഭാഗത്തും വളര്‍ന്നു വരുന്നതായി തന്നെയാണ് ഈ സംഭവം കാണിക്കുന്നത്.കേരളത്തില്‍ തന്നെ സമ്പത്ത് കൈക്കലാക്കുന്നത് ക്രിസ്ത്യന്‍ സമൂഹത്തില്‍ നിന്ന് മാറി പോകുന്നതിനെ തികച്ചും അസഹിഹിഷ്ണുതയോടെ ആണ് സഭകള്‍ കാണുന്നതെന്ന സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ ഉണ്ട്. പിന്നെ വിഘടിച്ചു നില്‍ക്കുന്ന കൂട്ടത്തില്‍ പെട്ട പെന്തകൊസ്തുകാരും തങ്ങളുടെ പല തലങ്ങളില്‍ തങ്ങളുടെ ശക്തി വര്‍ധിപ്പിച്ചു കൊണ്ടിരിക്കുന്നുണ്ട്‌. ചിന്തകര്‍ , അഭിപ്രായരൂപീകരണത്തില്‍ പങ്കുള്ളവര്‍,തുടങ്ങി സമൂഹത്തിന്റെ മേലെ തട്ട് മുതല്‍ ഉള്ളവരിലേക്ക് എത്തിച്ചേരുന്നതിന് പല പല മാര്‍ഗങ്ങളിലൂടെ അവര്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. അതിനു യു കലാനാത്ഹന്‍ പറയുന്നവ ഒരു ചെറിയ കാരണമേ ആവുന്നുള്ളൂ. ഇവകളില്‍ പലതും സ്വാര്‍ത്ഥ ലഭേച്ചയാല്‍ മാത്രം പ്രവര്‍ത്തിക്കുന്നവയാണ്. പക്ഷെ ഇങ്ങനെ മാറ്റപ്പെടുന്നവ്ര്‍ പലപ്പോഴും സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്നും മാറിപ്പോവുകയും പിന്നീട് മത മൌലിക വടതിലേക്ക് അതുവഴി തീവ്ര, ഭീകര വാദങ്ങളിലെക്കും തിരിയാം.ഈ വഴിയിലൂടെ തന്നെയാണ് ഇസ്ലാമിലും ഭീകരവാദികള്‍ കേരളത്തില്‍ ഉണ്ടായതു.

 3. ബാബു കണ്ണാനോട്

  ഇറാഖിലെ അമേരിക്കന്‍ അധിനിവേശത്തെ ദൈവീകമായ ഒന്നായി പ്രഖ്യാപിച്ചു നടക്കുന്ന ഇവാ‍ഞ്ചലിക്കല്‍ ഗ്രൂപ്പുകള്‍ കേരളത്തലി്‍ പോലും പ്രവര്‍ത്തിക്കുന്നുണ്ട്. എല്ലാ മതത്തിലും തീവ്രവാദത്തിന്‍റെതേയാ ഘടകങ്ങളുണ്ട്. ചിലയിടത്ത് അത് കൂടുതല്‍ പ്രകടമാകുന്നു എന്ന് മാത്രം.
  ക്രൈസ്തവ മതവും അതില്‍ നിന്ന് മുക്തമല്ല. ഭരണകൂടങ്ങളില്‍ കൂടുതല്‍ നിയന്ത്രണമുള്ളത് കൊണ്ട് ക്രൈസ്തവ തീവ്രവത ഭരണകൂടത്തിന്‍റെ ഭാഗമായും പ്രകടമാകുന്നുണ്ട്. യൂറോപ്പിലും അമേരിക്കയിലുമെല്ലാം അത് പകല്‍ പോലെ ദൃശ്യമാണ്. ജനാധിപത്യത്തിന്‍റെ വായു എത്ര തന്നെ ശ്വസിച്ചാലും ഭൂരിപക്ഷമാകുന്ന സ്ഥലങ്ങളില്‍ ക്രൈസ്തവ നേതൃത്വം ഏകാധിപത്യം കാണിക്കുന്നുണ്ട്. ഹിന്ദുത്വ തീവ്രവാദവും മുസ്ലിം തീവ്രവാദവും പോലെ ക്രൈസ്തവ തീവ്രവാദവും യാഥാര്‍ത്ഥ്യമാണ്. അതിന്‍റെ സ്വഭാവം, ഘടന, തുടങ്ങിയ കാര്യങ്ങളിലേ വ്യത്യാസമുള്ളൂ..

 4. kunjaappa

  കലാനാഥന്ന് മകന്‍ ചത്തും മരുമകളുടെ കണ്ണീരു കാണാന്‍ കൊതിക്കുന്ന അമ്മായി അമ്മയുടെ മനസ്സാണ്

 5. AAROMAL

  excellent

 6. Hari mathilakam

  എല്ലാം ഇന്ന് മതാടിസ്ഥാനത്തില്‍ ആയിരിക്കുന്നു പ്രതികരണങ്ങള്‍ പോലും യാഥാര്‍ത്യത്തിന് നേരെ മുഖം തിരിക്കുകയല്ല മതത്തിന് അമിത പ്രാധാന്യം കൊടുക്കുന്നതാണ് ഈ പ്രശ്നങ്ങള്‍ക്കെല്ലാം കാരണം നമ്മുടെ നാടിനോടുള്ള സ്നേഹമാണ്‍ മുന്നില്‍ നില്‍ക്കേണ്ടത് അത് കഴിഞ്ഞേ മതവും ദൈവത്തിനും സ്ഥാനം കൊടുക്കാവൂ ……..

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.