Administrator
Administrator
കേരളം ഭരിക്കുന്നത് ബാക്ക് സീറ്റ് ഡ്രൈവര്‍മാരോ?
Administrator
Saturday 30th July 2011 5:30pm

dool-news-lunch-break

സംസ്ഥാനത്തു മുന്‍പ് ഭരിച്ചിരുന്നവരും ഇപ്പോള്‍ ഭരിക്കുന്നവരും തമ്മില്‍ അവിശുദ്ധ കൂട്ടുകെട്ടുണ്ടെന്ന് കേന്ദ്രമന്ത്രി മുല്ലപ്പളളി രാമചന്ദ്രന്‍ കോഴിക്കോട് പ്രസ്താവിച്ചത് കേരളം വേണ്ട വിധത്തില്‍ ചര്‍ച്ച ചെയ്തിട്ടില്ല. രാഷ്ട്രീയത്തിനതീതമായി സൗഹൃദങ്ങളും ബന്ധങ്ങളുമാകാം. അത് ആവശ്യവുമാണ്. എന്നാല്‍ ഈ ബന്ധത്തെ കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവുകൂടിയായ മന്ത്രിക്ക് അവിശുദ്ധകൂട്ടുകെട്ടെന്ന് വിളിക്കേണ്ടി വന്നത് എന്തുകൊണ്ടായിരിക്കും?.

അവിശുദ്ധ കൂട്ടുകെട്ടിന് പിന്നില്‍ പല അവിശുദ്ധ ഇടപാടുകളും നടക്കും. ഇരു മുന്നണികളിലെയും നേതാക്കള്‍ പ്രതിയാക്കപ്പെട്ട അഴിമതി, പെണ്‍വാണിഭക്കേസുകളുണ്ട്. പല രാഷ്ട്രീയ നേതാക്കള്‍ക്കും പ്രത്യക്ഷമായതും പരോക്ഷമായതുമായ വ്യവസായ സാമ്പത്തിക ഇടപാടുകളുണ്ട്. ഇത്തരം കേസുകള്‍ അട്ടിമറിക്കാനും ഇടപാടുകള്‍ ശക്തിപ്പെടുത്താനും ഈ ബന്ധം ഉപയോഗിക്കപ്പെടുന്നുണ്ടെങ്കില്‍ കേരളം അര്‍ഹിച്ച പ്രാധാന്യത്തോടെ അത് ചര്‍ച്ച ചെയ്യേണ്ടതുണ്ട്. പൊതുജനത്തെ വിഡ്ഢികളാക്കുന്ന ഈ അവിശുദ്ധ കൂട്ടുകെട്ടിനെക്കുറിച്ച് ഡൂള്‍ന്യൂസ് ലഞ്ച് ബ്രേക്ക് ചര്‍ച്ച ചെയ്യുന്നു… കേരളം ഭരിക്കുന്നത് ബാക്ക് സീറ്റ് ഡ്രൈവര്‍മാരോ?

അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്(മാധ്യമപ്രവര്‍ത്തകന്‍, ഇടതുപക്ഷ നിരീക്ഷകന്‍)

ഇത് ജനങ്ങള്‍ക്കെല്ലാം അറിയാവുന്ന ഒരു സത്യമാണ്. സാധാരണഗതിയില്‍ മന്ത്രിമാരും രാഷ്ട്രീയ നേതാക്കന്മാരും ഇക്കാര്യം തുറന്ന് പറയാറില്ല.. അഴിമതിരഹിതമായൊരു ഭരണം കാഴ്ചവയ്ക്കുമെന്ന് നൂറ് ദിന് കര്‍മ്മ പരിപാടിയിലും നയപ്രഖ്യാപനത്തിലും വ്യക്തമാക്കിയയാളാണ് കേരളം ഭരിക്കുന്നത്.

24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന വെബ് ക്യാമറക്ക് കീഴില്‍ പ്രവര്‍ത്തിച്ചാലൊന്നും ഒഴിവാക്കാനാവുന്നതല്ല അഴിമതി. ഇത്തരം ഒരു സാഹചര്യത്തില്‍ സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രിക്കെതിരെ പാര്‍ട്ടിയുടെ തന്നെ പ്രമുഖ നേതാവ് അഴിമതിക്കെതിരെ ജാഗരൂകനായിരിക്കണമെന്ന് പറഞ്ഞതിന് ഒരുപാട് അര്‍ത്ഥതലങ്ങളുണ്ട്. ചുരുക്കിപ്പറഞ്ഞാല്‍ അതിനൂതന സംവിധാനങ്ങളൊരുക്കി 24 മണിക്കൂറും വീക്ഷിച്ചാലൊന്നും രാഷ്ടീയക്കാരും അഴിമതിക്കാരും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട് ഇല്ലാതാക്കാന്‍ കഴിയില്ല.

കെ.എം. ഷാജഹാന്‍(വി.എസ് അച്ച്യുതാനന്ദന്റെ മുന്‍ പ്രൈവറ്റ് സെക്രട്ടറി)
അങ്ങനെയൊരു കൂട്ടുകെട്ടുള്ളതായി എനിക്കറിയില്ല. മുല്ലപ്പള്ളിയാണ് അവിശുദ്ധ കൂട്ടുകെട്ടുണ്ട് എന്നു പറഞ്ഞത്. അതിനെക്കുറിച്ച് അദ്ദേഹത്തോട് തന്നെ ചോദിക്കണം. അങ്ങനെയൊന്നുള്ളതായി എനിക്ക് തോന്നിയിട്ടില്ല. അദ്ദേഹത്തിനങ്ങിനെ തോന്നിയിട്ടുണ്ടാവാം.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് സി.പി.ഐ.എമ്മിലെ ഒരു വിഭാഗത്തിന് ഫാരിസ് അബൂബക്കറിനെയും സാന്റിയാഗോ മാര്‍ട്ടിനെയും പോലുള്ള ചിലരുമായി അവിശുദ്ധ കൂട്ടുകെട്ടുള്ളതായി തോന്നിയിട്ടുണ്ട്. ഇവര്‍ക്ക് ചില സി.പി.ഐ.എം നേതാക്കളെ സ്വാധീനിക്കാന്‍ കഴിഞ്ഞിരുന്നു.


ബര്‍ലിന്‍ കുഞ്ഞന്തന്‍നായര്‍(സി.പി.ഐ.എമ്മിന്റെ ആദ്യ പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്ത ആള്‍)

ഓരോ സര്‍ക്കാറിന്റെ കാലത്തും എതിര്‍പക്ഷത്ത് നിന്നുള്ള ആളുകളുടെ സാന്നിധ്യമുണ്ടായിരിക്കും. ഐസ്‌ക്രീം കേസില്‍പ്പെട്ട കുഞ്ഞാലിക്കുട്ടിയെ രക്ഷിക്കാന്‍ നായനാര്‍ സര്‍ക്കാറിലെ ചിലര്‍ പ്രവര്‍ത്തിച്ചിരുന്നു. അതിന്റെ ഫലമായാണ് കുഞ്ഞാലിക്കുട്ടി അന്ന് രക്ഷപ്പെട്ടത്.

ഇടത് സര്‍ക്കാറിന്റെ കാലത്ത് മുസ്‌ലിം ലീഗിന്റെ കാര്യങ്ങള്‍ സംരക്ഷിക്കാന്‍ സി.പി.ഐ.എമ്മിലെ ഒരു വിഭാഗം എന്നും പ്രവര്‍ത്തിക്കാറുണ്ട്. ഉമ്മന്‍ചാണ്ടി സര്‍ക്കാറില്‍ സി.പി.ഐ.എം നേതാക്കളെ സംരക്ഷിക്കാന്‍ ഇത്തരത്തില്‍ ആളുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

അടിസ്ഥാനപരമായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വിപ്ലവ ബഹുജന പാര്‍ട്ടിയാണ്. ഇക്കാര്യം ഇ.എം.എസ് വ്യക്തമായിപ്പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഇതിനെ ബൂര്‍ഷ്വാവര്‍ഗ്ഗ താല്‍പര്യങ്ങള്‍ക്കനുസരിച്ച് വളച്ചൊടിക്കുകയാണ് ഇപ്പോഴത്തെ നേതൃത്വം ചെയ്യുന്നത്. കഴിഞ്ഞ 14 വര്‍ഷമായി പിണറായി വിജയന്‍ പാര്‍ട്ടിയില്‍ ഈ ബൂര്‍ഷ്വാ നയങ്ങളാണ് നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. പിണറായിക്ക് കുഞ്ഞാലിക്കുട്ടിയുമായി 1996 മുതല്‍ തന്നെ സഖ്യമുണ്ടാക്കാന്‍ കഴിഞ്ഞത് ഇതുകൊണ്ടാണ്. കരുണാകരനും മുരളിയുമായും പിണറായിക്ക് ഇത്തരത്തില്‍ സഖ്യമുണ്ടായിരുന്നു. അവരെ എല്‍.ഡി.എഫില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിച്ചത് ഇതിനുദാഹരണമാണ്. വര്‍ഗ്ഗ താല്‍പര്യത്തെ വഞ്ചിക്കപ്പെടുന്നതുകൊണ്ടാണ് ഇത്തരം ഐക്യപ്പെടല്‍ സാധ്യമാകുന്നത്.

കെ.അജിത(അന്വേഷി പ്രസിഡണ്ട്)

മുല്ലപ്പള്ളിയുടെ പ്രസ്താവനയെ ഞാന്‍ അത്ര ഗൗരവമായി എടുത്തിട്ടില്ല. എന്തുകൊണ്ടാണ് അദ്ദേഹം ഇത്തരമൊരു പ്രസ്താവന നടത്തിയതെന്ന് പറയാന്‍ അദ്ദേഹത്തിന് മാത്രമേ കഴിയുകയുള്ളു. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍വരുമ്പോള്‍ പഴയ സര്‍ക്കാര്‍ ചെയ്തിട്ടുള്ള നല്ലതും ചീത്തയുമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും. ഇതില്‍ ഏതുകാര്യത്തെ ഉദ്ദേശിച്ചാണ് മുല്ലപ്പള്ളി ഇത്തരം പ്രസ്താവനയിറക്കിയതെന്ന് അദ്ദേഹത്തിന് മാത്രമേ അറിയുകയുള്ളു.


എം.വി ജയരാജന്‍(സി.പി.ഐ.എം സംസ്ഥാന കമ്മിറ്റി അംഗം)

മുമ്പ് ഭരിച്ച സര്‍ക്കാരിന്റെ നയവും ഇപ്പോഴത്തെ സര്‍ക്കാരിന്റെ നയവും തമ്മില്‍ വ്യത്യാസമുണ്ട്. പിന്നെങ്ങനെയാണ് ഇവര്‍ തമ്മില്‍ അവിശുദ്ധ കൂട്ടുകെട്ടുണ്ടാവുക. മുല്ലപ്പള്ളി അങ്ങനെയൊരു പ്രസ്താവന നടത്തിയിട്ടുണ്ടെങ്കില്‍ അത് എന്തടിസ്ഥാനത്തിലാണെന്ന് അദ്ദേഹം വ്യക്തമാക്കണം. അദ്ദേഹം കേന്ദ്ര ആഭ്യന്തര സഹമന്ത്രിയാണ്. അങ്ങനെയുള്ള ഒരാള്‍ ഒരടിസ്ഥാനവുമില്ലാതെ ഇത്തരം ഒരു പ്രസ്താവന നടത്തിയതെന്തിനാണ്? മുന്‍ ഭരണത്തിലുള്ള ആരെങ്കിലുമായി ഇപ്പോഴത്തെ സര്‍ക്കാരിന് അവിശുദ്ധ കൂട്ടുകെട്ടുള്ളതായി മുല്ലപ്പള്ളിക്ക് അറിയാമെങ്കില്‍ അത് ആരൊക്കെ തമ്മിലാണെന്ന് വ്യക്തമാക്കാന്‍ തയ്യാറാകണം.

കോണ്‍ഗ്രസുകാരും കമ്മ്യൂണിസ്റ്റുകാരും തമ്മില്‍ നയത്തിന്റെ കാര്യത്തില്‍ വലിയ വ്യത്യാസമുണ്ട്. കോണ്‍ഗ്രസ് ആഗോളവത്കരണത്തെ പിന്തുണയ്ക്കുന്നു. കമ്മ്യൂണിസ്റ്റുകാര്‍ ആഗോളവത്കരണത്തെ എതിര്‍ക്കുന്നു. ജനപക്ഷനയമാണ് കമ്മ്യൂണിസ്റ്റുകാര്‍ പിന്തുടരുന്നത്. കോണ്‍ഗ്രസിന്റെ കാര്യം നേരെ തിരിച്ചാണ്. നയപരമായി ഇങ്ങനെയുള്ള വ്യത്യാസമുണ്ടെങ്കിലും വ്യക്തികള്‍ തമ്മില്‍ നിറത്തിലും, ധരിക്കുന്ന വസ്ത്രത്തിന്റെ കാര്യത്തിലും ഐക്യമുണ്ടാകും. എന്നാല്‍ എല്‍.ഡി.എഫും യു.ഡി.എഫും തമ്മിലുള്ള വ്യത്യാസം സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ നയങ്ങളുടെ കാര്യത്തിലാണ്. ഈ വ്യത്യാസം ഉള്ളതിനാല്‍ ഇവര്‍ തമ്മില്‍ അവിശുദ്ധ കൂട്ടുകെട്ട് സാധ്യമല്ല.

ടി.എന്‍ പ്രതാപന്‍ എം.എല്‍.എ(കോണ്‍ഗ്രസ് നേതാവ്)

ഏത് സാഹചര്യത്തിലാണ് മുല്ലപ്പള്ളി അങ്ങനെ പറഞ്ഞതെന്നറിയില്ല. ഈ പ്രസ്താവനയെക്കുറിച്ച് കേട്ടപ്പോള്‍ ഞാന്‍ അദ്ദേഹവുമായി ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ അദ്ദേഹം തിരക്കിലായതിനാല്‍ സംസാരിക്കാന്‍ കഴിഞ്ഞില്ല. മുല്ലപ്പള്ളിയുമായി ഇക്കാര്യം ചര്‍ച്ചചെയ്യാതെ ഞാന്‍ പ്രതികരിക്കുന്നത് ശരിയല്ല.

ബേബി കളത്തില്‍ (കൊടുങ്ങല്ലൂര്‍)

മുല്ലപ്പള്ളിയുടെ പ്രസ്താവന അസംബന്ധമായാണ് എനിക്ക് തോന്നിയത്. കഴിഞ്ഞസര്‍ക്കാരിന്റെയും ഇപ്പോഴത്തെ സര്‍ക്കാരിന്റെയും നയങ്ങള്‍ തമ്മില്‍ വ്യത്യാസമുണ്ട്. നയങ്ങളില്‍ വ്യതിയാനമുണ്ടായിട്ടുണ്ടെന്ന കാര്യം ഞാന്‍ സമ്മതിക്കുന്നു.

കഴിഞ്ഞ മന്ത്രിസഭയില്‍ ചില മോശം പ്രവണതകളുണ്ടായിരുന്നു. പക്ഷെ അത് ആ സര്‍ക്കാര്‍ ജനങ്ങള്‍ക്കൊപ്പമായിരുന്നു. എന്നാല്‍ എനിക്ക് തോന്നുന്നത് ഇപ്പോഴത്തെ സര്‍ക്കാരിന് ദീര്‍ഘവീക്ഷണമില്ലെന്നാണ്. ഇവരുടെ നിലപാടുകള്‍ ജനങ്ങള്‍ക്ക് ( പാവപ്പെട്ടവര്‍ക്ക്) എതിരാണ്.

ഞാന്‍ മുല്ലപ്പള്ളിയുടെ ആരാധകനല്ല. ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെ ഭാഗമായി അദ്ദേഹം പലപ്പോഴും ഉപരിപ്ലവമായി ചില പ്രസ്താവനകളിറക്കും. വസ്തുതകളെക്കാള്‍ പുകമറകളായിരിക്കും അതില്‍ കൂടുതലും.

കേരളം ഭരിക്കുന്നത് പിന്‍സീറ്റ് ഡ്രൈവര്‍മാരോ എന്ന വിഷയം ചര്‍ച്ച ചെയ്യാന്‍ ഡൂള്‍ന്യൂസ് കേരളത്തിലെ രാഷ്ട്രീയ,സാംസ്‌കാരിക, സാഹിത്യ മേഖലകളിലെ പ്രമുഖരുമായി ബന്ധപ്പെട്ടുവെങ്കിലും ഇതൊരു വിവാദ വിഷയമാണെന്നും തങ്ങള്‍ പ്രതികരിക്കാനില്ലെന്നും അറിയിക്കുകയായിരുന്നു. അതുകൊണ്ടു തന്നെ പൂര്‍ണ്ണമായൊരു സംവാദം ഈ വിഷയത്തില്‍ ഇനിയും നടക്കേണ്ടിയിരിക്കുന്നു.

മറ്റ് ലഞ്ച് ബ്രേക്കുകള്‍

‘മാരന്റെ രാജി കോണ്‍ഗ്രസ് സ്വയം കുഴിച്ച കുഴി’

വിവാദത്തില്‍ മുങ്ങി ആദ്യ ബജറ്റ്

ഓസ്ലോ കൂട്ടക്കൊല ക്രിസ്ത്യന്‍ തീവ്രവാദമോ?

ഡോക്ടര്‍മാരുടെ സമരം ആരെ സഹായിക്കാന്‍?

വര്‍ധിപ്പിക്കുന്ന ബസ് ചാര്‍ജ് ജനം ഒടുക്കണോ?

ലൈംഗിക വിവാദങ്ങള്‍ സി.പി.ഐ.എമ്മിനെ വേട്ടയാടുകയാണോ?

എന്‍ഡോസള്‍ഫാന്‍: സുധീരന്റെ നിലപാട് കാപട്യമോ?


Advertisement