Categories

ഡൂള്‍ ന്യൂസ് യാത്ര തുടങ്ങുന്നു

ബാബു ഭരദ്വാജ്

അറിയിക്കേണ്ട കാര്യങ്ങള്‍ അറിയിക്കാതെയും പറയേണ്ട കാര്യങ്ങള്‍ സമയത്ത് പറയാതെയും തലയുയര്‍ത്തിപ്പിടിക്കേണ്ടപ്പോള്‍ തല കുനിക്കുകയും, കുനിയാന്‍ പറഞ്ഞാല്‍ മുട്ടിലിഴയാന്‍ തയ്യാറാവുകയും ചെയ്യുന്ന ഒരു മാധ്യമ സംസ്‌കാരമാണ് ഇന്നുളളത്. കോര്‍പ്പറേറ്റ് ലോബികളുടെയും മതരാഷ്ട്രീയ സാമുദായിക കക്ഷികളുടെയും വാലോ തലയോ ആയി മാറിപ്പോയിരിക്കുന്നു മാധ്യമപ്രവര്‍ത്തനം.

വാര്‍ത്തകള്‍ ഉല്‍പന്നങ്ങള്‍ മാത്രമായി മാറിയ കാലമാണിത്. അപ്പോള്‍ വാര്‍ത്തകള്‍ ജനങ്ങളെ തേടുന്നില്ല, മറിച്ച് വിപണിയെ തേടുന്നു. പിന്നെ വിപണിയാണ് വാര്‍ത്തകളുടെ മുന്‍ഗണന നിശ്ചയിക്കുന്നത്. അത് പ്രസിദ്ധീകരിക്കണോ വേണ്ടയോ എന്ന് പോലും. ലോകത്ത് മനുഷ്യ പോരാട്ട ചരിത്രങ്ങളിലെല്ലാം ഇന്ധനമായിത്തീര്‍ന്ന മാധ്യമങ്ങള്‍ അങ്ങിനെയാണ് കമ്പോളത്തിന് വിലയിടാവുന്ന വെറും അക്ഷരക്കൂട്ടങ്ങള്‍ മാത്രമായി ചുരുങ്ങിയത്.

നിര്‍ഭയത നഷ്ടപ്പെട്ട ഒരു മൃത ജഡമാണ് ഇന്ന് മാധ്യമങ്ങള്‍. ഏത് ദുഷ് ശക്തികള്‍ക്കും വാടകക്കെടുക്കാവുന്നതാണത്. നട്ടെല്ലുളള മാധ്യമപ്രവര്‍ത്തനം ദുഷ്‌ക്കരമായ ഒരു കാലത്താണ് ഞങ്ങള്‍ അത്തരം ഒരു സാധ്യത അന്വേഷിക്കുന്നത്. പൂര്‍ണ്ണമായും കച്ചവടം മാത്രം മാധ്യമ നിലപാടുകളെ നിര്‍ണയിക്കുന്ന സമയത്ത് ചെറുതെങ്കിലും വേറിട്ട ഉറച്ചശബ്ദമായിരിക്കുമത്.

ചില കാര്യങ്ങള്‍ ഉറക്കെ പറയേണ്ടതുണ്ടെന്ന തിരിച്ചറിവാണ് ഡൂള്‍ ന്യൂസ്.കോം. വാര്‍ത്തകളെ വെറും ഉല്‍പ്പന്നങ്ങളായല്ല, മറിച്ച് മനുഷ്യ ചരിത്രത്തിന്റെ അതിജീവനത്തിനുള്ള തിരിച്ചറിവും ഊര്‍ജവുമായാണ് ഞങ്ങള്‍ കാണുന്നത്. ഉണര്‍ന്നിരിക്കുന്ന മാധ്യമങ്ങളുള്ളപ്പോഴേ ഉണര്‍ന്നിരിക്കുന്ന സമൂഹവുമുണ്ടാവുകയുള്ളൂ.

സ്വാതന്ത്ര്യത്തിന്റെ വായുവിന് വേണ്ടി മാധ്യമങ്ങള്‍ നടത്തിയ പോരാട്ടങ്ങള്‍ക്ക് പച്ച രക്തത്തിന്റെ മണമുണ്ട്. ആ രക്തത്തെ ചരിത്രത്തിന്റെ ഓര്‍മ്മകള്‍ക്ക് വിട്ടുകൊടുക്കാതെ അതിന്റെ സമരോത്സുകത ഏറ്റെടുത്ത് ജീവിക്കുന്ന വര്‍ത്തമാന സാക്ഷ്യങ്ങളും നമ്മുടെ മുമ്പിലുണ്ട്. അതിന്റെ തുടര്‍ച്ചകളെ ശക്തിപ്പെടുത്തേണ്ടതുണ്ടെന്ന് ഞങ്ങള്‍ കരുതുന്നു.

മനുഷ്യ ജീവതത്തിന്റെ എല്ലാ ഇടപെടലുകളും രാഷ്ട്രീയ പ്രവര്‍ത്തനം കൂടിയാണ്. അപ്പോള്‍ മാധ്യമപ്രവര്‍ത്തനവും ഒരു രാഷ്ട്രീയ പ്രവര്‍ത്തനമാണ്. ജനപക്ഷത്തുനില്‍ക്കുന്ന ഒരു രാഷ്ട്രീയ പാര്‍ട്ടികളെയും ഞങ്ങള്‍ ശത്രുപക്ഷത്ത് നിര്‍ത്തില്ല, അതിനര്‍ഥം ഞങ്ങള്‍ അവരെ വിമര്‍ശിക്കില്ലെന്നല്ല, നിശിതമായിരിക്കും ഞങ്ങളുടെ വിമര്‍ശനം, തെറ്റ് തെറ്റാണെന്ന് മുന്‍വിധികളോ പിന്‍വിധികളോ ഇല്ലാതെ ഞങ്ങള്‍ തുറന്നടിക്കും.

വാര്‍ത്തകള്‍ ശീതീകരിച്ച മുറിക്കുള്ളില്‍ നിന്ന് ഉല്‍പാദിപ്പിക്കേണ്ടതല്ല. പൊതുജനത്തിന്റെ കണ്ണും കാതും നാവുമാവണമത്. അധികാരത്തിന്റെ ഇടനാഴികളില്‍ നിന്ന് കച്ചവടത്തിന്റെ പങ്കു പറ്റുന്ന മാധ്യമപ്രവര്‍ത്തനത്തിന്റെ പൊള്ളത്തരവും ചിലപ്പോള്‍ ഞങ്ങള്‍ക്ക് തന്നെ പറയേണ്ടി വരും. വാര്‍ത്തകളാണ് ചരിത്രമാകുന്നത്. അത് രേഖപ്പെടുത്തുന്നതില്‍ തെറ്റ് പറ്റാന്‍ പാടില്ലെന്ന് ഞങ്ങള്‍ കരുതുന്നു.

അറിയാനുളളത് നേരായി അറിയിച്ചും പറയാനുളളത് നേരായി പറഞ്ഞും ആഘോഷിക്കാനുളളത് നിറഞ്ഞ മനസ്സോടെ തിമിര്‍ത്താഘോഷിച്ചും ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പമുണ്ടാകും. ജനങ്ങള്‍ക്കിഷ്ടപ്പെട്ട ഒന്നും ഞങ്ങള്‍ക്കന്യമല്ല, ആ ഇഷ്ടങ്ങളെ പ്രകീര്‍ത്തിക്കാനും ചിലപ്പോള്‍ പ്രതിരോധിക്കാനും പലപ്പോഴും കടന്നാക്രമിക്കാനും ഞങ്ങള്‍ക്ക് കഴിയും. പുതിയ സാങ്കേതിക വിദ്യയുടെ എല്ലാ സാധ്യതകളും പരമാവധി പ്രയോജനപ്പെടുത്തിക്കൊണ്ടായിരിക്കും ഡൂള്‍ ന്യൂസ്.കോമിന്റെ ഇടപെടലുകള്‍.

മുഴുവന്‍ ജനവിഭാഗങ്ങളുടെയും ശബ്ദം നിങ്ങള്‍ക്കിവിടെ കേള്‍ക്കാം. അതില്‍ ഇതുവരെ കേള്‍ക്കാത്ത ആരും കേള്‍പ്പിക്കാത്ത ചില നേര്‍ത്ത ശബ്ദങ്ങളുമുണ്ടാകും. മൗനത്തിനു പോലും ഒരു ശബ്ദമുണ്ടാവുമെന്ന് ഞങ്ങള്‍ക്കറിയാം. മൗനവും ഒരു രാഷ്ട്രീയ പ്രവര്‍ത്തനമാകുന്ന കാലവുമുണ്ടാകാം. ഇന്നേവരെ എല്ലാവരും മനപ്പൂര്‍വ്വം അവഗണിച്ചതും തിരസ്‌കരിച്ചതുമായ ശബ്ദങ്ങള്‍ ചിലപ്പോള്‍ നിങ്ങളെ അലോസരപ്പെടുത്തിയേക്കാം. പക്ഷെ ചില ശബ്ദങ്ങള്‍ കേള്‍പ്പിക്കേണ്ടതുണ്ട്, ചില കാഴ്ചകള്‍ കാണിക്കേണ്ടതുമുണ്ട്.

അത്തരമൊരു സാധ്യതയുടെ അന്വേഷണവഴികളില്‍ നിങ്ങളും ഞങ്ങള്‍ക്കൊപ്പം ഉറച്ചുനില്‍ക്കുമന്നു കരുതുന്നു. മുന്നിലുളള സകല പ്രതിബന്ധങ്ങളെയും മറികടക്കാന്‍ അത്തരമൊരു സഹകരണം ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു. നിങ്ങള്‍ ഞങ്ങള്‍ക്കൊപ്പമുണ്ടാവുമെന്ന വിശ്വാസത്തോടെ ഞങ്ങള്‍ പുതിയൊരു യാത്രക്കായി നിങ്ങള്‍ക്കൊപ്പം ഇറങ്ങുന്നു.

6 Responses to “ഡൂള്‍ ന്യൂസ് യാത്ര തുടങ്ങുന്നു”

 1. Jawahar.P.Sekhar

  Babu,
  I am proud to be the first one to congratulate you for your bold innaugral editorial.
  You take the lead we will follow

 2. v.sreekumar

  when it is started……. will not be commented…… wait and see what will happen from DOOL. many of them told we are with new views and news.. what happened to them is history / his story… Babu the colouminist has some different strokesbut what will be for his Journalism

 3. Vinod Nair

  Best Wishes

 4. np hafiz mohamad

  allright.but always this has been told by editors.or even media capitalists.
  so the task is future.the words to be proved by acts.if it is so,a common reder,a keralite who is loosing hope in so called established media,may move with doonews.we need alternate ones,every where.let us see,let us wait.

 5. Fyzee

  late aay vandhaalum latest aay varuven…
  Best wishes

 6. anil

  സാംസ്കാരിക നായകന്മാര്‍ക്കൊപ്പം ദൂള്‍ നൂസിനും തൊണ്ടയില്‍ കിച് കിച്ചന്നോ?.സാഹിത്യ കാരന്മാര്‍ ജാഗ്രതൈ !!
  ദൈവങ്ങളുടെ പേര് ഏതെങ്കിലും കഥാപാത്രങ്ങള്‍ക്ക് ഇട്ടാല്‍ കൈയോ തലയോ പോകും. അല്ലെങ്കില്‍ പ്രദേശത്തെ മത നേതാക്കളെ കണ്ടു അനുവാദം വാങ്ങിയിരിക്കണം.
  പുരോഗമന രാശ്ട്രീയ നേതാക്കള്‍ എവിടെ. പുരിഗമന ദൂള്‍ എവിടെ.
  അനില്‍
  ദുബായ്

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.