എഡിറ്റര്‍
എഡിറ്റര്‍
മധുരമീ ഐസ്‌ക്രീം..
എഡിറ്റര്‍
Friday 4th May 2012 5:58pm

Calidoscopy

കാലിഡോസ്‌കോപ്പ് / രാംകുമാര്‍

മധുരമീ ഐസ്‌ക്രീം..

തിരുവനന്തപുരം നഗരത്തിലെ ആറ്റുകാല്‍ പൊങ്കാലദിനത്തില്‍ എന്റെ ക്യാമറക്കണ്ണിലുടക്കിയ ഒരു മധുരം!
കാഴ്ചക്ക്  തന്നെ എന്ത് മധുരമാണ് ! ഓര്‍മകളിലെ മണിയൊച്ചകള്‍ക്ക് ഈ രൂപമായിരുന്നു, ഒരിക്കല്‍ . നാട്ടിന്‍ പുറങ്ങളില്‍ നമ്മുടെ ഉച്ചകളെ, വൈകുന്നേരങ്ങളെയൊക്കെ ഉണര്‍ത്തിയിരുന്ന മണിയൊച്ചകള്‍ ഈ മധുരതിന്റെതായിരുന്നില്ലേ . പിന്നീടെപ്പോഴോ വിരളമായി മാത്രം നമ്മുടെ ഗ്രാമങ്ങലിലേയ്ക്ക് വന്നുപോവുന്ന ഈ ഐസ്‌ക്രീം കച്ചവടക്കാരനെ ഒരു ഗൃഹാതുരതയോടെ മാത്രമേ നമുക്കിന്ന് ഓര്‍ത്തെടുക്കാനവുന്നുള്ളൂ. വളര്‍ച്ചയുടെ ഏതോ  ഏടുകളില്‍ , ബാല്യത്തിന്റെ ഏതോ ഘട്ടങ്ങളില്‍ ഇവര്‍ നമ്മുടെ അതിഥികള്‍ ആയിരുന്നു, നമ്മുടെ ജീവിത ചലനങ്ങളില്‍ നിഷ്‌കളങ്കമായ, ആവേശങ്ങളുടെ തണുപ്പായിരുന്നു. പണ്ടത്തെ നാട്ടിന്‍പുറക്കാഴ്ച്ചകളിലെ ഐസ്‌ക്രീം വില്‍പ്പനക്കാരുടെ പങ്കിന്ന് കുറഞ്ഞിരിക്കുന്നു. എന്നാണ് അയ്യാള്‍ വംശമറ്റുപോവുക, ഉപ്പിലിട്ട മാങ്ങായും പുളിഞ്ചിക്കായും കാരയ്ക്കായുമോക്കെ വിറ്റിരുന്ന, സ്‌ക്കൂളുകളുടെ വഴിയോരങ്ങളില്‍ നമ്മളേയും പ്രതീക്ഷിച്ചിരുന്ന ആ പഴയ മുത്തശ്ശിമാര്‍ ഇന്നെവിടെയോ പോയ് മറഞ്ഞിരിക്കുന്നു.

എവിടെക്കാണവര്‍ പോയത് ? എങ്ങോട്ടാണവര്‍ കുടിയേറിയത് ? നഗരങ്ങളില്‍ പുത്തന്‍ കാഴ്ചകളുടെ വസന്തമായി പുതിയ രൂപത്തിലും വ്യത്യസ്ത നിറങ്ങളിലും മറ്റും വിശിഷ്ട്ടാവസരങ്ങള്‍ ഏതുമില്ലാതെ… അവര്‍ നടന്നു പോകുന്നത് കാണുമ്പോള്‍ വന്ന സംശയം! പുതിയ സാധ്യതകള്‍ തിരയുന്നതാവാം അല്ലെ അവര്‍.  ഒരു സന്തോഷം ഉള്ളത്, ഗ്രാമത്തില്‍ നിന്നും നഗരത്തിലേക്കുള്ള എന്റെയും പ്രയാണത്തില്‍ നഷ്ടമായെന്നു കരുതിയ ആ കാഴ്ചകള്‍ ഇടയ്ക്കിടെ മിന്നി മറയുമ്പോള്‍, വീണ്ടും ഓര്‍മകളിലേക്ക് വഴുതി വീഴാമെന്ന പ്രതീക്ഷ. ഉള്ളില്‍ കൊതിയൂറുന്ന രുചികള്‍ നിറയുന്നുവോ….

(ഡൂള്‍ന്യൂസിന്റെ തിരുവനന്തപുരം ബ്യൂറോ സീനിയര്‍ ഫോട്ടോ ജേര്‍ണലിസ്റ്റാണ് രാംകുമാര്‍.)

Advertisement