ലണ്ടന്‍: ഭാരത സര്‍ക്കാറിലെ ഒരു ഒറ്റയാന്റെ ദയയും തനിക്കുവേണ്ടെന്ന് മദ്യരാജാവ് വിജയ് മല്ല്യ. ബ്രിട്ടനില്‍ താന്‍ സുരക്ഷിതനാണെന്നും മല്യ പറഞ്ഞു.

‘ ഭാരത സര്‍ക്കാറിലെ ഒരു ഒറ്റയാന്റെ ദയയും എനിക്കുവേണ്ട. ബ്രിട്ടനില്‍ ഞാന്‍ സുരക്ഷിതനാണ്.’ മല്യ പറഞ്ഞു.

തനിക്കെതിരായി ഇന്ത്യയുടെ കയ്യില്‍ യാതൊരു തെളിവുമില്ലെന്നും മല്ല്യ അവകാശപ്പെടുന്നു. തെളിവുണ്ടെങ്കില്‍ നിയമപരമായി തന്നെ തീരുമാനമെടുക്കെന്നും മല്ല്യ വെല്ലുവിളിച്ചു.


Must Read: വീണ്ടും ബി.ജെ.പിയുടെ യൂടേണ്‍:’ ജോലി നല്‍കുമെന്നൊന്നും ഞങ്ങള്‍ പറഞ്ഞിട്ടേയില്ല: അതൊന്നും നടക്കുന്ന കാര്യമല്ല’ അമിത് ഷാ


‘ എന്തൊക്കെ തെളിവുണ്ടോ അതൊക്കെ കൊണ്ട് അവരിങ്ങുവരട്ടെ. പക്ഷെ അവരുടെ പക്കല്‍ എന്തെങ്കിലും തെളിവുണ്ടോയെന്നു തന്നെ എനിക്കു സംശയമുണ്ട്. ഉണ്ടെങ്കില്‍ നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ.’ അദ്ദേഹം പറഞ്ഞതായി എ.എന്‍.ഐ റിപ്പോര്‍ട്ടു ചെയ്യുന്നു.

മല്ല്യയെ ബ്രിട്ടനില്‍ നിന്നും വിട്ടുകിട്ടാനുള്ള ശ്രമങ്ങള്‍ ഇന്ത്യ ആരംഭിച്ചിരിക്കെയാണ് അദ്ദേഹത്തിന്റെ പ്രസ്താവനകള്‍ വന്നിരിക്കുന്നത്.

17 ബാങ്കുകള്‍ക്കായി 9000കോടി രൂപയാണ് മല്ല്യ നല്‍കാനുള്ളത്. 2016 മാര്‍ച്ചു മുതല്‍ മല്ല്യ ബ്രിട്ടനില്‍ കഴിയുകയാണ്.

ഇന്ത്യയിലെ ഏറ്റവും വലിയ എയര്‍ലൈനിന്റെ പരാജയത്തിന് വ്യക്തിപരമായി താന്‍ മാത്രമാണെന്ന് കുറ്റപ്പെടുത്തി അതിന്റെ കടബാധ്യത മുഴുവന്‍ തന്റെ തലയില്‍ കെട്ടിവെക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നാണ് മല്ല്യ റോയിട്ടേഴ്‌സിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.