pathmanabhaswami-templeതിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ‘ബി’ നിലവറ തുറക്കരുതെന്ന് തിരുവിതാംകൂര്‍ രാജകുടുംബം. ഇക്കാര്യത്തില്‍ ഒരുനിലപാടു മാത്രമാണുള്ളതെന്നും മറ്റുവാര്‍ത്തകള്‍ തെറ്റാണെന്നും രാജകുടുംബം അറിയിച്ചു.

‘ബി’ നിലവറ തുറക്കുന്നതില്‍ തങ്ങള്‍ക്ക് എതിര്‍പ്പില്ലെന്ന് രാജകുടുംബം സുപ്രീംകോടതിയെ അറിയിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനോടുള്ള പ്രതികരണമായാണ് രാജകുടുംബം തങ്ങളുടെ മുന്‍നിലപാടില്‍ മാറ്റമില്ലെന്ന് അറിയിച്ചത്.

അതിനിടെ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ ‘ബി’ നിലവറ തുറക്കണമെന്ന് മൂന്ന്് കാരണങ്ങള്‍ ചൂണ്ടിക്കാട്ടി സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഇടക്കാലറിപ്പോര്‍ട്ടില്‍ വിദഗ്ധസമിതി നിര്‍ദേശിച്ചു. കണക്കെടുപ്പിനും മൂല്യനിര്‍ണയത്തിനുമായി നിലവറയിലെ വസ്തുക്കളുടെ അളവും ഗുണമേന്മയും അറിയണം.

സുരക്ഷാനടപടികള്‍ സ്വീകരിക്കുന്നതിന് നിലവറയ്ക്കുള്ളിലെ സ്ഥിതിയെന്താണെന്ന് മനസ്സിലാക്കണം. നിലവറ സുരക്ഷിതമാക്കിയില്ലെങ്കില്‍ തുരന്ന് മോഷണത്തിനുള്ള സാഹചര്യമുണ്ടെന്നുമാണ് സി.വി. ആനന്ദബോസ് അധ്യക്ഷനായ സമിതിയുടെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്.നിലവറ തുറക്കുന്നതുസംബന്ധിച്ച് അടുത്ത ഫിബ്രവരിയില്‍ അന്തിമറിപ്പോര്‍ട്ട് നല്‍കുമെന്നും സമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

നേരത്തെ’ബി’ നിലവറ തുറക്കുന്നത് ജസ്റ്റിസുമാരായ ആര്‍.വി. രവീന്ദ്രന്‍, എ.കെ. പട്‌നായിക്ക് എന്നിവരടങ്ങുന്ന ബെഞ്ച് താത്കാലികമായി സ്‌റ്റേ ചെയ്തിരുന്നു. ഇത് തുറക്കുന്നതു സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കോടതി സമിതിയോട് ആവശ്യപ്പെട്ടിരുന്നു.