ഇസ്‌ലാമാബാദ്: ഹഖാനി ഗ്രൂപ്പിനെ ലക്ഷ്യമിട്ട് ഗോത്രമേഖലയില്‍ ആക്രമണം നടത്തിയാല്‍ ആണവായുധം പ്രയോഗിക്കുമെന്ന് അമേരിക്കക്ക് പാകിസ്ഥാന്റെ ഭീഷണി. പാക് പട്ടാളമേധാവി ജനറല്‍ അഷ്ഫക് കയാനിയുടേതാണ് ഈ മുന്നറിയിപ്പ്.

ഭീകരര്‍ക്കെതിരായ യുദ്ധത്തിന്റെ ഭാഗമായി പാകിസ്ഥാനില്‍ ആക്രമണം നടത്താന്‍ തീരുമാനിക്കുന്നതിനുമുമ്പ് അമേരിക്ക പത്തുവട്ടം ആലോചിക്കണം. വടക്കന്‍ വസീറിസ്ഥാനില്‍ സൈനിക നടപടി എപ്പോള്‍ തുടങ്ങണമെന്ന് പാകിസ്ഥാനാണ് തീരുമാനിക്കേണ്ടത്. ആണവായുധമുള്ള പാകിസ്താനെ അഫ്ഗാനുമായും ഇറാഖുമായും താരതമ്യപ്പെടുത്തരുതെന്നും കയാനി വ്യക്തമാക്കി.

പാക് പാര്‍ലമെന്റിലെ ഡിഫന്‍സ് കമ്മിറ്റിയുടെ യോഗത്തിലായിരുന്നു കയാനി ഭീഷണി മുഴക്കിയത്. സൈനിക സഹായം നല്‍കാമെന്ന യു.എസ് വാഗ്ദാനം താന്‍ നിരസിച്ചതായും കയാനി യോഗത്തെ അറിയിച്ചു.

പാകിസ്ഥനിലെ ഹഖാനി തീവ്രവാദ ശൃംഖലയ്‌ക്കെതിരെ ആക്രമണം നടത്താന്‍ പാക് അതിര്‍ത്തിയില്‍ അമേരിക്ക പടയൊരുക്കം തുടങ്ങിയിട്ടുണ്ട്. വടക്കന്‍ വസീറിസ്ഥാന്‍ ലക്ഷ്യമിട്ട് പാക് അതിര്‍ത്തിയോട് ചേര്‍ന്ന് അഫ്ഗാനിസ്താനിലാണ് പടയൊരുക്കം. വന്‍ ആയുധശേഖരവുമായി നൂറുകണക്കിന് യു.എസ്. സൈനികരെയാണ് പാകിസ്താനിലെ ഗുലാംഖാന്‍ ഗ്രാമത്തോട് ചേര്‍ന്നുള്ള അതിര്‍ത്തി പ്രദേശത്ത് വിന്യസിച്ചിരിക്കുന്നത്.