വാഷിങ്ടണ്‍: ഇന്ത്യയിലേയും ചൈനയിലേയും കഴിവുള്ള ജോലിക്കാരെ അമേരിക്ക നോട്ടമിട്ടിട്ടില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബറാക്ക് ഒബാമ. അമേരിക്കിയിലെ മള്‍ട്ടി നാഷണല്‍ കമ്പനികളിലേക്ക് ഇന്ത്യയിലേയും ചൈനയിലേയും ആളുകള്‍ വേണമെന്ന് നിര്‍ബന്ധമൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.

‘ ടെക്‌നോളജി, സയന്‍സ്, എന്‍ജിനീയറിംഗ് തുടങ്ങിയ മേഖലകളില്‍ ഇന്ത്യയിലെ നിരവധി ആളുകള്‍ ഇവിടെ ജോലി ചെയ്യുന്നുണ്ട്. അവരെല്ലാം കഴിവുള്ളവരാണ്. അവരുടെ സേവനം രാജ്യം വിലപ്പെട്ടതായിതന്നെയാണ് കണക്കാക്കുന്നത്. എന്നാല്‍ ഇന്ത്യയിലേയും ചൈനയിലേയും പ്രഗത്ഭരായ ജോലിക്കാരെ മാത്രം ആശ്രയിച്ച് അമേരിക്ക പോലുള്ള രാജ്യത്തെ കമ്പനികളെ മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയുമെന്ന് കരുതുന്നില്ല. ഇവിടുത്തെ കമ്പനികളിലേക്ക് വേണ്ട സമര്‍ത്ഥരായ ആളുകളെ ഇവിടെ തന്നെ പരിശീലിപ്പിച്ച് എടുക്കാന്‍ ശ്രമിക്കും’. ഒബാമ വ്യക്തമാക്കി.

Subscribe Us:

മിടുക്കും കഴിവുമുള്ള തലമുറയെ വളര്‍ത്തിയെടുക്കാന്‍ സ്‌കൂള്‍ തലം മുതല്‍ തന്നെ കൃത്യമായ പരിശീലനപരിപാടികള്‍ സംഘടിപ്പിക്കും ഒബാമ വ്യക്തമാക്കി. ഉയര്‍ന്ന വിദ്യാഭ്യാസവും കഴിവുമുള്ള ആളുകളെയാണ് ഇന്ന് ജോലിസ്ഥാപനങ്ങളിലേക്ക് എടുക്കുന്നത്. അങ്ങനെയുള്ള ആളുകളെ അന്വേഷിച്ച് ഇന്ത്യയിലേക്കും ചൈനയിലേക്കും പോകേണ്ട അവസ്ഥ ഉണ്ടാവരുത്. അമേരിക്കയിലെ ജനങ്ങളായിരിക്കണം ഇവിടെ ജോലി ചെയ്യേണ്ടത്. മികച്ച പ്രാഥമിക വിദ്യാഭ്യാസം ലഭിച്ചാല്‍ മാത്രമേ അവര്‍ക്ക് പഠനത്തിന് അടിത്തറ ലഭിക്കുള്ളൂ. അതിനായി രക്ഷിതാക്കളാണ് ശ്രമക്കേണ്ടതെന്നും ഒബാമ പറഞ്ഞു.

അമേരിക്കയിലെ വിദ്യാര്‍ത്ഥികള്‍ക്ക്  വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായുള്ള വായ്പകള്‍ക്ക് ഇളവുവരുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. നികുതിയിനത്തിലും വായ്പാ ഇനത്തിലും ഇളവ് വരുത്തുന്നത് അമേരിക്കയിലെ ലക്ഷക്കണക്കിനു വരുന്ന ആളുകള്‍ക്ക് സഹായകരമാകുമെന്നും ഇക്കാര്യം ബഡ്ജറ്റില്‍ തീരുമാനിക്കുമെന്നും ഒബാമ കൂട്ടിച്ചേര്‍ത്തു.

Malayalam News

Kerala News In English