എഡിറ്റര്‍
എഡിറ്റര്‍
ഭൂവിനിയോഗ ബില്‍ റവന്യൂ വകുപ്പിന്റെ അനുമതിയോടെയല്ല: അടൂര്‍ പ്രകാശ്
എഡിറ്റര്‍
Monday 29th October 2012 9:00am

തിരുവനന്തപുരം: സര്‍ക്കാര്‍ പുതുതായി കൊണ്ടുവരാനിരിക്കുന്ന ഭൂവിനിയോഗ ബില്‍ റവന്യൂ വകുപ്പിന്റെ അറിവോടെയല്ലെന്ന് മന്ത്രി അടൂര്‍ പ്രകാശ്. പുതിയ നിയമം അപകടകരമാണെന്നും ഇതിന്റെ മറവില്‍ നിലവിലുള്ള നിയമം പിന്‍വലിക്കുന്നത് ഭക്ഷ്യ സുരക്ഷ തകര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.

Ads By Google

പുതിയ നിയമത്തെ കുറിച്ച് കോണ്‍ഗ്രസിലും യു.ഡി.എഫിലും ചര്‍ച്ച ചെയ്യുമെന്നും അടൂര്‍ പ്രകാശ് വ്യക്തമാക്കി. ഭൂമി സംരക്ഷിക്കുന്നതിനുള്ള ശക്തമായ നടപടിയെടുക്കാന്‍ പുതിയ ബില്ലിന് സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

പുതിയ ബില്‍ നെല്‍ വയലുകളും തണ്ണീര്‍ തടങ്ങളും നിയന്ത്രണമില്ലാതെ നികത്താന്‍ സാധിക്കുമെന്നും അദ്ദേഹം ആരോപിച്ചു. 1967 ലെ നിയമം അപര്യാപ്തമാണെന്ന് കാണിച്ചാണ് പുതിയ ബില്‍ കൊണ്ടുവന്നിരിക്കുന്നത്.

നെല്‍വയലുകള്‍ പൂര്‍ണമായും സംരക്ഷിക്കുകയെന്നത് പ്രായോഗികമല്ലെന്നും ഇരിപ്പു നിലങ്ങള്‍ മാത്രം സംരക്ഷിച്ചാല്‍ മതിയെന്നുമാണ് പുതിയ ബില്ലില്‍ പറയുന്നത്. അനധികൃതമായി നെല്‍വയല്‍ നികത്തിയാലുള്ള ശിക്ഷ പതിനായിരം രൂപ പിഴയും ആറു മാസം തടവുമാക്കി ചുരുക്കിയിട്ടുമുണ്ട്. ഭൂവിനിയോഗം സംബന്ധിച്ച് തീരുമാനങ്ങളെടുക്കാന്‍ ഭൂവിനിയോഗ കമ്മീഷന്‍ രൂപവത്കരിക്കണമെന്നും ബില്ലില്‍ പറയുന്നു.

മറ്റ് നിലങ്ങളെപ്പറ്റി നിയമത്തില്‍ ഒന്നും പറയുന്നില്ല. കേരളത്തെ സംബന്ധിച്ച് ഇങ്ങനെയൊരു വേര്‍തിരിവ് പ്രസക്തമല്ലെന്നും റവന്യൂവകുപ്പ്  പറയുന്നു. മഴയെ മാത്രം ആശ്രയിച്ചിരുന്നപ്പോഴാണ് നിലങ്ങളെ വിവിധ ഭാഗങ്ങളായി തിരിച്ചതെന്നും എന്നാല്‍ ജലസേചന സൗകര്യമുള്ള ഇക്കാലത്ത് ഇതിന് പ്രസക്തിയില്ലെന്നും റവന്യൂവകുപ്പ് പറയുന്നു.

ഇരിപ്പുനിലങ്ങളെ ഒരുപ്പൂ നിലമാക്കിവെച്ചാല്‍ കാലക്രമേണ ഇത് മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാം. നീര്‍ത്തടങ്ങളെല്ലാം ഇങ്ങനെ നികത്തപ്പെട്ടാല്‍ ഭാവിയില്‍ കേരളത്തില്‍ ജലസ്രോതസ്സുകള്‍ ഇല്ലാതാകുമെന്നും റവന്യു വകുപ്പ് പറയുന്നു.

വീടുവയ്ക്കാനും പൊതു ആവശ്യത്തിനും വേണ്ടി മാത്രമാണ് നെല്‍വയല്‍ നീര്‍ത്തട നിയമത്തില്‍ വയലുകള്‍ നികത്താന്‍ അനുവദിക്കുന്നത്. എന്നാല്‍ ഭൂവിനിയോഗ ബില്ലില്‍ വ്യാവസായിക ആവശ്യത്തിനും ടൂറിസത്തിനും നെല്‍പ്പാടങ്ങള്‍ നികത്താനുള്ള വ്യവസ്ഥകളുണ്ട്.

നെല്‍വയലുകള്‍ ഉള്‍പ്പെടെയുള്ള കൃഷിഭൂമി വ്യവസായങ്ങള്‍ക്കും ടൂറിസത്തിനും അനുവദിക്കുന്ന കേരള ഭൂവിനിയോഗ ബില്ലിന്റെ കരട് അഭിപ്രായമറിയുന്നതിനായി നിയമവകുപ്പ് വിവിധ വകുപ്പുകള്‍ക്ക് നല്‍കിയിരുന്നു.

ഇതിലാണ് റവന്യൂവകുപ്പ് തങ്ങളുടെ നിലപാട് അറിയിച്ചത്. റവന്യൂ മന്ത്രി അടൂര്‍ പ്രകാശിന്റെ നിര്‍ദേശമനുസരിച്ചാണ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റിപ്പോര്‍ട്ട് നല്‍കിയത്.

Advertisement