എഡിറ്റര്‍
എഡിറ്റര്‍
ചാറ്റില്‍ ഫോണ്‍ നമ്പര്‍ നല്‍കരുതെന്നും മറ്റുള്ളവരുടെ സിം ഉപയോഗിക്കരുതെന്നും പോലീസ്
എഡിറ്റര്‍
Saturday 14th April 2012 9:54am

തിരുവനന്തപുരം: ഇന്റര്‍നെറ്റ് ചാറ്റിങ്ങിനിടെ അപരിചിതര്‍ക്ക് ഫോണ്‍നമ്പറുകള്‍ നല്‍കരുതെന്നും മറ്റാരെങ്കിലും ഉപയോഗിച്ച സിംകാര്‍ഡുകള്‍ ഉപയോഗിക്കരുതെന്നും പോലീസ് ഹൈടെക് സെല്‍ മുന്നറിയിപ്പ്. ഇന്റര്‍നെറ്റ് തട്ടിപ്പുകളും മൊബൈല്‍ഫോണുകളിലൂടെയുള്ള കബളിപ്പിക്കലുകളും വര്‍ധിച്ച സാഹചര്യത്തിലാണ് മുന്നറിയിപ്പെന്നും സ്വന്തം വിലാസത്തിലും പേരിലും രജിസ്റ്റര്‍ ചെയ്ത സിമ്മാണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പാക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

മൊബൈല്‍ഫോണുകളിലൂടെ അശ്ലീല ചിത്രങ്ങളും സന്ദേശങ്ങളും അയക്കാതിരിക്കുക. മൊബൈല്‍ഫോണ്‍ ഉപയോഗിച്ചുള്ള കുറ്റകൃത്യങ്ങള്‍ കണ്ടെത്താന്‍ സാധിക്കില്ലെന്ന് കരുതരുത്. മൊബൈല്‍ഫോണുകള്‍ പരിചയമില്ലാത്തവര്‍ക്ക് കൈമാറുകയോ മറ്റാര്‍ക്കെങ്കിലും വാടകക്ക് നല്‍കുകയോ ചെയ്യരുത്. ലോക്ക് ചെയ്യാന്‍ സാധിക്കുന്ന ഹാന്‍ഡ്‌സെറ്റാണെങ്കില്‍ മറ്റുള്ളവര്‍ ഉപയോഗിക്കുന്നത് തടയാന്‍ പാസ് വേര്‍ഡ് ഉപയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ചിത്രങ്ങളെടുക്കാന്‍ സാധിക്കുന്ന മൊബൈലാണെങ്കില്‍ പൊതുസ്ഥലങ്ങളില്‍ ഉപയോഗിക്കുമ്പോള്‍ ജാഗ്രത പുലര്‍ത്തണം. അലസമായി മൊബൈലുകള്‍ ഉപേക്ഷിക്കുന്നത് കഴിവതും ഒഴിവാക്കണം. നമ്മുടെ ഭാഗത്ത് നിന്നുണ്ടാകുന്ന ചെറിയ അബദ്ധങ്ങള്‍ മറ്റ് ചിലര്‍ പ്രയോജനപ്പെടുത്താനുള്ള സാധ്യതയുണ്ട്. മൊബൈലിന്റെ സീരിയല്‍ നമ്പര്‍ സൂക്ഷിക്കണം. അതുണ്ടെങ്കില്‍ ഫോണ്‍ മോഷ്ടിക്കപ്പെട്ടാല്‍ കണ്ടെത്താന്‍ സാധിക്കും. മൊബൈല്‍ നഷ്ടപ്പെട്ടാല്‍ വിവരം സര്‍വീസ് പ്രൊവൈഡറെ അറിയിക്കണം.

അങ്ങനെ ചെയ്താല്‍ ഉടന്‍ അത് ഉപയോഗിക്കുന്ന നെറ്റ്വര്‍ക്ക് മേഖല കണ്ടെത്താന്‍ സഹായകമാകും. മറ്റുള്ളവരുടെ അറിവോ സമ്മതമോ കൂടാതെ മൊബൈല്‍ ഉപയോഗിച്ച് ഫോട്ടോ എടുക്കാന്‍ പാടില്ലെന്ന കര്‍ശനനിര്‍ദേശവും നല്‍കിയിട്ടുണ്ട്. വാഹനങ്ങള്‍ ഓടിക്കുമ്പോഴോ, മീറ്റിങ് ഉള്‍പ്പെടെയുള്ള പൊതുപരിപാടികളില്‍ പങ്കെടുക്കുമ്പോഴോ മൊബൈല്‍ ഉപയോഗിക്കരുതെന്നും നിര്‍ദേശിക്കുന്നു.

Malayalam News

Kerala News in English

Advertisement