എല്ലാ കൊച്ചുകൂട്ടുകാര്‍ക്കും പോഷക മൂല്യമുള്ള ഭക്ഷണം കഴിക്കാന്‍ മടിയാണ്. എന്നാല്‍ ചോക്ലേറ്റോ, ബിസ്‌കറ്റോ, ഐസ്‌ക്രീമോ, പിസയോ കിട്ടിയാല്‍ വാരിവലിച്ചു തിന്നുകയും ചെയ്യും. എന്നാല്‍ ഇനി ആ തീറ്റി നിര്‍ത്തിക്കോ കെട്ടോ. കുട്ടികളുടെ ഭക്ഷണരീതിയും ഐ.ക്യൂവിനെയും കുറിച്ച് ഗവേഷണം നടത്തുന്നത് ഇതാദ്യമായാണ്. ബ്രിസ്റ്റോള്‍ യൂണിവേഴ്‌സിറ്റിയാണ് ഗവേഷണം നടത്തിയത്. ഈ പഠനത്തിലാണ് കൊച്ചുകൂട്ടുകാരിലെ ഈ ആഹാരശീലം എത്രത്തോളം ദോഷം ചെയ്യുമെന്ന് മനസ്സിലായത്.

ഇത് കഴിച്ചാല്‍ എന്താണ് ദോഷം എന്നല്ലേ! പറയാം. പോഷക സംപുഷ്ടമായ ആഹാരക്രമമാണ് വളരുന്ന പ്രായത്തില്‍ നമ്മുടെ ശരീരത്തിന് ആവശ്യം. ഇത്തരത്തിലുള്ള ഭക്ഷണരീതി പിന്‍തുടരുന്ന കുട്ടികള്‍ക്ക് നല്ല ആരോഗ്യവും ബുദ്ധിയുമൊക്കെയുണ്ടാവും. എന്നാല്‍ ഭക്ഷണം വലിച്ചുവാരിക്കഴിക്കുന്ന കുട്ടികളില്‍ ഇവരെക്കാള്‍ അഞ്ച് പോയിന്റ് ഐ.ക്യൂ. കുറവായിരിക്കുമെന്നാണ് ഈ പഠനം തെളിയിക്കുന്നത്. സാമൂഹ്യ ഘടന, മുലയൂട്ടല്‍ പ്രായം, അമ്മമാരുടെ വിദ്യാഭ്യാസം എന്നിവ അടിസ്ഥാനപ്പെടുത്തിയായിരുന്നു പഠനം.

വീടുകളിലെ അന്തരീക്ഷം കുട്ടികളുടെ സ്വഭാവ രൂപീകരണത്തില്‍ പ്രധാനപങ്കുവഹിക്കുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്.