ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട എടപ്പള്ളി പളനിസ്വാമിയെ അഭിനന്ദിച്ച് ഡി.എം.കെ നേതാവായ എം.കെ സ്റ്റാലിന്‍. മുഖ്യമന്ത്രിയായതില്‍ അഭിനന്ദിക്കുന്നെന്നും എന്നാല്‍ വെറുമൊരു റിമോര്‍ട്ട് കണ്‍ട്രോളറായി താങ്കള്‍ പ്രവര്‍ത്തിക്കരുത് എന്നാണ് പറയാനുള്ളതെന്നും സ്റ്റാലിന്‍ വ്യക്തമാക്കി.

താങ്കള്‍ ഇപ്പോള്‍ തമിഴ്‌നാടിന്റെ മുഖ്യമന്ത്രിയാണ്. ഭരണം നടത്തേണ്ടത് താങ്കളാണ്. ബംഗളൂരുവില്‍ നിന്നും നിയന്ത്രിക്കുന്ന ഒരു റിമോര്‍ട്ട് കണ്‍ട്രോളറായി താങ്കള്‍ മാറരുതെന്നും സ്റ്റാലിന്‍ പറയുന്നു.

ദയവുചെയ്തു ബംഗളൂരുവിലെ ജയിലില്‍ കഴിയുന്ന വ്യക്തിയോട് താങ്കള്‍ യാതൊരു ഉപദേശവും തേടരുത്. അത് ഭരണഘടനാലംഘനമാകുമെന്നും സ്റ്റാലിന്‍ പറയുന്നു. ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടിയാകണം സര്‍ക്കാരിന്റെ പ്രവര്‍ത്തനമെന്നും സ്റ്റാലിന്‍ പറഞ്ഞു.


പുലിമുരുകനില്‍ മോഹന്‍ലാല്‍ പുലിയെ തൊട്ടിട്ടില്ലെന്ന് തനിക്ക് വ്യക്തമായി അറിയാമെന്ന് ജി. സുധാകരന്‍


എടപ്പാടി പളനിസാമി ശനിയാഴ്ചയാണ് വിശ്വാസ വോട്ടു തേടുന്നത്. അതേസമയം ഇന്നലെ സത്യപ്രതിജ്ഞയ്ക്കുശേഷം എം.എല്‍.എമാരെല്ലാം കൂവത്തൂരിലെ റിസോര്‍ട്ടിലേക്കുതന്നെയാണ് വീണ്ടും പോയത്.

ഇവിടെ താമസിക്കുന്ന 124 പേരില്‍ 117 പേര്‍ പിന്തുണച്ചാല്‍ പളനിസാമിക്ക് മുഖ്യമന്ത്രിയായി തുടരാം. ശശികല ക്യാംപില്‍ ആശങ്കയുണ്ടെങ്കിലും പനീര്‍സെല്‍വം ഉയര്‍ത്തുന്ന വെല്ലുവിളിയെ മറികടക്കാനാകുമെന്ന കണക്കൂകൂട്ടലിലാണ് അവര്‍.

തിരഞ്ഞെടുപ്പില്‍ ജയിച്ച് അണ്ണാ ഡി.എം.കെയുടെ 136 പേരാണ് നിയമസഭയിലെത്തിയത്. ജയലളിത മരിച്ചതിനാല്‍ നിലവില്‍ അംഗസംഖ്യ 135 ആണ്. അതില്‍ ഒരാള്‍ സ്പീക്കര്‍. 124 പേരുടെ പിന്തുണയാണ് എടപ്പാടി പളനിസാമിക്ക് ഇപ്പോഴുള്ളത്. ഇവര്‍ ഇപ്പോഴും കൂവത്തൂരിലെ റിസോര്‍ട്ടില്‍ തുടരുന്നതിനാല്‍ കേവല ഭൂരിപക്ഷം ഉറപ്പിക്കുകയെന്നത് പളനിസാമിക്ക് ബുദ്ധിമുട്ടാകില്ലെന്നാണ് വിലയിരുത്തല്‍.

എന്നാല്‍ പനീര്‍സെല്‍വത്തിനു പത്ത് എം.എല്‍.എമാരുടെ മാത്രം പിന്തുണയാണുള്ളത്. ഡി.എം.കെയുടെയും കോണ്‍ഗ്രസിന്റെയും പിന്തുണ ലഭിച്ചാല്‍ പോലും അദ്ദേഹത്തിന് സര്‍ക്കാരുണ്ടാക്കാനാവില്ല.