എഡിറ്റര്‍
എഡിറ്റര്‍
കാപികോ റിസോര്‍ട്ട് പൊളിക്കരുത്- സുപ്രീംകോടതി
എഡിറ്റര്‍
Friday 8th August 2014 3:52pm

supreme-court-580 ന്യൂദല്‍ഹി: ആലപ്പുഴയിലെ കാപിക്കോ പൊളിച്ചു മാറ്റണ്ടെന്ന് സുപ്രീംകോടതി ഉത്തരവ്. എന്നാല്‍ റിസോര്‍ട്ട് നിര്‍മ്മിച്ചത് ചട്ടം ലംഘിച്ചാണോ എന്ന പരിശോധന തുടരാമെന്നും ജസ്റ്റിസ് ജെ. ചെലമേശ്വര്‍ അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. വേമ്പനാട്ടുകായല്‍ കയ്യേറിയാണ് റിസോര്‍ട്ട് പണിതതെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് കോടതി ഉത്തരവ്.

തീരദേശ പരിപാലന നിയമം ലംഘിച്ച് നിര്‍മിച്ച റിസോര്‍ട്ട് പൊളിച്ചു നീക്കണമെന്ന് ഹൈക്കോടതി കഴിഞ്ഞ വര്‍ഷം ഉത്തരവിട്ടിരുന്നു. ആലപ്പുഴ ജില്ലയിലെ പൂച്ചാക്കലിനടുത്ത് നെടിയതുരുത്തില്‍ കായല്‍ കൈയേറി റിസോര്‍ട്ട് നിര്‍മാണം നടത്തുന്നുവെന്ന് കാണിച്ച് ഊന്നിവല ഉടമകള്‍ നല്‍കിയ ഹര്‍ജിയിലായിരുന്നു ഹൈക്കോടതിയുടെ വിധി.

കാപികോ കുവൈത്ത്, സിംഗപ്പൂര്‍ ബനിയന്‍ ട്രീ എന്നീ പ്രമുഖ ടൂറിസം കമ്പനികളും ആറ് പൊതുമേഖലാ ബാങ്കുകളും ഉള്‍പ്പെട്ട കണ്‍സോര്‍ഷ്യമാണ് 350 കോടി രൂപ ചെലവില്‍ കാപികോ റിസോര്‍ട്ട് പദ്ധതി നടപ്പാക്കിയത്. റിസോര്‍ട്ട് പൊളിച്ചുനീക്കാന്‍ 6 കോടിയോളം ചെലവ് വരുമെന്നും റിസോര്‍ട്ട് പൊളിക്കുന്നത് പ്രകൃതിക്കു ദോഷം ചെയ്യുമെന്നും ജില്ലാ കളക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

റിസോര്‍ട്ട് പൊളിച്ചു നീക്കണമെന്ന് പ്രതിപക്ഷനേതാവ് വി.എസ് അച്ച്യുതാനന്ദന്‍ ആവശ്യപ്പെട്ടിരുന്നു. റിസോര്‍ട്ട്  സര്‍ക്കാര്‍ ഏറ്റെടുത്ത് ജല കായിക കേന്ദ്രം സ്ഥാപിക്കണമെന്നും വി.എസ് ആവശ്യപ്പെട്ടിരുന്നു.

Advertisement