എഡിറ്റര്‍
എഡിറ്റര്‍
അമിത പ്രതീക്ഷയര്‍പ്പിച്ച് യുവരാജിനെ സമ്മര്‍ദ്ദത്തിലാക്കരുത്: ധോണി
എഡിറ്റര്‍
Saturday 8th September 2012 10:26am

വിശാഖപട്ടണം: ഇന്ത്യന്‍ ക്രിക്കറ്റ് ടീം വീണ്ടും ട്വന്റി- 20 മത്സരത്തിന്റെ ആവേശച്ചൂടിലേക്ക് വരുമ്പോള്‍ ക്രിക്കറ്റ് ആരാധകര്‍ ഏറെ പ്രതീക്ഷയോടെ നോക്കുന്നത് യുവരാജ് സിങ്ങിന്റെ തിരിച്ചുവരവിനെയാണ്.

എന്നാല്‍ അമിത പ്രതീക്ഷയും പ്രചരണവും നല്‍കി യുവിയെ സമ്മര്‍ദ്ദത്തിലാക്കരുതെന്നാണ് ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണിയ്ക്ക് പറയാനുള്ളത്. ട്വന്റി- 20 മത്സരത്തില്‍ ന്യൂസിലന്റിനെതിരായി ഇന്നിറങ്ങുന്നതിന്റെ മുന്നോടിയായി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ധോണി.

Ads By Google

‘യുവിയുടെ തിരിച്ചുവരവിനെ ആരാധകരും ക്രിക്കറ്റ് സമൂഹവും ഏറെ പ്രതീക്ഷയോടെയാണ് കാണുന്നതെന്ന് അറിയാം. എന്നാലും അമിത പ്രതീക്ഷയും ആവേശവും കാണിക്കുന്നത് അദ്ദേഹത്തിന്റെ പ്രകടനത്തെ ചിലപ്പോള്‍ മോശമായി ബാധിച്ചേക്കാം.

ഇന്ന് ലോകം മുഴുവന്‍ സംസാരിക്കുക യുവരാജിന്റെ രണ്ടാം വരവിനെ കുറിച്ചായിരിക്കും. സ്‌റ്റേഡിയം മുഴുവന്‍ യുവിയുടെ വരവിനായി കാത്തിരിക്കും. ഒരു വ്യക്തിക്ക് അമിതമായ പ്രാധാന്യം കല്‍പ്പിച്ച് നല്‍കുമ്പോള്‍ അത് അവരെ മറ്റ് പല സമ്മര്‍ദ്ദങ്ങളിലേക്കും നയിക്കും. അതുകൊണ്ട് തന്നെ അമിതമായ പ്രാധാന്യം യുവിക്ക് നല്‍കരുതെന്നാണ് പറയാനുള്ളത്. അദ്ദേഹം സ്വതസിദ്ധമായ രീതിയില്‍ കളിച്ചോട്ടെ’ – ധോണി പറഞ്ഞു.

യുവരാജിനെപ്പോലെ കഴിവുള്ള താരം ഇന്ത്യന്‍ ടീമിലുള്ളത് ടീമിന് മുതല്‍ക്കൂട്ടാണെന്നും അദ്ദേഹത്തിന് മികച്ച പ്രകടനം ഇന്നത്തെ മത്സരത്തില്‍ കാഴ്ചവെയ്ക്കാന്‍ കഴിയുമെന്ന് വിശ്വാസമുണ്ടെന്നും ധോണി പറഞ്ഞു.

Advertisement