ന്യൂദല്‍ഹി: രാജ്യത്തെ അടിച്ചുകൊല്ലല്‍ കൊലപാതകങ്ങള്‍ക്ക് ബി.ജെ.പിയെയും പ്രധാനമന്ത്രിയെയും കുറ്റപ്പെടുത്തരുതെന്ന് കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം.

ഭ്രാന്തന്‍ നിലപാടുള്ളവര്‍ എല്ലാ സമൂഹങ്ങളിലുമുണ്ടെന്നും അത് കൊണ്ട് ഏതെങ്കിലുമൊരു നേതാവിനെ മാത്രം കുറ്റപ്പെടുത്തരുതെന്നും കണ്ണന്താനം പറഞ്ഞു. ഇവരുടെ പ്രവര്‍ത്തികളുടെ പേരില്‍ ‘ലിബറല്‍’ മാധ്യമങ്ങള്‍ കുറ്റപ്പെടുത്തുന്നത് അന്യായമാണെന്നും കണ്ണന്താനം പറയുന്നു.

മോബ് ലിഞ്ചിംഗ് നടത്തുന്നവരെ ജയിലിലിടണമെന്നും കണ്ണന്താനം പറഞ്ഞു.

 

ബീഫ് വിഷയത്തില്‍ കണ്ണന്താനം നേരത്തെ ഇരട്ടനിലപാട് സ്വീകരിച്ചിരുന്നു. കേരളീയര്‍ബീഫ് കഴിക്കുമെന്നും ബി.ജെ.പിക്ക് അതിന് കുഴപ്പമില്ലെന്നും കണ്ണന്താനം ആദ്യം പറഞ്ഞിരുന്നു. എന്നാല്‍ വിദേശ വിനോദസഞ്ചാരികള്‍ക്കു ബീഫ് കഴിക്കണമെങ്കില്‍ സ്വന്തം നാട്ടില്‍നിന്ന് കഴിച്ചിട്ട് വന്നാല്‍ മതിയെന്നും അദ്ദേഹം പിന്നീട് പറഞ്ഞിരുന്നു.

അടിച്ചുകൊലകളില്‍ കേന്ദ്രവും ബി.ജെ.പിയും സംഘപരിവാറും പ്രതിക്കൂട്ടില്‍ നില്‍ക്കുമ്പോഴാണ് കണ്ണന്താനത്തിന്റെ പ്രസ്താവന. ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ഗോരക്ഷാ നിയമങ്ങള്‍ കര്‍ക്കശമാക്കിയ സാഹചര്യത്തിലാണ് രാജ്യത്ത് ഇത്തരം കൊലപാതകങ്ങള്‍ പതിവായത്.