തിരുവനന്തപുരം: മലപ്പുറത്ത് കേന്ദ്രസഹായത്തോടെ ആരംഭിച്ച 35 സ്‌കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കാനുള്ള തീരുമാനം നിയമസഭയില്‍ ചര്‍ച്ചയാവുന്നു. സര്‍ക്കാര്‍ തീരുമാനം പ്രതിപക്ഷം വിവാദമാക്കുന്നത് മുസ്‌ലീം ലീഗിനെ ലക്ഷ്യം വെച്ചാണെന്നും ഏത് വിഷയത്തിനും സാമുദായിക നിറം നല്‍കാന്‍ ശ്രമിക്കുകയാണെന്നും ചര്‍ച്ചയില്‍ ഇടപെട്ടുകൊണ്ട് വ്യവസായമന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ലീഗിനെ ബ്ലാക്ക് മെയില്‍ ചെയ്യാന്‍ ശ്രമിക്കേണ്ടെന്നും ലീഗ് ഓടിളക്കിയല്ല, ജനങ്ങള്‍ വോട്ടു ചെയ്തുതന്നെയാണ് നിയമസഭയില്‍ എത്തിയതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. എന്നാല്‍ ഉടന്‍ തന്നെ കുഞ്ഞാലിക്കുട്ടിക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനും രംഗത്തെത്തി. ഞങ്ങളും ഓടിളക്കിയല്ല സഭയില്‍ എത്തിയതെന്നാണ് വി.എസ് മറുപടി നല്‍കിയത്.