ഇസ്രായേല്‍: ഇസ്രായേലില്‍ ഇനിമുതല്‍ കഴുതപ്പുറത്തും വൈ-ഫൈ സൗകര്യം. ഇസ്രയേലിലെ വടക്കന്‍ മേഖലയായ’ഖഫര്‍ സെയ്തീം’ എന്ന വിനോദ സഞ്ചാര ഗ്രാമത്തിലാണ് സഞ്ചാരികള്‍ക്കായി കഴുതപുറത്തും ഇന്റര്‍നെറ്റ് ഒരുങ്ങുന്നത്.

ഒന്നും രണ്ടും നൂറ്റാണ്ടിലെ ജൂത സംസ്‌കാരം പുനര്‍നിര്‍മ്മിച്ചിരിക്കുന്ന ഗ്രാമത്തില്‍ ജനങ്ങളുടെ വേഷവിധാനങ്ങള്‍ പോലും പഴയ നൂറ്റാണ്ടിനനുസരിച്ചാണ്.

Ads By Google

കഴുതപ്പുറത്തുളള യാത്ര കൂടുതല്‍ ആസ്വാദ്യകരമാക്കുന്നതിനായാണ് ഇന്റര്‍നെറ്റ് സൗകര്യം ഏര്‍പ്പെടുത്തിരിക്കുന്നത്.

സഞ്ചാരികള്‍ക്ക് തങ്ങളുടെ യാത്രയുടെ രസം തല്‍സമയം തന്നെ നെറ്റ് വഴി മറ്റുള്ളവരുമായി പങ്കുവെക്കാമെന്നാണ് അധികൃതര്‍ പറയുന്നത്.

‘ഞങ്ങളുടെ ഈ ഗ്രാമത്തില്‍ 30 കഴുതകള്‍ ഉണ്ട്. അവയില്‍ 5 എണ്ണത്തിന്റെ ശരീരത്തിലാണ് ഇപ്പോള്‍ വയര്‍ലെസ്സ് ഇന്റര്‍നെറ്റ് ഘടിപ്പിച്ചിട്ടുള്ളത്. അധികം വൈകാതെ തന്നെ എല്ലാ കഴുതകളിലും ഈ സൗകര്യം ലഭ്യമാക്കും.’പാര്‍ക്ക് മാനേജര്‍ മെനാച്ചം ഗോള്‍ഡ് ബര്‍ഗ് പറയുന്നു.

1950 കളില്‍ യമനില്‍ നിന്നും കുടിയേറിയ ജൂതന്മാരാണ് ഇസ്രായേലില്‍ ഖഫര്‍ സെയ്തീം എന്ന ഗ്രാമം സ്ഥാപിച്ചത്. പിന്നീട് ഇവര്‍ ഗ്രാമത്തില്‍ നിന്നും ഒഴിഞ്ഞ് പോകുകയും ഖുര്‍ദിസ്ഥാനില്‍ നിന്നും ജനങ്ങള്‍ ഇവിടേക്ക് കുടിയേറുകയായിരുന്നു.