ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ‘ കഴുത ‘ വിവാദം കൊഴുക്കുന്നു. മുഖ്യമന്ത്രി അഖിലേഷ് യാദവ് ബി.ജെ.പിയ്ക്കും പ്രധാനമന്ത്രിയ്ക്കും എതിരെ നടത്തിയ പരാമര്‍ശത്തിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. കഴുതകളാണ് എന്റെ പ്രചോദനമെന്നായിരുന്നു പ്രധാനമന്ത്രിയുടെ മറുപടി.

ഇന്ത്യയിലെ ജനങ്ങളാണ് എന്റെ ഉടമകള്‍. അതുകൊണ്ടാണ് ഞാന്‍ രാപ്പകല്‍ വിശ്രമമില്ലാതെ അധ്വാനിക്കുന്നത്. ഉത്തര്‍പ്രദേശിലെ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പ് അവസാനിക്കാറായ ഘട്ടത്തില്‍ വിദ്വേഷം പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്ന് മോദി അഖിലേഷ് യാദവിനോട് ആവശ്യപ്പെടുകയും ചെയ്തു. കോണ്‍ഗ്രസുമായുള്ള സഖ്യം സമാജ് വാദി പാര്‍ട്ടിയേയും ഇല്ലാതാക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അഖിലേഷിന്റെ സ്ഥാനാര്‍ത്ഥികളെല്ലാം കുറ്റവാളികളാണെന്നും അവര്‍ക്കായാണ് അഖിലേഷ് വോട്ട് ചോദിക്കുന്നതെന്നും അഭിപ്രായപ്പെട്ട മോദി ഇത്തരത്തിലുള്ള സര്‍ക്കാരിനെയല്ല ഉത്തര്‍പ്രദേശ് അര്‍ഹിക്കുന്നതെന്നും പറഞ്ഞു.

റായ്ബറേലിയിലെ തെരഞ്ഞെടുപ്പ് റാലിയിലായിരുന്നു അഖിലേഷിന്റെ വിവാദ പരാമര്‍ശം. കഴുതകള്‍ക്ക് വേണ്ടി പരസ്യം ചെയ്യുന്നത് അമിതാഭ് ബച്ചന്‍ നിര്‍ത്തണമെന്നായിരുന്നു അഖിലേഷ് പറഞ്ഞത്. ഗുജറാത്തിലെ ടൂറിസം വകുപ്പിന്റെ പരസ്യത്തിലായിരുന്നു കഴുതകള്‍ക്കൊപ്പം ബച്ചനെത്തിയിരുന്നത്.


Also Read: നടി പൊലീസില്‍ പറയുമെന്ന് സ്വപ്‌നത്തില്‍ പോലും കരുതിയില്ല; പരാതിപ്പെട്ടതോടെ പദ്ധതി പാളി: പള്‍സര്‍ സുനിയുടെ മൊഴി


അഖിലേഷിന്റെ പ്രസ്താവനയ്‌ക്കെതിരെ വിമര്‍ശനവുമായി ബി.ജെ.പി രംഗത്തെത്തിയിരുന്നു. പ്രസ്താവന ഗുജറാത്തികളെ അപമാനിക്കുന്നതാണെന്നായിരുന്നു ബി.ജെ.പിയുടെ പ്രതികരണം. കഴുതകളില്‍ നിന്നും നിരവധി കാര്യങ്ങള്‍ പഠിക്കണമെന്നും പിതാവുമായി വടംവലി നടത്തുന്ന അഖിലേഷിനേക്കാള്‍ ഭേദമാണ് കഴുതകളെന്നും ബി.ജെ.പി തിരിച്ചടിച്ചിരുന്നു.