എഡിറ്റര്‍
എഡിറ്റര്‍
മാതൃഭൂമി ആര്‍ത്തവ അവധിയും വ്യാജ പ്രതിച്ഛായാ നിര്‍മ്മിതികളും
എഡിറ്റര്‍
Friday 21st July 2017 12:40pm

തൊഴിലാളി യൂണിയന് പ്രവര്‍ത്തന സ്വാതന്ത്യമില്ലാത്ത ഒരു സ്ഥാപനം പെട്ടെന്നൊരു നാള്‍ സ്ത്രീ ശാക്തീകരണത്തിന്റെ പ്രതീകമൂല്യം കവരാനൊരുങ്ങുമ്പോള്‍ ചോദ്യങ്ങളുയരേണ്ടതാണ്. ദൃശ്യമാധ്യമത്തൊഴിലാളികളേയും കരാര്‍ ജീവനക്കാരേയും യൂണിയന്‍ സംരക്ഷണത്തിന് കീഴില്‍ കൊണ്ടുവരുന്ന വാര്‍ത്തകള്‍ ശ്രദ്ധിക്കപ്പെടാതെ പോകുമ്പോള്‍, തൊഴിലാളികളെ ചവിട്ടി മെതിച്ചുകൊണ്ടിരിക്കുന്നവര്‍ പി.ആര്‍. കാലത്തിന്റെ ശോഭയില്‍ ലിംഗനീതി വക്താക്കളായി ചമയുന്നതില്‍ അശ്ലീലമുണ്ട്.


മാസമുറയുടെ ആദ്യദിനത്തില്‍ അവധി തരാം. സമരം ചെയ്യുന്ന നഴ്‌സുമാരൊക്കെ തിരിച്ച് ജോലിക്ക് കയറിയാട്ടെ എന്നു പറഞ്ഞാല്‍ എന്തായിരിക്കും പ്രതികരണം. മാതൃഭൂമി ന്യൂസ് ചാനലില്‍ ആര്‍ത്തവത്തിന്റെ ആദ്യദിനത്തില്‍ അവധി പ്രഖ്യാപിച്ച തീരുമാനത്തെ നഴ്‌സുമാരുടെ തൊഴില്‍ സാഹചര്യങ്ങളോടു പോലും താരതമ്യം ചെയ്യുന്നതില്‍ അര്‍ഥമില്ല. കാരണം നഴ്‌സുമാര്‍ക്ക് സമരം ചെയ്യാനെങ്കിലും സാധിക്കുന്നുണ്ട്.

രാഷ്ട്രീയമായ ശരികളും ലിംഗനീതി ഉറപ്പു വരുത്തുന്ന നടപടികളും വ്യാജ പ്രതിച്ഛായാ നിര്‍മിതികള്‍ക്കായി ഹൈജാക്ക് ചെയ്യപ്പെടുന്നതിന്റെ തികവുറ്റ ഉദാഹരണമാണ് മാതൃഭൂമി മുതലാളിമാര്‍ക്ക് വനിതാ ജീവനക്കാരോട് ഇപ്പോള്‍ പെട്ടെന്നുണ്ടായ സ്‌നേഹം.

മോദിയുടെ ഭൂതകാല ചെയ്തികളുടേയും പ്രത്യയശാസ്ത്ര മുന്‍ഗണനകളുടേയും സാഹചര്യത്തില്‍ തന്നെയാണ് അയാളുടെ വര്‍ത്തമാനകാല ഭരണനയങ്ങളും വിലയിരുത്തപ്പെടേണ്ടത്. കോര്‍പ്പറേറ്റ് പ്രതിച്ഛായ നിര്‍മാണത്തിന്റെ പരസ്യ തന്ത്രങ്ങള്‍ ഭരണകൂടങ്ങള്‍ വിജയകരമായി അനുകരിക്കുന്ന കാലത്ത് രാഷ്ട്രീയ ശരികള്‍ പോലും ഏകാധിപതികള്‍ ഏറ്റെടുക്കാറുണ്ട്.

യാഥാര്‍ത്ഥ്യത്തെ പ്രതീതി സൃഷ്ടികള്‍ വിഴുങ്ങുന്ന കാലത്തില്‍ ലിംഗനീതിക്ക് അനുകൂലമായ തീരുമാനങ്ങളുടെ പ്രതീകമൂല്യം കോര്‍പ്പറേറ്റുകള്‍ വേഗം തിരിച്ചറിയും. സാംസ്‌കാരിക മൂലധനം ഇപ്പോള്‍ തന്നെ ഏറെയുള്ള മാതൃഭൂമിക്ക് മാധ്യമസ്ഥാപനം, തൊഴില്‍ ദാതാവ് എന്നീ നിലകളിലുണ്ടായ പ്രകടമായ ശോഭനഷ്ടത്തെ മറികടക്കാന്‍ അന്തര്‍ദേശീയ മാധ്യമങ്ങളുടെ വരെ ശ്രദ്ധ പിടിച്ചുപറ്റാന്‍ ഇടയുള്ള ഒരു നയതീരുമാനത്തിലൂടെ സാധിക്കും.

സ്ഥാപനത്തിലെ മുഴുവന്‍ തൊഴില്‍ സാഹചര്യങ്ങളും നേര്‍വഴിക്കാക്കിയ ശേഷമാണോ ലിംഗനീതി ഉറപ്പു വരുത്തുന്ന പ്രശംസനീയമായൊരു ഇടപെടല്‍ നടത്തേണ്ടത് എന്ന മറുചോദ്യമുണ്ടാകാം. തൊഴിലാളികളുടെ അടിസ്ഥാനപരമായ സംഘടനാ സ്വാതന്ത്ര്യത്തെ അട്ടിമറിക്കാന്‍ എല്ലാ നടപടികള്‍ക്കും തയ്യാറാവുന്ന ഒരു സ്ഥാപനത്തിലെ മുതലാളിമാര്‍ പെട്ടെന്ന് സ്ത്രീ ശാക്തീകരണത്തെ കുറിച്ച് വാചാലരാകുമ്പോള്‍ രാഷ്ട്രീയ ശരികളുടെ പ്രതീകമൂല്യം തട്ടിയെടുക്കുകയെന്ന ലക്ഷ്യമാണ് അവരുടേതെന്ന് തിരിച്ചറിയേണ്ടതുണ്ട്.

ഇന്ത്യന്‍ ഭരണഘടനയും സുപ്രീംകോടതിയും ഉറപ്പുവരുത്തിയ വേജ്‌ബോര്‍ഡിന്റെ സംരക്ഷണം സ്വന്തം ജീവനക്കാര്‍ക്കെന്നല്ല മറ്റു മാധ്യമ സ്ഥാപനങ്ങള്‍ക്കും കിട്ടില്ലെന്ന് ഉറപ്പുവരുത്താന്‍ നിയമനടപടികള്‍ക്ക് നേതൃത്വം കൊടുത്ത സ്ഥാപനമാണ് മാതൃഭൂമി. അതുമായി ബന്ധപ്പെട്ട് ചെറുപ്രതിഷേധങ്ങള്‍ക്ക് തയ്യാറായവരെവരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് സ്ഥലംമാറ്റി രസിച്ച ഈ സ്ഥാപനം ഇന്നും ഈ നടപടികളൊന്നും തിരുത്താന്‍ തയ്യാറായിട്ടില്ല.

പൂര്‍ണ ഗര്‍ഭിണിയായ ഒരു വനിതാ ജീവനക്കാരിയെ ഒറ്റപ്പെട്ടൊരു സ്ഥലത്ത് ബ്യൂറോ തുടങ്ങി സ്ഥലം മാറ്റാനുള്ള തീരുമാനം ഇപ്പോള്‍ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന നേത്യത്യത്തിലുള്ള നാരായണന്‍ നയിച്ചിരുന്ന അന്നത്തെ മാതൃഭൂമി ജേര്‍ണലിസ്റ്റ് യൂണിയന്റെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്നാണ് പിന്‍വലിച്ചത്. സ്ത്രീശാക്തീകരണത്തില്‍ മുതലാളിമാര്‍ക്ക് എന്തൊരു താല്പര്യം.

വേജ് ബോര്‍ഡ് ഭാഗികമായി നടപ്പിലാക്കേണ്ടി വന്നപ്പോള്‍ തൊഴിലാളി യൂണിയനും സ്ഥിരജീവനക്കാരായ പത്രപ്രര്‍ത്തകരുമാണ് എല്ലാകുഴപ്പങ്ങള്‍ക്കും കാരണമെന്ന് മുതലാളി മനസിലാക്കുന്നു. സി. നാരായണനെ ഒരു കാരണവുമില്ലാതെ പിരിച്ചുവിട്ട് , ഇപ്പോഴും കോടതി നടപടികളുമായി മുന്നോട്ടു പോകുന്ന സ്ഥാപനം തൊഴിലാളി ശാക്തീകരത്തെ കുറിച്ച് വലിയവായില്‍ ഓരിയിടുന്നത് കേള്‍ക്കുമ്പോള്‍ പുച്ഛിക്കുന്നത് സ്വഭാവികമാണ്.

കേരള പത്രപ്രവര്‍ത്തക യൂണിയന്റെ സംസ്ഥാന തിരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാന്‍ മാതൃഭൂമിയിലെ സ്ഥലംമാറ്റം നേരിടാന്‍ ത്രാണിയില്ലാത്ത ഭൂരിപക്ഷത്തിനും ധൈര്യമുണ്ടായില്ല. സ്ഥിരനിയമനം ഒഴിവാക്കി കരാര്‍ നിയമനം നടപ്പിലാക്കി ദീര്‍ഘകാലത്തില്‍ വേജ് ബോര്‍ഡിനും തൊഴിലാളി യൂണിയനും പ്രസക്തിയില്ലാതാക്കാന്‍ ആഞ്ഞുശ്രമിക്കുന്ന സ്ഥാപനമാണിത്.

തൊഴിലാളി യൂണിയന് പ്രവര്‍ത്തന സ്വാതന്ത്യമില്ലാത്ത ഒരു സ്ഥാപനം പെട്ടെന്നൊരു നാള്‍ സ്ത്രീ ശാക്തീകരണത്തിന്റെ പ്രതീകമൂല്യം കവരാനൊരുങ്ങുമ്പോള്‍ ചോദ്യങ്ങളുയരേണ്ടതാണ്. ദൃശ്യമാധ്യമത്തൊഴിലാളികളേയും കരാര്‍ ജീവനക്കാരേയും യൂണിയന്‍ സംരക്ഷണത്തിന് കീഴില്‍ കൊണ്ടുവരുന്ന വാര്‍ത്തകള്‍ ശ്രദ്ധിക്കപ്പെടാതെ പോകുമ്പോള്‍, തൊഴിലാളികളെ ചവിട്ടി മെതിച്ചുകൊണ്ടിരിക്കുന്നവര്‍ പി.ആര്‍. കാലത്തിന്റെ ശോഭയില്‍ ലിംഗനീതി വക്താക്കളായി ചമയുന്നതില്‍ അശ്ലീലമുണ്ട്.

ജോര്‍ജ് ഓര്‍വെല്‍ മുതല്‍ ഗായത്രി സ്പിവാക്കിനെ വരെ വായിച്ച് രാഷ്ട്രീയ ശരികളെ കയ്യേറുന്നതെങ്ങിനെയെന്ന് തന്ത്രം മെനയുന്ന പി.അര്‍. ഇടപാടുകാര്‍ ഭരിക്കുന്ന മാധ്യമ ലോകത്ത് രാഷ്ട്രീയ ശരികളുടെ കേവലാശ്ലേഷം നിഷ്‌കളങ്കമായി വിലയിരുത്തപ്പെടരുത്. തൊഴിലാളി ഹിംസയുടെ രക്തത്തില്‍ ചവിട്ടി നിന്നുകൊണ്ട് ആര്‍ത്തവ രക്തത്തിന്റെ സമകാലികമായ പ്രതീകമൂലധനം കയ്യാളാനുള്ള കോര്‍പ്പറേറ്റ് ശ്രമങ്ങള്‍ തിരിച്ചറിയപ്പെടണം. ഏകാധിപതികളുടെ ലജ്ജയില്ലായ്മയുടെ ആല്‍മരങ്ങളില്‍ നിന്ന് രാഷട്രീയ ശരികളുടെ നക്ഷത്രങ്ങളിലേക്ക് ഏണി വെച്ചു കയറാമെന്ന് പ്രതിച്ഛായ നിര്‍മ്മിതിക്കാര്‍ നമ്മെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കും.

മാതൃഭൂമിയുടെ സാംസ്‌കാരിക മൂലധനം തിരിച്ചറിയുന്ന സാംസ്‌കാരിക നായകന്‍മാര്‍ നൂതനാശയത്തിന് പ്രശംസയുമായി ചാടി വീഴുന്നതില്‍ അത്ഭുതമില്ല. മാതൃഭൂമി പത്രത്തിന്റേയും ചാനലിന്റയും പിന്‍ബലത്തില്‍ കേരളത്തിലെ ഇരുമുന്നണികളോടും ഒരു ഈര്‍ക്കില്‍ പാര്‍ട്ടിക്ക് വിലപേശല്‍ നടത്താനാകുമ്പോള്‍ രാഷ്ട്രീയത്തിലും വെള്ളപൂശല്‍ എളുപ്പമാണെന്ന് വ്യക്തമാണ്.

ഇതുവരെ താരരാജാക്കന്‍മാരെ പ്രേത എഴുത്തുകാരെ വരെ വെച്ച് ആഘോഷിച്ച ഒരു സ്ഥാപനത്തിന് ഒരൊറ്റ വാര്‍ത്താ കുതിപ്പിലൂടെ ഭൂതകാലത്തെ അപ്രത്യക്ഷമാക്കാനാകും. ഇത്തരം സാഹചര്യത്തില്‍, ജനശ്രദ്ധ തീര്‍ത്തും പതിയാത്ത മാധ്യമ തൊഴിലിടങ്ങളിലെ ചൂഷണങ്ങളെ മറവിയിലേക്ക് തള്ളാന്‍ പ്രതീതി സൃഷ്ടിയുടെ ലോകത്തെ ഹനുമാന്‍ ചാട്ടങ്ങളിലൂടെ സാധിക്കും.

സ്വന്തം യൂണിയന്‍ തിരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാന്‍ പോലും സാധിക്കാത്ത വിധത്തില്‍ മാധ്യമ ശിങ്കങ്ങളെ അടിച്ചൊതുക്കിയ മാതൃഭൂമി ഉള്‍പ്പടെയുള്ള സ്ഥാപനങ്ങളില്‍ ഉള്ളവരാണ് ജോലി പോയെങ്കില്‍ പോകട്ടെ എന്ന മട്ടില്‍ സമരം ചെയ്യുന്ന നഴ്‌സുമാരുടെ സമരം ജനങ്ങളില്‍ എത്തിക്കുന്നത് എന്ന വിചിത്രമായ അവസ്ഥയുണ്ട്. അതിനാല്‍ തന്നെ രാഷ്ട്രീയ ശരികളും ലിംഗ പദവി സംബന്ധിച്ച സമകാലിക ഉള്‍ക്കാഴ്ച്ചകളുമെല്ലാം കോര്‍പ്പറേറ്റ് മാധ്യമ മുതലാളിമാരുടെ അധിനിവേശ തന്ത്രങ്ങള്‍ക്ക് അപ്പുറത്തല്ലെന്ന തിരിച്ചറിവ് ഉണ്ടാകേണ്ടതുണ്ട്.

Advertisement