എഡിറ്റര്‍
എഡിറ്റര്‍
ഇന്ത്യയുടെ ഡോളര്‍ ശേഖരത്തില്‍ വന്‍ ഇടിവ്
എഡിറ്റര്‍
Sunday 27th May 2012 2:09pm

ന്യൂദല്‍ഹി: ഇന്ത്യയുടെ വിദേശ നാണയ ശേഖരം 180 കോടി ഡോളര്‍ കുറഞ്ഞു.  മേയ് 18ന് അവസാനിക്കുന്ന ആഴ്ചയില്‍ വിദേശ നാണയ ശേഖരം 180 കോടി കുറഞ്ഞ് 29000 കോടി ഡോളറായി. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ തന്നെയാണ് ഈ കണക്ക് പുറത്തു വിട്ടത്.

വിദേശ നാണയ ശേഖരത്തില്‍ ഈ കുറവു വരുന്നത് എന്തുകൊണ്ടാണെന്ന് റിസര്‍വ് ബാങ്ക് പറയുന്നില്ല. എന്നാല്‍ ഡോളറുമായി രൂപയുടെ മൂല്യം വളരെ ഇടിഞ്ഞു താഴ്ന്നപ്പോള്‍ റിസര്‍വ് ബാങ്ക് കരുതല്‍ ശേഖരത്തില്‍ നിന്ന് ഡോളര്‍ വിറ്റിരിക്കാമെന്ന് കരുതുന്നു.

രൂപയുടെ വില ഇടിഞ്ഞ് ഡോളറിന് 56 രൂപ 40 പൈസയായിരിക്കയാണ്. 2008-ലെ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിക്കു ശേഷം ഇപ്പോഴാണ് രൂപയുടെ മൂല്യം ഇത്ര കണ്ട് കുറയുന്നത്.

സാമ്പത്തിക പ്രതിസന്ധിക്കിടയില്‍ വിദേശത്തു നിന്നു നേരിട്ടുള്ള നിക്‌ഷേപം വര്‍ദ്ധിപ്പിക്കാന്‍ ഇന്ത്യ ശ്രമിക്കുന്നതിനിടയിലാണ് ഈ തിരിച്ചടി കൂടി നേരിട്ടിരിക്കുന്നത്.
ഇതു തുടര്‍ച്ചയായി മൂന്നാമത്തെ ആഴ്ചയാണ് വിദേശ നാണയ ശേഖരത്തില്‍ കുറവു വരുന്നത്. തൊട്ടു മുമ്പത്തെ ആഴ്ചയില്‍ 218 കോടിയും അതിനു മുമ്പത്തെ ആഴ്ചയില്‍ 137 കോടിയും ഡോളര്‍ കുറവു വന്നിരുന്നു.

Advertisement