റോം: ലോകടെന്നിസില്‍ അശ്വമേധം തുടരുന്ന നൊവാക് ഡോക്കോവിച്ച് ഒന്നാം റാങ്കിലെത്താല്‍ അധികം കാത്തിരിക്കേണ്ടി വരില്ലെന്ന് സൂചന. ഈയാഴ്ച്ച ആരംഭിക്കാനിരിക്കുന്ന ഇറ്റാലിയന്‍ ഓപ്പണ്‍ സ്വന്തം പേരില്‍ കുറിക്കാനായാല്‍ ഈ സെര്‍ബിയന്‍ താരത്തിന് ലോകടെന്നിസ് റാങ്കിംഗില്‍ ഒന്നാമതെത്താനാകും.

ഈ വര്‍ഷം ഇതുവരെ 32 മല്‍സരങ്ങളിലാണ് ഡോക്കോവിച്ച് തോല്‍വിയറിയാതെ കുതിച്ചിട്ടുള്ളത്. ഈയിടെ അവസാനിച്ച മാഡ്രിഡ് ഓപ്പണ്‍ ടെന്നിസില്‍ കളിമണ്‍ കോര്‍ട്ടിലെ കരുത്തനായ റഫേല്‍ നദാലിനെയും ഡോക്കോവിച്ച് തോല്‍പ്പിച്ചിരുന്നു.

വരാനിരിക്കുന്ന ഇറ്റാലിയന്‍ ഓപ്പണില്‍ ഡോക്കോവിച്ച് കിരീടം നേടുകയും നദാല്‍ സെമിയിലെത്താതിരിക്കുകയും ചെയ്താല്‍ ഒന്നാംറാങ്ക് സെര്‍ബിയക്കരാരന്റെ പേരിലാകും. കഴിഞ്ഞ മാര്‍ച്ചില്‍ ഫെഡററെ പിന്തള്ളി ഡോക്കോവിച്ച് രണ്ടാം റാങ്കിലെത്തിയിരുന്നു.

തുടര്‍ച്ചയായ രണ്ടു കിരീടങ്ങള്‍ സ്വന്തമാക്കാനായതില്‍ ഏറെ സന്തോഷമുണ്ടെന്നും ഒന്നാംറാങ്ക് ലക്ഷ്യമിട്ട് തന്നെ കളിക്കാനിറങ്ങുമെന്നും ഡോക്കോവിച്ച് വ്യക്തമാക്കിയിട്ടുണ്ട്.