മനാമ: ബഹ്‌റൈന്‍ സുരക്ഷാ സൈന്യം നിരവധി ഡോക്ടര്‍മാരെയും നഴ്‌സുമാരെയും ആക്രമിച്ചു എന്ന ആരോപണവുമായി രാജ്യത്തെ പ്രമുഖ മനുഷ്യാവകാശ സംഘടനയുടെ റിപ്പോര്‍ട്ട്. ഫെബ്രുവരിയില്‍ രാജ്യത്തുണ്ടായ പ്രതിഷേധ പ്രകടനങ്ങള്‍ക്കിടയില്‍ പരിക്കേറ്റവരെ ചികിത്സിക്കാന്‍ തയ്യാറായതിനാണ് ഡോക്ടര്‍മാര്‍ ആക്രമിക്കപ്പെട്ടത്.

മാര്‍ച്ച് പകുതിയോടെ സര്‍ക്കാര്‍ പ്രതിഷേധത്തെ അടിച്ചമര്‍ത്തിയതിനുശേഷം ആരോഗ്യരംഗത്ത് ജോലിചെയ്യുന്ന 70ഓളം പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതില്‍ 12 ഓളം ഡോക്ടര്‍മാരുണ്ട്. 48പേരെ പ്രത്യേക സൈനിക കോടതിയിലാണ് വിചാരണ ചെയ്തിട്ടുള്ളതെന്നും കഴിഞ്ഞ ദിവസം പുറത്തുവിട്ട 24 പേജുള്ള റിപ്പോര്‍ട്ടില്‍ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പറയുന്നു.

ആരോഗ്യപ്രവര്‍ത്തകരെ ആക്രമിക്കുന്നത് അവസാനിപ്പിക്കണമെന്നും, ആശുപത്രികളില്‍ നിന്നും സുരക്ഷാ സൈന്യത്തെ പിന്‍വലിക്കണമെന്നും സംഘടന റിപ്പോര്‍ട്ടിലൂടെ ആവശ്യപ്പെടുന്നുണ്ട്. തങ്ങളുടെ ആരോപണങ്ങളെക്കുറിച്ച് യു.എന്നിന്റെ നേതൃത്വത്തില്‍ സ്വതന്ത്ര അന്വേഷണം നടത്തണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

അതിനിടെ, സര്‍ക്കാരുമായുള്ള ചര്‍ച്ചയില്‍ നിന്നു ബഹറിന്‍ പ്രതിപക്ഷ പാര്‍ട്ടി അല്‍വിഖാഫ് പിന്മാറി. ചര്‍ച്ചകളില്‍ തങ്ങള്‍ ഉന്നയിച്ച പ്രശ്‌നങ്ങളില്‍ സര്‍ക്കാര്‍ ഗൗരവമുള്ള സമീപനം കൈക്കൊള്ളുന്നില്ലെന്ന് ആരോപിച്ചാണിത്. സുന്നി വിഭാഗത്തിനു ഭൂരിപക്ഷമുള്ള ഭരണത്തില്‍ ഷിയ വിഭാഗത്തിനും മതിയായ പ്രതിനിധ്യം വേണമെന്നാണ് അല്‍വിഖാഫിന്റെ ആവശ്യം. സുന്നി ഭൂരിപക്ഷ പാര്‍ട്ടിയായ അല്‍ വിഖാഫ് സംഘടിപ്പിച്ച പ്രക്ഷോഭങ്ങളില്‍ ബഹുഭൂരിപക്ഷം സുന്നിവിഭാഗക്കാരും അണി ചേര്‍ന്നു. പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കാമെന്ന് ബഹറിന്‍ രാജാവ് ഉറപ്പു നല്‍കി. ഇതേത്തുടര്‍ന്നാണു ചര്‍ച്ചയ്ക്കു പാര്‍ട്ടി തയാറായത്. സര്‍ക്കാരിനെ താഴെയിറക്കാനല്ല, ഷിയ വിഭാഗത്തിനു സര്‍ക്കാര്‍ പ്രാതിനിധ്യവും വോട്ടവകാശവുമാണു പ്രധാന ആവശ്യം. എന്നാല്‍ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിലപാട് ആശാവഹമല്ല. ലിബിയയിലെയും സിറിയയിലെയും പ്രക്ഷോഭങ്ങളെ പിന്തുണച്ച പാശ്ചാത്യ രാജ്യങ്ങള്‍ ബഹറിനിലെ പ്രക്ഷോഭങ്ങള പിന്തുണയ്ക്കാന്‍ മടിക്കുകയാണ്. പ്രക്ഷോഭകാരികളെ പിന്തിരിപ്പിക്കാന്‍ യുഎസില്‍ നിന്നു പ്രതിനിധികളെ അയച്ചുവെന്നും അവര്‍ അറിയിച്ചു.