എഡിറ്റര്‍
എഡിറ്റര്‍
ഡോക്ടര്‍മാരുടെ പണിമുടക്ക് ആരംഭിച്ചു
എഡിറ്റര്‍
Monday 20th August 2012 9:29am

തിരുവനന്തപുരം: തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ പ്രഖ്യാപിച്ച പണിമുടക്ക് ആരംഭിച്ചു. ബിഹാര്‍ സ്വദേശി സത്‌നാം സിങ്ങിന്റെ മരണത്തില്‍ ഡോക്ടര്‍മാര്‍ക്കെതിരെ സ്വീകരിച്ച നടപടിയില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്. ഡോക്ടര്‍മാര്‍ ആരും തന്നെ ജോലിക്കെത്തിയിട്ടില്ല. ആശുപത്രികളില്‍ രോഗികളുടെ നീണ്ട നിരകളാണ്. ഒ.പി ഒന്‍പതുമണിക്ക് ആരംഭിക്കേണ്ടതാണെങ്കിലും ഡോക്ടര്‍മാര്‍ എത്താത്തതിനെ തുടര്‍ന്ന് രോഗികള്‍ വലഞ്ഞിരിക്കുകയാണ്.

Ads By Google

അത്യാഹിത വിഭാഗം ഒഴികെയുള്ള സ്ഥലങ്ങളില്‍ ഇന്നുമുതല്‍ നിസ്സഹകരണ സമരം ആരംഭിക്കുമെന്ന് ഡോക്ടര്‍മാരുടെ സംഘടനയായ കെ.ജി.എം.ഒ.എ അറിയിച്ചിട്ടുണ്ട്.

26നകം പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ 27 മുതല്‍ സംസ്ഥാന വ്യാപകമായി സമരം നടത്തുമെന്നും സംഘടന മുന്നറിയിപ്പ് നല്‍കി. സത്‌നാം സിങ്ങിന്റെ മരണത്തെക്കുറിച്ച് അന്വേഷണം നടത്തുന്ന സംഘത്തില്‍ നിന്ന് ആരോഗ്യവകുപ്പ് അഡീഷണല്‍ ഡയറക്ടറും വിജിലന്‍ലസ് മേധാവിയുമായ ഡോ. രമണിയെ മാറ്റിനിര്‍ത്തണമെന്നും കെ.ജി.എം.ഒ.എ ആവശ്യപ്പെടുന്നു.

അമൃതാനന്ദമയി ആശ്രമത്തില്‍ അക്രമം നടത്തിയതിന് അറസ്റ്റിലായ സത്‌നാം സിങ്ങിനെ പേരൂര്‍കട മാനസികരോഗാശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇവിടെവെച്ചുണ്ടായ മര്‍ദ്ദനത്തെ തുടര്‍ന്നാണ് സത്‌നാം മരിച്ചത്.

സത്‌നാം സിങ്ങിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ആറ് ഡോക്ടര്‍മാര്‍ക്കെതിരെ നടപടിയെടുത്തിരുന്നു. പേരൂര്‍ക്കട ആശുപത്രിയിലെ ഡോ. വീണ ജി. തിലകിനെ പിരിച്ചുവിട്ടു. കൊല്ലം ജില്ലാ ആശുപത്രിയിലെ ഡോ. ഹരീഷ് മണി, കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലെ ഡോക്റ്റര്‍മാരായ ചിന്ത സുകുമാരന്‍, കിരണ്‍, പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ ഡോക്റ്റര്‍മാരായ മായ രാഘവന്‍, രാമചന്ദ്രന്‍ നായര്‍ എന്നിവരെ സ്ഥലംമാറ്റുകയും ചെയ്തിരുന്നു.

ഡോ. രമണിയുടെ നേതൃത്വത്തിലുള്ള സംഘം നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.

Advertisement