ജയ്പൂര്‍: രാജസ്ഥാനില്‍ ശമ്പള വര്‍ധന ആവശ്യപ്പെട്ട് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ നടത്തുന്ന പണിമുടക്ക് മൂന്നാം ദിവസത്തിലേക്ക് കടന്നു. സമരം നടത്തിയ അഞ്ച് ഡോക്ടര്‍മാരെ സര്‍ക്കാര്‍ സസ്‌പെന്റ് ചെയ്തു. സമരത്തെ തുടര്‍ന്ന് ആശുപത്രികളുടെ പ്രവര്‍ത്തനം ഏറെക്കുറെ പൂര്‍ണമായും താളം തെറ്റിയ നിലയിലാണ്.

3,200 ഓളം വരുന്ന റസിഡന്റ് ഡോക്ടര്‍മാരും സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് പണിമുടക്കുന്നുണ്ട്. സമരം നേരിടാന്‍ സര്‍ക്കാര്‍ റിട്ടയേര്‍ഡ് ഡോക്ടര്‍മാരുടെയും സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാരുടെയും സഹായം തേടിയിട്ടുണ്ട്. എന്നാല്‍ നിരവധി ഡോക്ടര്‍മാര്‍ സമരത്തില്‍ പങ്കെടുക്കുന്നതിനാല്‍ അത്യാഹിത വിഭാഗം മാത്രമേ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്നുള്ളൂ. എന്നാല്‍ ജില്ലാ ആശുപത്രികളിലും പ്രാഥമീകാരോഗ്യകേന്ദ്രങ്ങളിലും ഡോക്ടര്‍മാരുടെ സേവനം ഇതുവരെ ലഭ്യമാക്കാനായിട്ടില്ല. ചില സര്‍ക്കാര്‍ ആശുപത്രിയില്‍ അവശ്യസേവന വിഭാഗത്തിന്റെ പ്രവര്‍ത്തനം ഉള്‍പ്പെടെ തടസപ്പെട്ടിരിക്കുകയാണ്.

അതിനിടെ, ഡോക്ടര്‍മാര്‍ സമരം അവസാനിപ്പിക്കണമെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് ആവശ്യപ്പെട്ടു. സമരത്തിനുവേണ്ട സഹായം നല്‍കുന്നത് ആരാണെന്ന് അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. രാജസ്ഥാനിലെ അവശ്യസേവന നിയമപ്രകാരം 179 ഡോക്ടര്‍മാരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

Malayalam news

Kerala news in English