ബംഗലൂരു: മെഡിക്കല്‍ നിയമലംഘനത്തില്‍ ആശുപത്രികള്‍ക്ക് ഉത്തരവാദിത്തമുണ്ടാകുമെന്ന നിയമം പ്രാബല്യത്തില്‍ വരുത്തുന്ന സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് ബംഗുലുരുവിലെ ഡോക്ടര്‍മാര്‍ നാളെ മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക്. സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാരാണ് സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

2007ലെ കര്‍ണാടക പ്രൈവറ്റ് മെഡിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ടിന്റെ ഭേദഗതികളെ എതിര്‍ത്താണ് ഡോക്ടര്‍മാര്‍ സമരത്തിനിറങ്ങുന്നത്. മെഡിക്കല്‍ നിയമലംഘന കേസുകളില്‍ ആറു മാസം മുതല്‍ മൂന്ന് വര്‍ഷം വരെ ജയില്‍ ശിക്ഷയും വലിയ പിഴയും നല്‍കണമെന്ന മുന്‍ സുപ്രീംകോടതി ജഡ്ജി വിക്രംജിത് സെന്നിന്റെ ശുപാര്‍ശകളാണ് പ്രശ്‌നത്തിനാധാരം.

അഞ്ച് സംഘടനകളിലെ 22000 ഡോക്ടര്‍മാരാണ് പണിമുടക്കില്‍ പങ്കെടുക്കുന്നത്. ഒ.പി പരിശോധന പൂര്‍ണമായും തടസ്സപ്പെടുമെന്നും അടിയന്തിര സേവനം, പ്രസവം, ഡയാലിസിസ്, മുന്‍കൂട്ടി തീരുമാനിച്ച ഓപ്പറേഷനുകള്‍ തുടങ്ങിയവ നടത്തുമെന്നും സ്വാകാര്യ ആശുപത്രി നഴ്‌സിംഗ് ഹോം അസോസിയേഷന്‍ പ്രസിഡന്റ് സി. ജയന അറിയിച്ചു.
ഡോക്ടര്‍മാരുടെ സംഘം മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി ചര്‍ച്ച നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു. തുടര്‍ന്നാണ് സമരത്തിന് ആഹ്വാനം നടത്തിയത്.