ന്യൂദല്‍ഹി: ഡോക്ടര്‍മാരുടെ രാജ്യവ്യാപക സമരം ആരംഭിച്ചു. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ നേതൃത്വത്തിലാണ് സമരം. കേരളത്തില്‍ പണിമുടക്കിനു പകരം ജില്ലാ കേന്ദ്രങ്ങളില്‍ അരമണിക്കൂര്‍ ധര്‍ണയ്ക്കു മാത്രമാണ് ആഹ്വാനം ചെയ്തിട്ടുള്ളത്.

ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് , സ്വകാര്യ പ്രാക്ടീസ് എന്നിവയുമായി ബന്ധപ്പെട്ട നിയമങ്ങളില്‍ മാറ്റം വരുത്തുക, മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യക്ക് പുതിയ നേതൃത്വം കൊണ്ടുവരിക എന്നീ ആവശ്യങ്ങളുന്നതയിച്ചാണ് സമരം.

പകര്‍ച്ചവ്യാധികളുടെ പശ്ചാത്തലത്തിലാണ് കേരളത്തെ സമരത്തില്‍ നിന്ന് ഒഴിവാക്കിയത്. സ്വകാര്യ ആശുപത്രികള്‍ ,കണ്‍സള്‍ട്ടിങ് ചേംബറുകള്‍, ഡയഗ്‌നോസ്റ്റിക് സെന്റര്‍ ,ക്‌ളിനിക്കുകള്‍ , നഴ്‌സിങ് ഹോമുകള്‍ എന്നിവയെല്ലാം സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. ജോലിചെയ്യുന്ന സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ പ്രതിഷേധ സൂചകമായി തങ്ങളുടെ കൈകളില്‍ കറുത്ത റിബണ്‍ കെട്ടും.

എന്നാല്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ആഹ്വാനം ചെയ്ത ഡോക്ടര്‍മാരുടെ സമരം സ്റ്റേ ചെയ്യാന്‍ സുപ്രീംകോടതി വിസമ്മതിച്ചു. എന്നാല്‍ സമരത്തെ കോടതി നിശിതമായി വിമര്‍ശിച്ചു. സമരം ആരോഗ്യമേഖലയെ വികലമാക്കുമെന്നും സാധാരണക്കാരെ ബാധിക്കുമെന്നും കോടതി നിരീക്ഷിച്ചു.

സമരത്തിനെതിരായ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. ഹര്‍ജിയില്‍ നാലാഴ്ചയ്ക്കകം മറുപടി നല്‍കണമെന്ന് ഐഎംഎയ്ക്ക് കോടതി നിര്‍ദേശം നല്‍കി.  അവശ്യസേവന വിഭാഗം ഒഴികെയുള്ള എല്ലാ വിഭാഗങ്ങളെയും സമരം ബാധിച്ചിട്ടുണ്ട്.