എഡിറ്റര്‍
എഡിറ്റര്‍
ഇരുപത്തിരണ്ട് ദിവസം പ്രായമുള്ള കുഞ്ഞിന്റെ ശ്വാസനാളത്തില്‍ നാണയം!
എഡിറ്റര്‍
Saturday 29th March 2014 7:15am

new-born-baby

അമ്പലപ്പുഴ: ഇരുപത്തിരണ്ട് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ ശരീരത്തിനകത്ത് നാണയവും പേനയുടെ അടപ്പും. ശ്വാസനാളത്തില്‍ നിന്ന് ഒരു രൂപ നാണയവും അന്നനാളത്തില്‍ നിന്ന് റബ്ബറിന്റെ കഷണവും സ്‌കെച്ച് പേനയുടെ അടപ്പും ശസ്ത്രക്രിയയിലൂടെ ഡോക്ടര്‍മാര്‍  പുറത്തെടുത്തു.

കുട്ടികളുടെ ശസ്ത്രക്രിയ വിഭാഗം മേധാവിയും പ്രൊഫസറുമായ ഡോക്ടര്‍ എം.കെ അജയകുമാറിന്റെ നേതൃത്വത്തില്‍ രണ്ട് മണിയ്ക്കൂര്‍ നേരത്തെ ശസ്ത്രക്രിയയ്ക്ക് ശേഷമാണ് ഇവ പുറത്തെടുത്തത്.

കുഞ്ഞിന്റെ ശരീരത്തിനുള്ളില്‍ എങ്ങനെ ഇത്തരം വസ്തുക്കള്‍ എത്തിയെന്നത് വ്യക്തമല്ല. ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ച് വീഡിയോ എന്‍ഡോസ്‌കോപ്പിയിലൂടെയാണ് ഇവ പുറത്തെടുത്തത്. ന്യൂമോണിയ ബാധിച്ച കുഞ്ഞ് നവജാത ശിശു തീവ്രപരിചരണ വിഭാഗത്തിലായിരുന്നു.

ആലപ്പുഴ കലവൂരിലെ ശ്രീരേഖ-ശ്രീജിത്ത് ദമ്പതികളുടെ ആണ്‍കുഞ്ഞിനെ കടുത്ത ശ്വാസംമുട്ടലോടെയാണ് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചികിത്സയില്‍ ഫലം കാണാത്തതിനെ തുടര്‍ന്ന് എക്‌സ്‌റേ എടുത്തപ്പോഴാണ് ശ്വാസനാളത്തിലും അന്നനാളത്തിലും എന്തോ കുടുങ്ങിയിരിയ്ക്കുന്നതായി ഡോക്ടര്‍മാര്‍ കണ്ടെത്തിയത്. ഒരു രൂപയുടെ സ്റ്റീല്‍ നാണയം ശ്വാസനാളത്തില്‍ നിന്നാണ് പുറത്തെടുത്തത്.

സ്‌കെച്ചിന്റെ അടപ്പ് അന്നനാളത്തില്‍നിന്നാണ് കണ്ടെടുത്തത്. ഈ വസ്തുക്കള്‍ മൂലം തൊണ്ടയിലും അന്നനാളത്തിലും നീര്‍ക്കെട്ട് ബാധിച്ചതായി ചികിത്സക്കും ശസ്ത്രക്രിയക്കും നേതൃത്വം നല്‍കിയ ഡോക്ടര്‍ അജയകുമാര്‍ പറഞ്ഞു. കുഞ്ഞിന്റെ വയറ്റില്‍ ഈ സാധനങ്ങള്‍ എങ്ങനെ കടന്നുവെന്ന് മനസ്സിലാകുന്നില്ലെന്ന് കുഞ്ഞിനെ ചികിത്സിച്ച ഡോക്ടര്‍ ഗിരിജ മോഹന്‍ പറഞ്ഞു.

Advertisement