ന്യൂദല്‍ഹി: യു.എസില്‍ ക്യാന്‍സര്‍ ചികിത്സയ്ക്ക് ശേഷം യുവരാജ് സിംഗ് കഴിഞ്ഞദിവസമാണ് ഇന്ത്യയില്‍ തിരിച്ചെത്തിയത്. യുവാരാജിന്റെ രോഗം പൂര്‍ണമായും ഭേദമായെന്നും അദ്ദേഹത്തിന് ക്യാന്‍സര്‍ വീണ്ടും വരാനുള്ള സാധ്യതയില്ലെന്നും ഡോക്ടര്‍മാര്‍ അറിയിച്ചതായി ബി.സി.സി.ഐ വ്യക്തമാക്കി.

‘ മാര്‍ച്ച് അവസാനത്തോടെ ചികിത്സ കഴിഞ്ഞെങ്കിലും കീമോതെറാപ്പിയുടെ പാര്‍ശ്വഫലത്തില്‍ നിന്നും മുക്തിനേടാനായി കുറച്ചുദിവസം കൂടി യുവരാജ് ലണ്ടനില്‍ ചിലവഴിച്ചു. ‘ ബി.സി.സി.ഐ അവരുടെ വെബ്‌സൈറ്റിലൂടെ വ്യക്തമാക്കി.

‘ ചികിത്സയോട് യുവരാജിന്റെ ശരീരം നന്നായി പ്രതികരിക്കുന്നുണ്ട്. രോഗം തിരിച്ചുവരില്ലെന്ന് അദ്ദേഹത്തിന്റെ ഡോക്ടര്‍മാര്‍ ഉറപ്പുനല്‍കിയിട്ടുണ്ട്.’ വെബ്‌സൈറ്റില്‍ വ്യക്തമാക്കുന്നു.

കഴിഞ്ഞ ലോകകപ്പില്‍ ഇന്ത്യയെ ജേതാക്കളാക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുകയും ടൂര്‍ണമെന്റിന്റെ താരമായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്ത യുവരാജ് ഫിബ്രവരിയിലാണ് രോഗം തിരിച്ചറിഞ്ഞത്. ശ്വാസകോശങ്ങള്‍ക്കിടെ ട്യൂമര്‍ ബാധിച്ച യുവരാജ് തുടര്‍ന്ന് അമേരിക്കയില്‍ ഇന്‍ഡ്യാനപൊളീസിലെ ഐ.യു. സൈമണ്‍ കാന്‍സര്‍ സെന്ററില്‍ ചികിത്സ തേടുകയായിരുന്നു. മുന്‍ സൈക്ലിങ് ചാമ്പ്യന്‍ ലാന്‍സ് ആംസ്‌ട്രോങ്ങിനെ ചികിത്സിച്ച ലോറന്‍സ് എച്ച്. എയ്ന്‍ഹോമാണ് യുവരാജിനെയും ചികിത്സിച്ചത്.