കൊച്ചി: എച്ച്.ഐ.വി ബാധിതര്‍ക്ക് പ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ ലൈഗികോത്തേജന ഔഷധമായ മുസ്‌ലി പവ്വര്‍ എക്‌സ്ട്രയ്ക്കു കഴിയുമെന്ന പഠന റിപ്പോര്‍ട്ടിനെതിരെ ഡോക്ടര്‍മാര്‍.

ചങ്ങാശേരി അതിരൂപതയുടെ കീഴിലുള്ളതെന്ന് അവകാശപ്പെടുന്ന കോട്ടയത്തെ ആത്മതാ കേന്ദ്രത്തില്‍ നടന്ന മരുന്നു പരീക്ഷണത്തിനെതിരെയാണ് ഡോക്ടര്‍മാര്‍ രംഗത്തെത്തിയിരിക്കുന്നത്. മുംബൈ കേന്ദ്രമായ തൈറോകെയര്‍ ടെക്‌നോളജിക്കല്‍സിന്റെ സഹകരണത്തോടെ നടത്തിയ പഠന റിപ്പോര്‍ട്ട് ആത്മതയുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്.

ഈ ഔഷധം ഊര്‍ജദായകമാണെന്നും വളരെ നല്ലതാണെന്നും എച്ച്.ഐ.വി ബാധിതര്‍ സാക്ഷ്യപ്പെടുത്തുന്നതായുള്ള ദൃശ്യങ്ങളും റിപ്പോര്‍ട്ടിനൊപ്പമുണ്ട്. ദേശാഭിമാനി പത്രത്തിലെ മുന്‍ കറസ്‌പോണ്‍ന്റെ, കേരള കൗമുദിയുടെ മുന്‍ റീജണല്‍ മാനേജര്‍ എന്നീ അവകാശവാദങ്ങളുന്നയിച്ച സി.വി വിനായകനാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുള്ളത്.

കച്ചവടക്കാരനും പുരോഹിതനും ഒത്തുചേര്‍ന്ന് എച്ച്.ഐ.വി ബാധിതരെ വഞ്ചിക്കുകയാണെന്ന് പറഞ്ഞ് ഒരുകൂട്ടം ഡോക്ടര്‍മാര്‍ രംഗത്തെത്തിയിരിക്കുകയാണ്. ഏതെങ്കിലും സര്‍ക്കാര്‍, ആരോഗ്യ ഏജന്‍സികളുടെ മേല്‍നോട്ടത്തില്‍ നടത്തിയതെന്ന് പറയുന്നില്ലെങ്കിലും ഈ റിപ്പോര്‍ട്ട് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ഡോക്ടര്‍മാര്‍ കുറ്റപ്പെടുത്തുന്നു.

2010 ഡിസംബര്‍ 1നാണ് ഈ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. ഇതുമായി ബന്ധപ്പെട്ട് ഫാ.തോമസ് വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനം, എച്ച്.ഐ.വി ബാധിതരുടെ സാക്ഷ്യപ്പെടുത്തല്‍ എന്നിവ മരുന്നിന് അനുകൂലമായി പ്രചരിപ്പിക്കുന്നുണ്ട്. രോഗബാധിതരുടെ പ്രതിരോധശേഷി വര്‍ധിപ്പിക്കാനുള്ള കഴിവ് ഈ മരുന്നിനുണ്ടെന്നാണ് ഫാ.തോമസ് അവകാശപ്പെടുന്നത്.

2010 മെയില്‍ ആരംഭിച്ച പഠനം അവസാനിച്ചത് നവംബറിലാണ്. പഠനത്തിനായി രജിസ്റ്റര്‍ ചെയ്ത 618 പേരില്‍ നിന്നും തിരഞ്ഞെടുത്ത 55 സ്ത്രീകളിലും 18 പുരുഷന്‍മാരിലുമാണ് പഠനം നടത്തിയത്. ഇവരില്‍ നിന്ന് 23പുരുഷരും നാല് സ്ത്രീകളും അവസാനഘട്ടത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഇവരിലാണ് പ്രതിരോധശേഷി വര്‍ധിപ്പിക്കുന്ന ശ്വേതരക്താണുക്കള്‍ കൂടിയതായി കണ്ടെത്തിയത്.

മരുന്ന് പരീക്ഷണം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടേയും മെഡിക്കല്‍ കേന്ദ്രങ്ങളുടേയും അനുമതി ആവശ്യമുണ്ട്. ഈ അനുമതി തേടാതെയാണ് മുസ് ലീപവ്വര്‍ എക്‌സ്ട്ര പരീക്ഷണം നടത്തിയത്. ഇത്തരം റിപ്പോര്‍ട്ടുകള്‍ വ്യാജമാണെന്നും ഈ മരുന്ന് ഗുണകരമാണെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ലെന്നും ജനങ്ങള്‍ ഇവ ഉപയോഗിക്കരുതെന്നും കേരള എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി അഡീ. പ്രോജക്ട് ഡയറക്ടര്‍ ഡോ. പി.വി. വേലായുധന്‍ വ്യക്തമാക്കി.