ന്യൂദല്‍ഹി: ഭാര്യയ കഴുത്തുഞെരിച്ചുകൊലപ്പെടുത്തിയശേഷം മൃതദേഹം കാറിലിട്ട് ആയിരം കിലോമീറ്റര്‍ അകലെയുള്ള ഗംഗാനദിയില്‍ തള്ളി. മുപ്പത്തൊന്നുകാരനായ ഡോക്ടര്‍ ചന്ദ്രവിഭാഷ് സാധു എന്നയാളാണ് ഈ കൊടുംക്രൂരത ചെയ്തത്. എം.ബി. എക്കാരിയായ സുപ്രിയ തുശാന്‍ എന്ന ഇരുപത്തേഴുകാരിയാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കൊല നടന്നത്. ഡോക്ടറെ പൊലീസ് പിടികൂടി.

ഭാര്യയുമായി മാനസികവും ശാരീരികവുമായി പൊരുത്തപ്പെട്ടുപോകാനൊക്കാത്തതിനാലാണ് കൊല നടത്തിയതെന്ന് ഇയാള്‍ പൊലീസിനോട് സമ്മതിച്ചു. സുപ്രിയയെ ഞെക്കികൊന്നശേഷം മൃതശരീരം ഒരു ബാഗിലാക്കി ഗംഗയിലിടുകയായിരുന്നെന്ന് അഡീഷണല്‍ പോലീസ് കമ്മീഷണര്‍ വി. രംഗനാഥന്‍ പറയുന്നു. ഭാര്യയെ ഞെക്കിക്കൊന്നെന്ന് ഡോക്ടര്‍ ഭാര്യാപിതാവിനോട് കുറ്റസമ്മതം നടത്തുകയായിരുന്നു.

കഴിഞ്ഞവര്‍ഷം നവംബറിലാണ് സുപ്രീയയും ചന്ദ്രവിശ്വവിഭാഷും തമ്മില്‍ വിവാഹിതരായത്. വിവാഹം കഴിഞ്ഞ രണ്ട് മാസത്തിനുശേഷമാണ് വിഭാഷിന് സുപ്രിയയോടുള്ള അനിഷ്ടം പ്രത്യക്ഷപ്പെട്ടുതുടങ്ങിയത്. അതിനുശേഷം ഇരുകുടംബങ്ങളും പലതവണ ്പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിച്ചിരുന്നതായി പോലീസ് പറയുന്നു.

വിഭാഷിന്റെ പെരുമാറ്റ വൈകൃതങ്ങളെപ്പറ്റി സുപ്രിയ അമ്മയോട് പരാതി പറയാറുണ്ടായിരുന്നു. പീഡനം സഹിക്കാന്‍ കഴിയാതെ വന്നപ്പോള്‍ ജൂലൈയില്‍ സ്വന്തം വീട്ടിലേക്ക് മടങ്ങുകയും ചെയ്തു. എന്നാല്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ഇടപെട്ടതിനെ തുടര്‍ന്ന് വിഭാഷ് സുപ്രിയയെ തിരികെ കൊണ്ടുപോയി. എന്നാല്‍ അതിനുശേഷം സുപ്രിയയെ പീഡിപ്പിക്കുന്നത് തുടര്‍ന്നു. ഇതിനിടയില്‍ പ്രശ്‌നം പരിഹരിക്കാന്‍ സുപ്രിയയുടെ രക്ഷിതാക്കള്‍ പലവട്ടം ശ്രമിച്ചിരുന്നു. എന്നാല്‍ വിഭാഷിന്റെ ക്രൂരത കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നെന്ന് പോലീസ് വ്യക്തമാക്കി.