Categories

പ്രകോപനമുണ്ടാക്കി വാഹനപരിശോധന വേണ്ട: മുഖ്യമന്ത്രി

oomen-chandi-1

തിരുവനന്തപുരം: ജനങ്ങളെ പ്രകോപിപ്പിച്ചു കൊണ്ടുള്ള വാഹന പരിശോധന വേണ്ടെന്നും വാഹനം തടഞ്ഞുനിര്‍ത്തി പരിശോധിച്ച് ജനങ്ങളെ ബുദ്ധിമുട്ടിക്കരുതെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. റോഡ് സുരക്ഷാവാരാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്ന് കൊട്ടാരത്തില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

നിയമലംഘനം നടത്തുന്നവരെ ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ പിടികൂടണമെന്നും സുരക്ഷാ സംവിധാനങ്ങളുടെ ഭാഗമായി നിയമം കര്‍ശനമാക്കുമ്പോള്‍ ജനം സഹകരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സുരക്ഷാ വാരാചാരണവുമായി മുന്നോട്ട് പോയാല്‍ മാത്രം പോര.റോഡപകടങ്ങള്‍ കുറയ്ക്കാന്‍ പോലീസും മോട്ടോര്‍ വാഹന വകുപ്പും സംയുക്തമായി പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.

മോട്ടോര്‍ വാഹന വകുപ്പില്‍ വാഹനങ്ങളുടെ എണ്ണം കൂടിയതനുസരിച്ച് ജീവനക്കാരുടെ എണ്ണത്തില്‍ കാര്യമായ മാറ്റമുണ്ടായിട്ടില്ല.

ഒരോ അപകടങ്ങളെയും കുറിച്ച് പഠനം നടത്തി സമാന സാഹചര്യങ്ങള്‍ ഒഴിവാക്കാനുള്ള നടപടികള്‍ സ്വീകരിക്കണം. റോഡിന്റെ സ്ഥിതിയാണ് മോശമെങ്കില്‍ അത് പരിഹരിക്കണം. ട്രാഫിക് നിയമങ്ങളില്‍ മാറ്റം വരുത്തേണ്ട ആവശ്യമുണ്ടെങ്കില്‍ അത് ചെയ്യണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ച പരിപാടിയില്‍ കെ.മുരളീധരന്‍, മേയര്‍ കെ.ചന്ദ്രിക, അലക്‌സ് പോള്‍, സി.എം സെയ്ത് മുഹമ്മദ് എന്നിവര്‍ സംസാരിച്ചു.