Categories

നിരോധിച്ച മരുന്നുകള്‍ കൊണ്ടുവരരുത്; യു.എ.ഇ

medicine അബുദാബി: യുഎ.ഇ.യിലേക്കു വരുന്ന ഇന്ത്യക്കാര്‍ക്ക് മുന്നറിയിപ്പുമായി യു.എ.ഇ. ഇന്ത്യന്‍ എംബസി. നിരോധനം ഏര്‍പ്പെടുത്തിയ മരുന്നുകള്‍ യു.എ.ഇ ലേക്കുള്ള യാത്രവേളയില്‍ കൈവശം വെക്കാന്‍ പാടില്ല എന്നാതാണ് ഇന്ത്യക്കാര്‍ക്കുള്ള മുന്നറിയിപ്പ്.

അബുദാബി വിമാനത്താവളത്തില്‍ മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട് മലയാളി യുവാവ് പോലീസ് പിടിയിലായതിന്റെ പശ്ചാത്തലത്തിലാണ് മരുന്നുകള്‍ കൊണ്ടുപോവുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

യാത്രാവേളയില്‍ കയ്യില്‍ കൊണ്ടുവരുന്ന സാധനങ്ങളെക്കുറിച്ച് പൂര്‍ണമായ അറിവ് യാത്രചെയ്യുന്ന ആള്‍ക്കുണ്ടാവണം. സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും നല്‍കാനായി മറ്റുള്ളവര്‍ തന്നയയ്ക്കുന്ന പാര്‍സലുകള്‍ തുറന്ന് പരിശോധിച്ച ശേഷമേ യാത്രതിരിക്കാവൂ  എന്ന് ഇന്ത്യന്‍ സ്ഥാനപതി ടി.പി.സീതാറാം അറിയിച്ചു.

നാട്ടില്‍നിന്ന് ഒരു പരിചയക്കാരന്‍ കൊടുത്തയച്ച പൊതിയില്‍ മയക്ക് മരുന്ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു മലയാളി യുവാവ് ഷിജു അറസ്റ്റിലായത്. നിരപരാധിത്വം തിരിച്ചറിഞ്ഞ് കോടതി പിന്നീട് ഇദ്ദേഹത്തെ വിട്ടയക്കുകയായിരുന്നു.

ദുബായ് കസ്റ്റംസ് വകുപ്പിന്റെ വെബ്‌സൈറ്റില്‍ നിരോധിച്ച മരുന്നുകളുടെ പൂര്‍ണമായ വിവരം രേഖപ്പെടുത്തിയിട്ടുണ്ട്. ചില മരുന്നുകള്‍ കൊണ്ടുവരാനുള്ള അനുമതിയുണ്ടെങ്കിലും അതിന്റെ അളവ് രേഖപ്പെടുത്തിയിട്ടുണ്ട്.

ആരോഗ്യപരമായ കാരണങ്ങളാല്‍ നിര്‍ബന്ധമായുംഉപയോഗിച്ചിരിക്കേണ്ട മരുന്നുകള്‍ കൊണ്ടുവരുമ്പോള്‍ രോഗവുമായി ബന്ധപ്പെട്ട രേഖകളും, യു.എ.ഇ.യിലെ അംഗീകൃത ഡോക്ടര്‍മാര്‍ നിര്‍ദേശിച്ച മരുന്നും ചീട്ടുമെല്ലാം കയ്യിലുണ്ടെന്ന് ഉറപ്പ് വരുത്തണം.