എഡിറ്റര്‍
എഡിറ്റര്‍
ആക്രമണത്തിന് പിന്നില്‍ ഗുരു-ശിഷ്യ മത്സരം: കെജ് രിവാളിനോട് ബി.ജെ.പി
എഡിറ്റര്‍
Tuesday 19th November 2013 10:22pm

kejriwal against hazare

ന്യൂദല്‍ഹി: കഴിഞ്ഞ ദിവസം പത്രസമ്മേളനത്തിനിടയില്‍ കെജ്‌രിവാളിനെ മഷിയെറിഞ്ഞ സംഭവത്തില്‍ തങ്ങളെ പഴിക്കേണ്ടെന്ന്  ബി.ജെ.പി.

ഇത് ഗുരു അണ്ണാ ഹസാരെയുമായി കെജ്‌രിവാള്‍ നടത്തുന്ന യുദ്ധത്തിന്റെ ഫലമാണ്. ‘ ബി.ജെ.പിയെ പഴിക്കേണ്ട. ഇത് നിങ്ങള്‍ ഗുരുവും ശിഷ്യനും തമ്മിലുള്ള യുദ്ധത്തിന്റെ ഭാഗമാണ്.’ ബി.ജെ.പി വക്താവ് പ്രകാശ് ജാവദേക്കര്‍ പറഞ്ഞു.

‘തന്റെ പേരും പണവും ദുരുപയോഗം ചെയ്യുന്നതിനാല്‍ അണ്ണാ നിങ്ങളെ കുറ്റപ്പെടുത്തുന്നുണ്ട്.’

ലോക് പാല്‍ മുന്നേറ്റത്തിനായി ശേഖരിച്ച ഫണ്ട് ദല്‍ഹി അസംബ്ലി തിരഞ്ഞെടുപ്പ് പ്രചരണത്തിനായി ഉപയോഗിക്കുന്നുണ്ടോ എന്ന് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് അണ്ണാ ഹസാരെയുടെ കത്ത് ലഭിച്ചതിനെ തുടര്‍ന്നാണ് കെജ്‌രിവാള്‍ ഇന്നലെ പത്രസമ്മേളനം വിളിച്ച് കൂട്ടിയത്.

2011-ല്‍ അണ്ണാ ഹസാരെയുടെ നേതൃത്വത്തില്‍ നടന്ന പ്രക്ഷോഭത്തില്‍ സംഭാവനയായി ലഭിച്ച പണം തിരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്കായി ചെലവഴിച്ചു എന്ന ആരോപണം കെജ്‌രിവാള്‍ നിഷേധിച്ചു. എന്തെങ്കിലും ക്രമക്കേടുള്ളതായി കണ്ടെത്തിയാല്‍ താന്‍ മത്സരിക്കുന്നതില്‍ നിന്ന് പിന്മാറുമെന്നും അദ്ദേഹം വ്യക്തമാക്കി.

പത്രസമ്മേളനത്തിനിടയില്‍ നചികേത എന്നയാളാണ് അദ്ദേഹത്തിന് നേരെ മഷിയെറിഞ്ഞത്. ഇയാള്‍ അണ്ണാ ഹസാരെയുടെ പേരിലുള്ള മുദ്രാവാക്യങ്ങള്‍ മുഴക്കിയെങ്കിലും ബി.ജെ.പിക്കാരനാണെന്നാണ് സ്വയം അവകാശപ്പെട്ടത്.

ഇയാളെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും ഇന്ന് ജാമ്യത്തില്‍ വിട്ടയച്ചിരുന്നു.’ബി.ജെ.പിയാണ് ഈ ആക്രമണത്തിന്റെ പിന്നില്‍. വൃത്തികെട്ട രാഷ്ട്രീയമാണ് അവര്‍ കളിക്കുന്നത്.’ കെജ്‌രിവാള്‍ പറഞ്ഞു.

ആക്രമണം നടത്തിയയാള്‍ നേരത്തെ പാര്‍ട്ടിയില്‍ അംഗമായിരുന്നെന്നും പിന്നീട് അണ്ണാ ഹസാരെയുടെ സമരത്തിന്റെ മുന്നണിപ്പോരാളിയായെന്നും ബി.ജെ.പി    പറഞ്ഞു.

‘അയാല്‍ എന്തിനാണ് അണ്ണാ ഹസാരെയ്ക്ക് സിന്ദാബാദ് വിളിക്കുന്നത്? അയാള്‍ ബി.ജെ.പിക്കാരനായിരുന്നെങ്കില്‍ അടല്‍ ബിഹാരി (വാജ്‌പേയി) സിന്ദാബാദ് എന്നായിരുന്നു പറയേണ്ടിയിരുന്നത്.’ മുതിര്‍ന്ന ബി.ജെ.പി നേതാവ് സുഷമാ സ്വരാജ് പറഞ്ഞു.

Advertisement