ന്യൂദല്‍ഹി: രാജിവച്ച ഡി.എം.കെ മന്ത്രിമാര്‍ക്ക് പകരം ആളെ നിര്‍ദേശിക്കില്ലെന്ന് ഡി.എം.കെ നേതാവ് കരുണാനിധി. മന്ത്രിസഭാ പുനഃസംഘടനയില്‍ ഡി.എം.കെ മന്ത്രിയായി ടി.ആര്‍ ബാലുവിനെ ഉള്‍പ്പെടുത്താനുള്ള നീക്കം ഡി.എം.കെ ഉപേക്ഷിച്ചു.

മാരന് പകരം ഉള്‍പ്പെടുത്തേണ്ടവരുടെ ലിസ്റ്റ് താന്‍ സോണിയാ ഗാന്ധിക്കോ പ്രധാനമന്ത്രിക്കോ കൈമാറിയിട്ടില്ലെന്ന് മാരന്റെ രാജിയ്ക്ക് ശേഷം കരുണാനിധി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. മുതിര്‍ന്ന ഡി.എം.കെ നേതാവ് ടി.ആര്‍ ബാലു മന്ത്രിയാകുമെന്ന പ്രചരണത്തിനിടെയായിരുന്നു കരുണാനിധിയുടെ പ്രഖ്യാപനം.

കേന്ദ്രമന്ത്രിസഭയിലെ ഡി.എം.കെ മന്ത്രിമാരായ എ.രാജ, ദയാനിധി മാരന്‍ എന്നിവര്‍ രാജിവച്ചിരുന്നു. 2 ജി സ്‌പെക്ട്രം കേസില്‍ ആരോപണവിധേയനായ രാജ മാസങ്ങള്‍ക്കുമുമ്പാണ് ടെലികോം മന്ത്രിസ്ഥാനം രാജിവച്ചത്. ഇതേ ഇടപാടില്‍ ദയാനിധി മാരന്‍ കഴിഞ്ഞ ദിവസം മന്ത്രിസ്ഥാനമൊഴിഞ്ഞു. എന്നാല്‍ ഈ സ്ഥാനങ്ങളിലേക്കു പകരക്കാരെ നിര്‍ദേശിക്കേണ്ടെന്നാണു ഡി.എം.കെ തീരുമാനം.

അതേസമയം, പ്രശ്‌നപരിഹാരത്തിനു ധനമന്ത്രി പ്രണബ് മുഖര്‍ജി ഉടന്‍ തന്നെ കരുണാനിധിയുമായി കൂടിക്കാഴ്ച നടത്തുമെന്നാണു റിപ്പോര്‍ട്ട്.
ജൂലൈ അവസാനം നടക്കുന്ന ഡിഎംകെ എക്‌സിക്യൂട്ടിവ് യോഗത്തില്‍ യു.പി.എ സഖ്യത്തില്‍ തുടരണമോ എന്ന കാര്യത്തില്‍ ഡി.എം.കെ തീരുമാനമെടുക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.