എഡിറ്റര്‍
എഡിറ്റര്‍
ഹൈക്കോടതിയില്‍ ‘ വിശ്വാസമര്‍പ്പിച്ച് ‘ എം.കെ സ്റ്റാലിന്‍
എഡിറ്റര്‍
Monday 20th February 2017 2:20pm


ചെന്നൈ: കയ്യാങ്കളിയിലെത്തിയ വിശ്വാസ വോട്ടിനെതിരെ ഡി.എം.കെ മദ്രാസ് ഹൈക്കോടതിയില്‍. എടപ്പാളി പളനിസ്വാമിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ വിശ്വാസ വോട്ട് നേടി രണ്ട് ദിവസം പിന്നിടുമ്പോളാണ് പ്രതിപക്ഷ പാര്‍ട്ടിയായ ഡി.എം.കെ പുതിയ കരുനീക്കം നടത്തിയിരിക്കുന്നത്.

രാവിലെ കോടതി ആരംഭിച്ചപ്പോള്‍ തന്നെ മുതിര്‍ന്ന അഭിഭാഷകനും ഡി.എം.കെയുടെ മുന്‍ രാജ്യസഭാംഗവുമായ ആര്‍.ഷണ്‍മുഖ സുന്ദരം ഇക്കാര്യം ഫസ്റ്റ് ബെഞ്ച് മുമ്പാകെ അവതരിപ്പിക്കുകയായിരുന്നു. അടിയന്തിര പരിഗണനാനുമതി നേടുകയും ചെയ്തു. തുടര്‍ന്ന് ഷണ്‍മുഖസുന്ദരത്തോട് പരാതി സമര്‍പ്പിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.

നാളെ കോടതി കേസ് പരിഗണിക്കും. വിശ്വാസ വോട്ടെടുപ്പ് അസാധുവാക്കണമെന്നും പുതുതായി വോട്ടെടുപ്പ് നടത്തണമെന്നും രഹസ്യ വോട്ടെടുപ്പായിരിക്കണമെന്നും ഡി.എം.കെ കോടതിയോട് ആവശ്യപ്പെടാന്‍ സാധ്യതയുള്ളതായി റിപ്പോര്‍ട്ടുകളുണ്ട്.

നേരത്തെ, പ്രതിപക്ഷത്തെ പുറത്താക്കി കൊണ്ടുള്ള വോട്ടിംഗിനെതിരെ പാര്‍ട്ടി സംസ്ഥാന വ്യാപകമായി നിരാഹാര സമരം നടത്തുമെന്ന് നേരത്തെ ഡി.എം.കെ നേതാവ് എം.കെ സ്റ്റാലിന്‍ പറഞ്ഞിരുന്നു.


Also Read: ശ്രീരാമന്റെ കാലത്തേ ഇന്ത്യയില്‍ വിമാനമുണ്ടായിരുന്നു; അന്നത്തെ കണ്ടുപിടുത്തങ്ങളുടെ വളര്‍ച്ചയാണ് ഇന്നത്തെ ടെക്‌നോളജി: പന്ന്യന്‍ രവീന്ദ്രന്‍


നിയമസഭയിലെ കയ്യാങ്കളിയെ തുടര്‍ന്ന് ഡി.എം.കെയെ സഭയില്‍ നിന്നും പുറത്താക്കിയായിരുന്നു പളനിസ്വാമി വിശ്വാസവോട്ട് നേടിയത്. സഭയിലെ സംഘര്‍ഷത്തിനിടെ കീറിയ വസ്ത്രമണിഞ്ഞ് പുറത്തെത്തിയ സ്റ്റാലിന്‍ മറീന ബീച്ചില്‍ നിരാഹരമിരുന്നതുമെല്ലാം വിശ്വാസ വോട്ടെടുപ്പിനെ നാടകീയമാക്കിയിരുന്നു.

അതേസമയം, ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു നിയമസഭയിലെ സംഭവങ്ങളില്‍ വിശദമായ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. വിശ്വാസവോട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എ.ഐ.ഡി.എം.കെ നേതൃത്വവുമായി ഇടഞ്ഞ് നില്‍ക്കുന്ന മുന്‍മുഖ്യമന്ത്രി ഒ.പനീര്‍ശെല്‍വവും ഗവര്‍ണറെ കണ്ടിരുന്നു.

Advertisement