ചെന്നൈ: തമിഴ്‌നാട്ടില്‍ സീറ്റ് വിഭനത്തെച്ചൊല്ലി കോണ്‍ഗ്രസ് ഡി.എം.കെ തര്‍ക്കത്തെ തുടര്‍ന്ന് കേന്ദ്രമന്ത്രിസഭയില്‍ നിന്ന് മന്ത്രിമാരെ പിന്‍വലിക്കാന്‍ ഡി.എം.കെ തീരുമാനിച്ചു. കേന്ദ്രസര്‍ക്കാരിന് ഇനി പ്രശ്‌നാധിഷ്ഠിത പിന്തുണ മാത്രമേ നല്‍കുകയുള്ളവെന്നും ഡി.എം.കെ അറിയിച്ചു. ഇതു സംബന്ധിച്ച പ്രമേയം ഡി.എം.കെ അംഗീകരിച്ചു.

ഡി.എം.കെ യു.പി.എയില്‍ നിന്ന് പിന്മാറുമെന്നും മുന്നണി ബന്ധം കോണ്‍ഗ്രസിന് ആവശ്യമില്ലാത്തതിനാലാണ് അവര്‍ 63 സീറ്റ് ആവശ്യപ്പെട്ടതെന്നും ഡി.എം.കെ പ്രമേയം വ്യക്തമാക്കുന്നു.

കോണ്‍ഗ്രസ് തീരുമാനം തന്നെ അത്ഭുതപ്പെടുത്തിയതായി ഡി.എം.കെ നേതാവും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ കരണാനിധി പ്രതികരിച്ചു. യു.പി.എയില്‍ നിന്ന് ഡി.എം.കെയെ മാറ്റാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നതായി താന്‍ കരുതുന്നതായും കരുണാനിധി പറഞ്ഞു.

നേരെത്തേ സീറ്റ് വിഭജനം സംബന്ധിച്ച ഡി.എം.കെ നിലപാട് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയെ ടി.ആര്‍. ബാലു അറിയിച്ചിരുന്നു.തമിഴ്‌നാട്ടിലെ 234 സീറ്റുകളില്‍ 60 എണ്ണം കോണ്‍ഗ്രസിന് നല്‍കാമെന്ന് ഡി.എം.കെ. സമ്മതിച്ചിരുന്നു. എന്നാല്‍ വ്യാഴാഴ്ച മൂന്നു സീറ്റുകള്‍കൂടി കോണ്‍ഗ്രസ് അധികമായി ആവശ്യപ്പെട്ടതാണ് പ്രതിസന്ധിക്കിടയാക്കിയത്. കരുണാനിധിയുമായുള്ള ചര്‍ച്ചകള്‍ക്ക് ഫലം കാണാത്തതിനെ തുടര്‍ന്ന് തമിഴ്‌നാട്ടിലെ കോണ്‍ഗ്രസിന്റെ ചുമതലയുള്ള കേന്ദ്രമന്ത്രി ഗുലാം നബി അസാദ് ദല്‍ഹിയിലേക്ക് മടങ്ങിയിരുന്നു.