ചെന്നൈ: ടു.ജി സ്‌പെക്ട്രം അഴിമതിക്കേസില്‍ ദയാനിധി മാരനും രാജിവെച്ചൊഴിഞ്ഞ സാഹചര്യത്തില്‍ ധനമന്ത്രി പ്രണബ് മുഖര്‍ജി ഡി.എം.കെ നേതാവ് കരുണാനിധിയുമായി ചര്‍ച്ച നടത്തി. രാവിലെ കരുണാനിധിയുടെ വീട്ടിലെത്തിയ പ്രണബ് പ്രഭാത ഭക്ഷണത്തിനിടെയാണ് ചര്‍ച്ച നടത്തിയത്.

എന്നാല്‍ തന്റെത് സ്വാഭാവിക സന്ദര്‍ശനം മാത്രമാണെന്നും ചെന്നൈയില്‍ വരുമ്പോഴൊക്കെ താന്‍ കരുണാനിധിയെ കാണാറുണ്ടെന്നും പ്രണബ് മാധ്യമങ്ങളോട് വ്യക്തമാക്കി. കോണ്‍ഗ്രസ്-ഡി.എം.കെ സഖ്യം തുടരുമെന്നും പ്രണബ് വ്യക്തമാക്കി.

അതേസമയം ധന സഹമന്ത്രിയായ പളനിമാണിക്ക്യത്തിനെ ക്യാബിനറ്റ പദവിയിലേക്ക് ഉയര്‍ത്തണമെന്ന് കരുണാനിധി ആവശ്യപ്പെട്ടതായാണ് സൂചന. രണ്ട് പേരെ സഹമന്ത്രിസ്ഥാനത്തേക്ക് എടുക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ വലിയ സമ്മര്‍ദ്ദം വേണ്ടെന്നാണ് പ്രണബിന്റെ നിലപാട്.

അതേസമയം ദയാനിധി മാരന്‍ ഇന്നലെ വൈകിട്ട് ചെന്നൈയിലെത്തി. രാത്രി 8 മണിയോടെ എത്തിയ മാരനെ സ്വീകരിക്കാന്‍ നൂറുകണക്കിന് പാര്‍ട്ടി പ്രവര്‍ത്തകര്‍ വിമാനത്താവളത്തിലെത്തിയിരുന്നു. ഡി.എം.കെ പാര്‍ലിമെന്ററി പാര്‍ട്ടി നേതാവ് ടി.ആര്‍ ബാലുവും മാരനൊപ്പമുണ്ടായിരുന്നു. വിമാനത്താവളത്തില്‍ നിന്ന് തിരിച്ച ദയാനിധിമാരനും ടി.ആര്‍ ബാലുവും ഡി.എം.കെ അധ്യക്ഷന്‍ എം കരുണാനിധിയുമായി കൂടികാഴ്ച നടത്തി. അതേസമയം മാരനെ ചോദ്യം ചെയ്യാന്‍ സി.ബി.ഐ നീക്കം തുടങ്ങിയിട്ടുണ്ട്.