ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി കരുണാനിധിയുടെ പിന്‍ഗാമിയായി തനിക്ക് ആരെയും കാണാന്‍ കഴിയുന്നില്ലെന്ന മകനും കേന്ദ്രമന്ത്രിയുമായ അഴഗിരിയുടെ പ്രസ്താവന തമിഴ്‌നാട്ടില്‍ പുതിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് കാരണമാകുന്നു. കരുണാനിധിയുടെ പിന്‍ഗാമി ആരായിരിക്കും എന്നതിനെച്ചൊല്ലി മക്കളായ അഴഗിരിയും സ്റ്റാലിനും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് അഴഗിരിയുടെ പുതിയ പ്രസ്താവന പുറത്തുവന്നിരിക്കുന്നത്.

കരുണാനിധി ജീവിച്ചിരിക്കുമ്പോള്‍ പകരം ഒരു നേതാവിന്റെ ആവശ്യമില്ല, അദ്ദേഹം തന്നെയായിരിക്കും എക്കാലവും ഡി എം കെയുടെ നേതാവെന്നും ജൂനിയര്‍ വികടന്‍ മാസികക്ക് അനുവദിച്ച അഭിമുഖത്തില്‍ അഴഗിരി വ്യക്തമാക്കി. സ്റ്റാലിനെ ഉപമുഖ്യമന്ത്രിയായി ഉയര്‍ത്തിയ കരുണാനിധിയുടെ നീക്കത്തില്‍ അതൃപ്തനായിരുന്നു അഴഗിരി. താന്‍ മുഖ്യമന്ത്രിപദം ഒഴിയുമ്പോള്‍ സ്റ്റാലിന്‍ മുഖ്യമന്ത്രിയാകുമെന്ന സൂചനയും കരുണാനിധി നല്‍കിയിരുന്നു.

പാര്‍ട്ടിയില്‍ കരുണാനിധി കഴിഞ്ഞാല്‍ കൂടുതല്‍ സ്വാധീനമുള്ളത് സ്റ്റാലിനാണ്. എന്നാല്‍ മധുര കേന്ദ്രീകരിച്ച് തെക്കന്‍ തമിഴ്‌നാടിന്റെ ഭാഗങ്ങള്‍ അഴഗിരിക്ക് കീഴിലാണ്.
കരുണാനിധി വിരമിക്കേണ്ട ആവശ്യമില്ലെന്ന് മുന്‍പും അഴഗിരി അഭിപ്രായപ്പെട്ടിരുന്നു. 2011 ലെ തിരഞ്ഞെടുപ്പിലും അദ്ദേഹം തന്നെ പാര്‍ട്ടിയെ നയിക്കുമെന്നും വീണ്ടും മുഖ്യമന്ത്രിയാകുമെന്നും അഴഗിരി പറഞ്ഞിരുന്നു. കേന്ദ്രമന്ത്രി പദവും ദല്‍ഹി വാസവും മടുത്തതാണ് അഴഗിരിയെ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചു വരാന്‍ പ്രേരിപ്പിക്കുന്നതെന്നാണ് അറിയുന്നത്. അതുതന്നെയാവും സ്റ്റാലിന്റെ വെല്ലുവിളിയും. ഇതേസമയം തന്റെ വിരമിക്കല്‍ തീരുമാനത്തെക്കുറിച്ച് ഇപ്പോള്‍ ചര്‍ച്ച ചെയ്യേണ്ടെന്നും അഴഗിരി പറഞ്ഞതിനെക്കുറിച്ച് തനിക്കൊന്നും പറയാനില്ലെന്നും കരുണാനിധി പ്രതികരിച്ചു.