ന്യൂദല്‍ഹി: മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി രാജിവ് ഗാന്ധിയെ വധിക്കാന്‍ എല്‍.ടി.ടി.ഇയെ സഹായിച്ചത് ഡി.എം.കെയുടെ ആദര്‍ശങ്ങളും പ്രത്യയ ശാസ്ത്രങ്ങളുമാകാമെന്ന് വെളിപ്പെടുത്തല്‍. എല്‍.ടി.ടി.ഇയുടെ മുതിര്‍ന്ന നേതാവ് കുമാരന്‍ പത്മനാഥനാണ് ഇത്തരത്തില്‍ വെളിപ്പെടുത്തലുകള്‍ നടത്തിയത്.

മുമ്പ് എല്‍.ടി.ടി.ഇക്കായി അന്താരാഷ്ട്രതലത്തില്‍ ആയുധശേഖരണം നടത്തിയിരുന്ന ആളാണ് പത്മനാഥന്‍. ബ്രാഹ്മണര്‍ക്കെതിരായ ഡി.എം.കെയുടെ നിലപാടുകള്‍ വേലുപ്പിള്ള പ്രഭാകരനെ സ്വാധീനിച്ചിരുന്നു. ഇതായിരിക്കാം രാജീവിന്റെ വധത്തിലേക്ക് നയിച്ചതെന്നും പ്രഭാകരന്റെ വലംകൈയ്യായിരുന്ന പത്മനാഥന്‍ വെളിപ്പെടുത്തി.

എന്നാല്‍ രാജീവിനെ വധിച്ചത് വലിയ തെറ്റായിപ്പോയെന്ന് പിന്നീട് മനസിലായെന്നും ഇതില്‍ ഖേദമുണ്ടെന്നും ഒരുവാര്‍ത്താ ചാനലിനോട് സംസാരിക്കവേ പത്മനാഥന്‍ വ്യക്തമാക്കി. ശ്രീലങ്കയിലെ തമിഴരുടെ അവസ്ഥ മെച്ചപ്പെടുത്താന്‍ ഇന്ത്യയുടെ ഭാഗത്തുനിന്നും നടപടിയുണ്ടാകണമെന്നും പത്മനാഥന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ചില ഡി.എം.കെ നേതാക്കള്‍ എല്‍.ടി.ടി.ഇയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നുവെന്നും അവസരം ലഭിച്ചിരുന്നുവെങ്കില്‍ എ.ഐ.എ.ഡി.എം.കെ നേതാവ് ജയലളിതയെയും അവര്‍ ഇല്ലാതാക്കിയേനെ എന്നും പത്മനാഥന്‍ പറഞ്ഞു.