Administrator
Administrator
പ്രശ്‌നം സീറ്റുവിഭജനമോ സ്‌പെക്ട്രമോ?
Administrator
Monday 7th March 2011 9:15pm

ഡി.എം.കെയും കോണ്‍ഗ്രസും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീണിരിക്കുന്നു. സീറ്റുവിഭജനതര്‍ക്കം പരിഹരിച്ചതായി പറയുന്നുണ്ടെങ്കിലും കാര്യങ്ങളുടെ പോക്ക് അത്ര സുഖകരമല്ല എന്നത് വ്യക്തമാണ്. ഏത്ര പരിഹരിച്ചാലും ഏച്ചുകെട്ടിയാല്‍ മുഴച്ചുനില്‍ക്കുന്ന ബന്ധമായിരിക്കും ഇരുവരും തമ്മില്‍.

എന്തെല്ലാം കാരണങ്ങളായിരിക്കും ഇരുവരും തമ്മിലുള്ള ഏഴുവര്‍ഷ സംബന്ധം തകരാനിടയാക്കിയത്? വെറും സീറ്റുവിഭജനപ്രശ്‌നം മാത്രമായി കണക്കാക്കിയാല്‍ മതിയോ ഇതിനെ?

കരുണാനിധിയുടെ കൂര്‍മ്മബുദ്ധി
കഴിഞ്ഞതവണത്തേക്കാള്‍ വെറും മൂന്ന് സീറ്റ് മാത്രമാണ് കോണ്‍ഗ്രസ് അധികം ചോദിച്ചത്. മൂന്ന് സീറ്റ് കോണ്‍ഗ്രസിന് നല്‍കുന്നത് ഡി.എം.കെയെ സംബന്ധിച്ചിടത്തോളം അത്ര പ്രയാസമുണ്ടാക്കുന്ന കാര്യവുമല്ല. എന്നാല്‍ മുഖ്യമന്ത്രിയും ഡി.എം.കെ മേധാവിയുമായ മുത്തുവേല്‍ കരുണാനിധി ആളൊരു വിളഞ്ഞവിത്താണ്. പലതും മുന്നില്‍കണ്ടാണ് കരുണാനിധി കളിക്കുന്നത്.

സീറ്റുവിഭജനത്തിലെ പ്രശ്‌നമൊന്നും ഒരു പ്രശ്‌നമേയല്ലെന്നും സ്‌പെക്ട്രം വിഷയവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് കരുണാനിധിയെ ചൊടിപ്പിച്ചതെന്നുമാണ് അണിയറ വര്‍ത്തമാനങ്ങള്‍.

രണ്ടുകാര്യങ്ങള്‍ കരുണാനിധി കോണ്‍ഗ്രസ് അധ്യക്ഷയ്ക്ക് മുമ്പാകെ സമര്‍പ്പിച്ചി രുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഒന്ന് തിഹാര്‍ ജയിലിലടക്കപ്പെട്ട ആണ്ടിമുത്തു രാജയെ പുറത്തെത്തിക്കണം. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഡി.എം.കെയുടെ പ്രചാരകനായി രാജ എത്തുകയും വേണം. സ്‌പെക്ട്രം വിഷയത്തില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന സി.ബി.ഐ അന്വേഷണത്തിന്റെ തീവ്രത ഒന്നു കുറയ്ക്കണം. അതായത് തിരഞ്ഞെടുപ്പ് അടുത്ത വേളയില്‍ ഡി.എം.കെ നേതാവും രാജ്യസഭാ എം.പിയുമായ കനിമൊഴിയെ ചോദ്യം ചെയ്യുന്നതില്‍ നിന്നും സി.ബി.ഐയെ തടയണമെന്നതാണ് മറ്റൊരാവശ്യം.

ഈ രണ്ട് ആവശ്യങ്ങളും ഹൈക്കമാന്റിന്റെ മുമ്പാകെ കരുണാനിധി സമര്‍പ്പിച്ചിരുന്നു . ഹൈക്കമാന്റ്, അതായത് സോണിയാ ഗാന്ധിയും മന്‍മോഹന്‍ സിംഗും ഉള്‍പ്പെട്ട നേതൃത്വം വിഷയത്തില്‍ ഒരു തീരുമാനമെടുക്കണമെന്നും അത് ഉടനേ വേണമെന്നും കരുണാനിധി ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ വിഷയത്തില്‍ ആഭ്യന്തരമന്ത്രി പി.ചിദംബരം ഇടപെട്ടതോടെയാണ് പുതിയ വഴിത്തിരിവ് ഉണ്ടായത് . അനുകൂലമായ നിലപാടായിരുന്നില്ല ചിദംബരം സ്വീകരിച്ചത്. ഇനി കോണ്‍ഗ്രസ് സി.ബി.ഐ അന്വേഷണത്തിന്റെ വേഗത കുറച്ചാല്‍ തന്നെ സുപ്രീംകോടതി ഇടപെടുമെന്ന് ചിദംബരം പ്രധാനമന്ത്രിയോട് വ്യക്തമാക്കിയിരുന്നു. സുപ്രീംകോടതിയുടെ മേല്‍നോട്ടത്തിലാണ് അന്വേഷണം നടക്കുന്നത് എന്നതിനാല്‍ തന്നെ യാതൊരു തരത്തിലുള്ള ഇടപെടലും സാധ്യമല്ലെന്ന് ചിദംബരം പ്രധാനമന്ത്രിയെ അറിയിക്കുകയായിരുന്നു.

അഴിമതി, കള്ളപ്പണം, വിലക്കയറ്റം എന്നീ പ്രശ്‌നങ്ങള്‍ ഇപ്പോള്‍തന്നെ കോണ്‍ഗ്രസ് പാര്‍ട്ടിക്കുമേല്‍ ചോദ്യചിഹ്നമായി നില്‍ക്കുന്നുണ്ട്. ഈയവസരത്തില്‍ സി.ബി.ഐ അന്വേഷണത്തില്‍ എന്തെങ്കിലും തരത്തിലുള്ള ഇടപെടല്‍ നടത്തിയാല്‍ അത് ഗുരുതരമായ ഭവിഷ്യത്തുകള്‍ക്ക് ഇടയാക്കുമെന്ന് ചിദംബരം വിലയിരുത്തിയതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

രണ്ടാം തലമുറ സ്‌പെക്ട്രം അഴിമതിക്കേസുമായി ബന്ധപ്പെട്ട് രാജ തിഹാര്‍ ജയിലില്‍ കഴിയുകയാണ്. രാജയെ ഇപ്പോഴും അന്വേഷണ ഏജന്‍സി ചോദ്യം ചെയ്യുകയാണ് എന്നാണ് റിപ്പോര്‍ട്ട്. ഈയവസരത്തില്‍ ഹൈക്കമാന്റിന്റെ ഭാഗത്തുനിന്നുള്ള ഇടപെടല്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നും കോണ്‍ഗ്രസ് ഭയക്കുന്നു.

ഇതാണ് കോണ്‍ഗ്രസുമായുള്ള കരാര്‍ അവസാനിപ്പിക്കാന്‍ ഡി.എം.കെയെ പ്രേരിപ്പിച്ച ഒരു കാരണം. മറ്റൊന്ന് മകള്‍ കനിമൊഴിയേ സി.ബി.ഐ ഉടനേ ചോദ്യംചെയ്യുമെന്ന കാര്യമാണ്. കനിമൊഴിയെ എപ്പോള്‍ വേണമെങ്കിലും ചോദ്യംചെയ്യാമെന്ന നിലപാടിലാണ് സി.ബി.ഐ. എന്നാല്‍ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് കനിമൊഴിയെ ചോദ്യംചെയ്യുന്നത് ഡി.എം.കെയുടെ സാധ്യതകളെ കാര്യമായി ബാധിക്കും. കൂടാതെ എതിരാളികള്‍ക്ക് പ്രചാരണത്തിന് മറ്റൊരു വിഷയവും കൂടി ലഭിക്കും.

എന്നാല്‍ ഇവിടെയും ഡി.എം.കെയ്ക്ക് അനുകൂലമായ മറുപടിയല്ല കോണ്‍ഗ്രസില്‍ നിന്നും ലഭിച്ചത്. രാജയുടെ കാര്യത്തിലെന്നപോലെ കനിമൊഴിയുടെ കാര്യത്തിലും ഇടപെടാന്‍ കഴിയില്ലെന്ന നിലപാടിലായിരുന്നു കോണ്‍ഗ്രസ്.

കൂടാതെ സ്‌പെകട്രം ഇടപാടിലെ ഗുണഭോക്താക്കളുടെ പേരുകള്‍ വെളിപ്പെടുത്താനും ഇവര്‍ക്കെതിരേ നടപടിയെടുക്കാനും സുപ്രീംകോടതി സി.ബി.ഐക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ പ്രശ്‌നത്തില്‍ ഇടപെട്ടാല്‍ കൈപൊള്ളുമെന്നു മനസിലാക്കിയ കേന്ദ്രം എല്ലാത്തില്‍ നിന്നും മാറിനില്‍ക്കുകയായിരുന്നു. ഇതോടെ കരുണാനിധിയുടേയും ഡി.എം.കെയുടേയും സകല പ്രതീക്ഷകളും തകര്‍ന്നു.

ചിദംബരം വില്ലനോ ഹീറോയോ?

നല്ല ഒന്നാന്തരം കോണ്‍ഗ്രസ് നേതാവാണ് തമിഴ്‌നാട്ടില്‍ നിന്നുള്ള പി.ചിദംബരം. അദ്ദേഹത്തിന്റെ കഴിവും നേതൃപാടവവും കണ്ടാണ് കോണ്‍ഗ്രസ് ആഭ്യന്തരമന്ത്രി പദംതന്നെ ചിദംബരത്തിന് വച്ചുനീട്ടിയത്. എന്നാല്‍ തമിഴ്‌നാട്ടില്‍ തനിക്ക് വേണ്ടത്ര പ്രാധാന്യം ലഭിക്കുന്നില്ലെന്ന തോന്നല്‍ ചിദംബരത്തിനുണ്ടായിരുന്നു.

മുഖ്യമന്ത്രി കരുണാനിധി മുതല്‍ തന്നെക്കാളും പ്രാഗല്‍ഭ്യവും പരിചയവും കുറഞ്ഞ നരുന്ത് നേതാക്കള്‍ വരെ നേതാവ് ചമയുന്നത് കാലങ്ങളായി കാണുന്ന ആളാണ് ചിദംബരം. ഇതിന് ഒരവസാനം വരുത്തണമെന്ന് ചിദംബരം കുറേക്കാലമായി ആഗ്രഹിക്കുകയായിരുന്നു. ഡി.എം.കെയ്ക്കും കോണ്‍ഗ്രസിനും ഇടയില്‍ മധ്യസ്ഥം വഹിച്ച ചിദംബരത്തിന്റെ ഉദ്ദേശം എന്തായിരുന്നു? പ്രശ്‌നം ഒതുക്കിത്തീര്‍ക്കുകയോ അതോ ഊതിപ്പെരുപ്പിക്കുകയോ?

ഡി.എം.കെ – കോണ്‍ഗ്രസ് പ്രശ്‌നത്തില്‍ ഹീറോയെക്കാളുപരി വില്ലന്റെ റോളാണ് ചിദംബരം നിര്‍വ്വഹിച്ചതെന്നാണ് പലരും വിശ്വസിക്കുന്നത്. തമിഴ്‌നാട്ടിലെ നിലവിലെ സാഹചര്യവും കേന്ദ്രസര്‍ക്കാറിലെ തന്റെ പിടിപാടും ചിദംബരം നന്നായി മുതലാക്കി എന്നാണ് റിപ്പോര്‍ട്ട്.

എന്നാല്‍ 63 സീറ്റുകള്‍ വേണമെന്ന നിലപാടില്‍ നിന്നും കോണ്‍ഗ്രസില്‍ പിന്നോക്കം പോയതോടെ വീണ്ടും ചോദ്യങ്ങള്‍ ഉയരുന്നു. ഡി.എം.കെ നേരത്തേ ഉന്നയിച്ച ആവശ്യങ്ങളിലേതെങ്കിലും അംഗീകരിച്ചോ അതോ പുതിയ രാഷ്ട്രീയകരുനീക്കം കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്നുമുണ്ടായോ എന്നതാണ് ഇനി വ്യക്തമാകാനുള്ളത്.

Advertisement